ദയാഭായി യോട്


ദയാഭായി യോട് 


പ്രിയ ദയാഭായീ
ദയയുടെ ആൾരൂപമേ
കേരളത്തിൻ്റെ
ബസ് രൂപമാണ്
കെ എസ് ആർ ടി സി.
കൂടുതൽ പണമുണ്ടെങ്കിലേ
അതിൽ കയറാൻ പറ്റൂ
കാക്കിയിൽ നിന്ന് നീലയിലേക്ക് കൂടുമാറിയ
വാക്കേറ്റം സഹിച്ചാലേ അവിടെ
ജീവിക്കാൻ പറ്റൂ
ചില്ലറ കൊണ്ട്
കണ്ടക്ടറെ
പ്രീണിപ്പിച്ചാൽ നിലനിൽക്കാം
ബാക്കി തരുന്ന പണി മറന്ന അയാൾ
നീലയിൽ കുളിച്ച
ഭരണാധികാരികളെ പോലെ
ഇപ്പോൾ അധികപ്പറ്റാണ്
ജനസേവനം എന്നാൽ
പണം പഴിയലും
പാതിവഴിയിൽ ഉപേക്ഷിക്കലുമാണെന്ന്
യാത്രക്കാരിയായ്
വിരുന്നു വന്ന അമ്മയ്ക്ക്
എത്ര വേഗം മനസ്സിലായി!
ഞങ്ങൾക്കതു മനസ്സിലാവാൻ
എത്ര തിരഞ്ഞെടുപ്പുകൾ വേണ്ടിവന്നു!!
അമ്മമാരെ ഇറക്കിവിട്ട
വീടുകളിൽ നിന്നു വരുന്നവർക്ക്
മുതിർന്നവരൊക്കെയും
ഉപേക്ഷിക്കേണ്ടവരാകുന്നു
കെ.എസ് ആർ ടി സി
കേരളമാണ്
വികസിച്ച ഹൈവേയിലൂടെ
കുതിച്ചു പായുന്ന
വോൾവോയാണ്
പാവങ്ങളായ നമുക്ക്
ടി.ടി പോലും പറ്റില്ല
പക്ഷേ
നമ്മുടെ കേരളമല്ലേ
കടക്കെണിയിലല്ലേ
രക്ഷിക്കേണ്ടത്
പാരൻ്റെ ധർമ്മമല്ലേ ?
ദയാഭായി,
നന്മയുടെ ലാളിത്യമേ
സായിപ്പിൻ്റെ വേഷക്കാർക്കു മാത്രമേ
ഇവിടെ ബഹുമാനമുള്ളൂ
കെ.എസ് ആർ ടി സി
കേരളമാണ്
അവിടെ നിന്ന് അമ്മയെ
ഇറക്കിവിട്ടവരുടെ
പിൻമുറക്കാർ
ഇംഗ്ലീഷിൽ
പി.എസ്സി പരീക്ഷ
എഴുതിക്കൊണ്ടിരിക്കുകയാണ് .
,,,,,,,,,,,,,,,,,,,,,,, മുനീർ അഗ്രഗാമി

No comments:

Post a Comment