ആത്മകഥ

ആത്മകഥ
.....................
സ്വന്തം ആത്മകഥ
വളരെ നേരത്തെ വായിക്കുന്ന
ചിലരുണ്ട്
മുതലപ്പുറത്ത്
ജീവിതം കടക്കുമ്പോഴാണത്
മനസ്സിലാവുക;
അത്തിമരത്തിൽ
നിറഞ്ഞ സ്നേഹത്തോടെ വെച്ച
ഹൃദയത്തിൻ്റെ
ഓർമ്മയുടെ ഇളം വെയിലിൽ .
II
പണ്ടു വായിച്ച ആത്മകഥയിലെ
മുതല
ഭർത്താവോ ഭാര്യയോ അയി
എത്ര പെട്ടെന്നാണ് മാറിയത് !
ഹൃദയം സൂക്ഷിക്കാനേൽപിച്ച അത്തിമരം
കാമുകനോ കാമുകിയോ ആയി
എത്ര വേഗമാണ് വളർന്നത് !
ജീവിത നദി കടക്കുന്ന കുരങ്ങൻ
ഒറ്റ വായനയിൽ തന്നെ
മനുഷ്യനുമായി .
III
മാംസഭോജിയായ മുതലയ്ക്ക്
മാംസ നിബദ്ധമല്ലാത്ത
അത്തിമരത്തിൻ്റെ കഥ
കേൾക്കുമ്പോൾ
കുത്തൊഴുക്കിലെ
ഏകാഗ്രത വീണുപോകുമോ?
പുറത്തുള്ളയാളുടെ
സന്ദേഹത്തിൽ
ഭർത്താവും ഭാര്യയും
എന്നും ഉഭയജീവികൾ
മുമ്പേ വായിച്ച ആത്മകഥ
ജീവിച്ച്
കവിതയാകുന്ന യാത്രയിൽ
മനുഷ്യൻ മൃഗമായും
മൃഗം മനുഷ്യനായും
ചില രൂപക നൃത്തങ്ങളുണ്ട്
സംസാര രസാനുഭൂതി
നിറഞ്ഞാടുമാ വേദിയിൽ മാത്രമേ
നാമുണർന്നിരിക്കുന്നുള്ളൂ.
ഇനി
ആത്മകഥയെഴുതാനാവില്ല
കഥയെല്ലാം
ആത്മകവിതയാകുമ്പോൾ

                                        മുനീർ അഗ്രഗാമി 

No comments:

Post a Comment