പക്ഷികളുടെ രാഷ്ട്രം

പക്ഷികളുടെ രാഷ്ട്രം
...... ...... ....... ...........
പറന്നു കളിക്കുന്ന വേട്ടപ്പക്ഷി,
നാവറുത്ത കുയിലുകൾ,
പാടാൻ തുനിയവേ
ചിറകു കരിഞ്ഞ വാനമ്പാടികൾ
കാലൊടിച്ച മയിലുകൾ
കതിരുകാണാതെ
കരഞ്ഞുപറക്കുന്ന തത്തമ്മ
വെടിയേറ്റു മരിച്ച
തുന്നൽക്കാരൻ പക്ഷി
കൊക്കുരുമ്മുമ്പോൾ
അമ്പേറ്റു വീണ മൈനകൾ
കറുത്തതിനാൽ
ആട്ടിയകറ്റപ്പെട്ട കാക്ക
ഗരുഡൻ്റെ ചരിത്രം പഠിച്ച് അഭിമാനിക്കുന്ന
തേൻ കുരുവികൾ
പ്രാപ്പിടിയൻ്റെ സൂത്രം പഠിച്ച്
ജീവിക്കാൻ ശ്രമിക്കുന്ന പ്രാവുകൾ
വൻ മരങ്ങൾ വീണപ്പോൾ
കൂടു നഷ്ടപ്പെട്ട
ന്യൂനപക്ഷമായ വേഴാമ്പൽ
" പക്ഷികളുടെ ഈ രാജ്യം
എത്ര സുന്ദരമാണ്."
ആണ്ടറുതിയിൽ
ആമസോണിൽ നിന്നും
നാടുകാണാൻ വന്ന
ഒരോന്ത് ലോകത്തോട്
വിളിച്ചു പറഞ്ഞു .
പരുന്തുകൾ അടുത്തേക്ക്
പറന്നിറങ്ങവേ
നിറം മാറി
ഓന്ത് ഒളിച്ചിരുന്നു

..........................................മുനീർ അഗ്രഗാമി

No comments:

Post a Comment