മേഘസന്ദേശം കൊടുത്തയക്കുമ്പോൾ.


മേഘസന്ദേശം
...........................
ഏതു സങ്കടത്താലിങ്ങനെ
കരഞ്ഞു കലങ്ങി
കണ്ണീരായെന്നറിയില്ല
പ്രണയസന്ദേശം
കൊണ്ടുപോകും വഴി
മഴ മേഘങ്ങൾ
ഒരു കവിത പോലും രസിക്കുവാനാകാതെ
മുങ്ങിയതെങ്ങനെയെന്നറിയില്ല
കാളിയും കാളിദാസനും
കാലദാസരും കഴുത്തറ്റം വെള്ളത്തിൽ
മേഘരൂപനലഞ്ഞതിൻ
പാടുകളൊലിച്ചു പോയതെങ്ങനെ യെന്നറിയില്ല
ഗ്രാമമനസ്വിനിയാം നിത്യകന്യക
ദാഹിച്ചുവലഞ്ഞ പ്രളയത്തിൽ
കാളവണ്ടിയും
കാറും പോയ വഴിയിൽ
തോണി തുഴഞ്ഞു വന്ന
ഉത്തരാധുനികത തൻ
വികലവികസനത്തിൽ
മുങ്ങിപ്പോയ പൊരുളുകളുമറിയില്ല
ഹെലിക്കോപ്റ്ററിൽ
ജലകേളികൾ
കണ്ടു പോയവരുടെ
മനസ്സിൽ
രസധ്വനിയെങ്ങനെ
നിറഞ്ഞുവെന്നുമറിയില്ല
വിദൂരഗിരിയിലെ
പ്രളയ വിരഹിയാം അജ്ഞന്.
യക്ഷനാവാൻ കഴിയാതെ
പോയവന് ;
അജ്ഞനായൊരാൾക്ക്;
പ്രളയത്തിന്
അജ്ഞാതനായ ഒരാൾക്ക് .
സങ്കടത്തിൽ കിടന്ന്
ഉജ്ജയിനിയും
രാമഗിരിയും
ചെന്നൈയും
തൻ്റെ നാടെന്നും
യക്ഷൻ താനെന്നും
വിചാരിച്ചവന്;
അടുത്ത മേഘത്തിൽ
രക്ഷപ്പെടാനുള്ളവർക്കുള്ള
സ്നേഹവും ധൈര്യവും കൊടുത്തയക്കുമ്പോൾ.
.........................................................................................................മുനീർ  അഗ്രഗാമി 

No comments:

Post a Comment