കണ്ണിൽ

കണ്ണിൽ
.......................
നീ
നിലാവിൻ്റെ
നീലത്തടാകത്തിൽ
ഏതോ ഓർമ്മയാൽ
വിടർന്നു പോയ
കാൽപ്പനികമായ
ആമ്പൽ
അതിനടുത്ത്
എൻ്റെ മുഖമുള്ള
കടലാസുതോണി;
കടലാസ്സിൽ
നീയെൻ്റെ ഹൃദയത്തിലെഴുതിയതത്രയും .
നിന്നെ തൊട്ടു പോകാൻ
കുട്ടിക്കാലത്തിൽ നിന്നും വന്ന അരയന്നച്ചിറകുള്ള കാറ്റ്
അതിൻ ചിറകടി പോലൊരു
വള കിലുക്കം
അമ്മയുടെ വിരലുകളായ്
തഴുകുന്ന തണുപ്പ്
അച്ഛൻ്റെ നിശ്വാസവുമായ്
പറന്നു പോകുന്ന രാപ്പാടി
ഒറ്റയ് നിലാവിലിരിക്കുന്നവളേ
രാത്രി നിന്നെ ചേർത്തു പിടിച്ച്
എനിക്കു പാടുവാൻ
കഴിയാതെ പോയ സംഗീതം
നിൻ്റെ ആത്മാവിൽ
ഒട്ടിച്ചു ചേർക്കുന്നു
ഇപ്പോൾ
സത്യമായിട്ടുമിതാ
എൻ്റെ കണ്ണിൽ നിന്നും
നിൻ്റെ കണ്ണീർ!
ഒറ്റയായിട്ടും
ഒറ്റപ്പെടുത്താതെ .

                       മുനീർ അഗ്രഗാമി 

No comments:

Post a Comment