ജലനരകം


ജലനരകം
......................
ജലനരകത്തിൽ വീണ
നഗരം
ആഴത്തിലേക്ക്
ഒലിച്ചിറങ്ങുന്ന തുള്ളികളുടേതല്ല
ഉയരത്തിലേക്ക്
ആളുന്ന ജല ജ്വാലകളുടേതാണ്
ഒരുറുമ്പിനു പോലും
ഇല ചങ്ങാടമാക്കാൻ
സാധിക്കാത്ത
നിമിഷങ്ങളുടേതാണ്
ആലിലയിൽ വിരലുണ്ടു കിടക്കുന്ന
കുഞ്ഞ്
സ്വപ്നമായവരു ടെ
നിലവിളിയുടേതാണ്
പെട്ടകത്തിൻ്റെ കഥ
ഓർത്തിട്ടും
മുങ്ങിപ്പോയവരുടെ
സങ്കടങ്ങളുടേതാണ്
ഒലിച്ചുപോകുന്ന വേദപുസ്തകങ്ങൾ
പിടിച്ചു വെക്കാൻ കഴിയാതെ
കഴുത്തറ്റം മുങ്ങിയ
നിസ്സഹായത കളുടേതാണ്
ഉള്ളിലാളുന്ന തീയിൽ
ഓരോരുത്തരും
ഉയരുന്ന ജലത്തിൽ
കരിഞ്ഞു പോകുന്നത്
പേടിക്കുന്നു
സാന്ത്വനിപ്പിക്കാൻ
എത്ര വാക്കുകളുരുവിട്ടിട്ടും
പുകയിലതു ലയിച്ചു
വെറുംപുകയായ്
വെറുതെയാകുന്നു
ജലം അങ്ങനെയാണ്
ജലരഹസ്യങ്ങൾ
ചിലപ്പോൾ
ക്രൂരമായി വെളിപ്പെടുത്തും
അപ്പോഴും
ദാഹത്തിന്
ജലം വേണം
ജലത്തിൻ്റെ ദാഹത്തിന്
ആരും മതിയാവില്ല;
അഗ്നി പോലും
ജലനരകത്തിൽ
തിളയ്ക്കുന്ന തുള്ളികളിൽ ചെന്നിരിക്കാൻ
വാക്കുകളില്ല
അങ്ങോട്ട്
നിലവിളികളുടെ
മരവിച്ച ചിറകുളുടെ
ഒഴുക്കു മാത്രം
................................................................മുനീർ  അഗ്രഗാമി 

No comments:

Post a Comment