ചില ശബ്ദങ്ങൾ


എത്ര വേഗമാണ്
ചില ശബ്ദങ്ങൾ
തുലാമഴ പോലെ
തകർത്തു പെയ്തുപോകുന്നത്!
പതുക്കെ പെയ്യുവാൻ പറഞ്ഞിട്ടും
ഇടിയും മിന്നലുമായ്
വീണു ചിതറുന്നത്!
പെയ്തു തീർന്നിട്ടും
ചിലതുള്ളികൾ
ഉളളിലെ വിടെയോ
വാക്കുകളായ്
കെട്ടിക്കിടക്കും
തടാകത്തോളം വലിയ
ജലാശയമായ് അവ
പുതിയ ആശയങ്ങളാകുമോ ?
ആശയുടെ പരൽ മീനിളക്കമാകുമോ ?
കലഹങ്ങളിൽ
കലമ്പലിൽ
പൊതുവേദികളിൽ
തെരുവിൽ
ക്ലാസ്സിൽ
എല്ലാം ഘനീഭവിച്ച
ശബ്ദ മേഘങ്ങൾ
മേയുന്നു
കാലം സമയത്തിനു്
എന്നും ഒരേ നീളം കൊടുത്ത പോലെ
ഒരു സമയത്തിൽ
ഒരേ താളത്തിൽ
പെയ്യുമോ അത് ?
എന്തിനാണ് ഇത്ര ധൃതി?
ചിങ്ങമഴ പോലെ
ചിനുങ്ങി വീണെങ്കിൽ
വിടർന്ന പൂക്കൾ വാടാതെ
ശബ്ദമേ നിന്നെ
ഒരു ശലഭമായ്
സ്വീകരിച്ചേനെ !
എന്തിനാണ്
പൂവിടരുന്ന ശബ്ദത്തിൽ അപേക്ഷിച്ചിട്ടും പിന്നെയും
ഇടിയും മിന്നലുമായ്
ഇങ്ങനെ പെയ്യുന്നത് ?

........................................മുനീർ  അഗ്രഗാമി 

No comments:

Post a Comment