നാലുപേർ


നാലുപേർ
......................
ഞങ്ങൾ നാലു പേരായിരുന്നു
പേരിൽ ജാതിയുള്ളവർ
പേരിൽ മതമുള്ളവർ
പേരുകൾ പല ഭാഷയിലായവർ
നേരിൽ മനുഷ്യരാവാൻ
നടന്നവർ
കാലപ്പ കർച്ചയിൽ
ഒന്നാമന്
ജാതി കൊണ്ട് ജോലി കിട്ടി
അതേ ജാതിയിലെ പെണ്ണുകിട്ടി
രണ്ടാമന് മതം കൊണ്ട്
പണി കിട്ടി
അവൻ കരുതൽ തടങ്കലിലായി
മൂന്നാമൻ
പേരിലെ ഭാഷ കൊണ്ട്
ഉന്നതനായി അറിയപ്പെട്ടു
ശ്ലോകങ്ങളറിയുന്നതു കൊണ്ട്
ഗുരുവായി വാഴ്ത്തപ്പെട്ടു
നാലാമൻ
ജാതിയും മതവും പറഞ്ഞു
വന്നവരെ ചീത്ത വിളിച്ച്
ഒറ്റയ്ക്ക്
നടന്നു
അവന് ജോലി കിട്ടിയില്ല
അവന് പെണ്ണു കിട്ടിയില്ല
അവനെ ആരും തടഞ്ഞുവെച്ചില്ല
പേരിലെന്തിരിക്കുന്നു
എന്നു ചോദിച്ചിട്ടും
അവൻ ഗുരുവായില്ല
മൂന്നു പേരും നടത്തം നിർത്തിയിട്ടും
അവനിപ്പോഴും നടക്കുന്നു
അവൻ
മണ്ടനാകുമോ?
മനുഷ്യനാകുമോ ?
.......................................................................മുനീർ  അഗ്രഗാമി 

....................................................

No comments:

Post a Comment