പനിക്കിടക്കയിൽ

പനിക്കിടക്കയിൽ
............................
പനിക്കിടക്കയിൽ നീ
തിളച്ചു തൂവുമൊരു കടൽ
നിന്നെ നോക്കിയടുത്തിരുന്ന ഞാൻ
നിറഞ്ഞു കവിയുമൊരു നദി

നിന്നെക്കാണുവാൻ
ഏഴു കടലും കടന്നു
ഞാനെത്തിയ പ്പോൾ
നീയെനിക്കു മുന്നിൽ
കാറ്റും കോളുമേറിയ
എട്ടാം കടൽ

നിൻ്റെ നെറ്റിയിൽ
ഞാൻ നനച്ചിട്ട
സ്നേഹത്തൂവാല തൻ തണുപ്പിൽ
ഏതോ ഓർമ്മകൾ പുതച്ചു നീ മയങ്ങി
പനിപ്പേച്ചിലന്നേരം
ഞാൻ മറന്നു പോയ ചില പേരുകൾ
ചില കളികളുടെ
കിളികളുടെ
കളിക്കൂട്ടുകാരുടെ .

പനിക്കാച്ചിലന്നേരം കുറഞ്ഞുവോ
ചുക്കുകാപ്പിയുമായ്
അമ്മൂമ വന്നുവോ
അമ്മയുടെ വിരലുകൾ
രാസ്നാദിപ്പൊടി തിരഞ്ഞുവോ
നീയൊന്നു തുളുമ്പിയോ
ഞാനതിനാലൊന്നു
നനഞ്ഞുവോ !
നീ വിയർത്തിരുന്നു
പണ്ട് കാറ്റിനൊപ്പം
കണ്ണിമാങ്ങയുമായ്
ഉമ്മറത്തേക്കോടിക്കയറിയ
കുസൃതികൾ വിയർത്ത മാതിരി
കിടക്ക നനഞ്ഞിരിക്കുന്നു
എട്ടാം കടലായ്
നീ തിരയടിക്കുന്നു

മഴ നനഞ്ഞ കോമാവ്
എതോ കൊടുങ്കാറ്റിലെന്നപോൽ
ഞാനുമൊന്നാടിയുലഞ്ഞു
നിനക്കീ പനി വന്നതെങ്ങനെ ?
രണ്ടു ദിക്കിലേക്ക്
കടലു കടന്നു പോരുമ്പോൾ
കാലവർഷവും തുലാവ ർ ഷവും
നാം കൊണ്ടു വന്നിരുന്നില്ലല്ലോ.
കുളവും തോടും
ചിങ്ങത്തൂ മഴയും
നമുക്കൊപ്പവും വന്നിരുന്നില്ലല്ലോ
പിന്നെങ്ങനെ പനി വരും?

നമുക്കു പനിച്ച
കാരണങ്ങളൊക്കെയും
ഓർമ്മകളായ്
നമ്മിലെന്നോ മുങ്ങി മരിച്ചുപോയ്
ചിമ്മാനിയെന്നോ
തൂളി മാനമെന്നോ
നാം വിളിച്ച കുഞ്ഞു തുള്ളികളും
പിണങ്ങിപ്പോയ്

എങ്കിലും
പനി വരാതിരിക്കുന്നതെങ്ങനെ !
നിനക്കുെമനിക്കും വിളിക്കുവാൻ
സമയമില്ലാതിരിക്കുമ്പോൾ
തമ്മിൽ കാണുവാനൊരു പൊള്ളൽ!
നെറ്റിത്തടത്തിൽ;
ഉമ്മകൾ വറ്റിപ്പോയ കടലു നിറയുവാൻ
പൊടിയരിക്കഞ്ഞിയായ്
നിൻ്റെ ചുഴിയടക്കുവാൻ
എത്തി ഞാൻ
എൻ്റെ കൊക്കിലില്ലൊരു കതിരു പോലുമില്ലെങ്കിലും .
പനിക്കിടക്കയിൽ
നീ തിരയടിച്ചു തളരുമ്പോൾ.

 ....................................................................................മുനീർ  അഗ്രഗാമി
(പ്രണയത്തോട് മുഖം തിരിക്കുമ്പോൾ
പെങ്ങളെ (ആങ്ങളയെയും )ഓർത്തു വായിക്കേണ്ട കവിത )

No comments:

Post a Comment