മഴയിൽ ഒരു കൃഷ്ണ ഭക്ത


ഭഗ്നഹൃദയായായ് ഞാൻ
നടന്നു തളരവേ
വിളിച്ചൂവർഷ കാല-
ഭക്തിതൻ തിരു നട
കൃഷ്ണമേഘങ്ങൾ പെയ്യും
പകലിരവുകളിൽ
ഉഷ്ണ ദു:ഖമൊലിച്ചു
പോകുന്നു മാധവാ
ഓരോ പെയ്ത്തും പ്രണയ
സരോവരം നിറയ്ക്കും
തുള്ളികൾ തരുമ്പോളെ
ന്നുള്ളു പൂക്കുന്നു സഖേ
കണ്ണിലും കാതിലും നിൻ
മുരളീരവമായി
ക്കാലവർഷക്കാറ്റെന്നിൽ
ജീവവായു വൂതുന്നു
മഴനൂലുകൾ മിന്നും
ഇറയത്തെൻ വിരൽ
ഇഴയുന്നു ,നിൻ നെഞ്ചിൽ
പ്രണമെഴുതുമ്പോലെ
കണ്ണിലെഴുതാൻ നല്ല
പുൽക്കൊടിത്തുമ്പിൽ മുറ്റി
നിൽക്കുന്ന രാഗ ത്തുള്ളി
തുളുമ്പുന്നെന്നുള്ളിലും
ജീവന്നിതളിൽ വെള്ള
ത്തുള്ളികളായ് തുള്ളുന്നു
മനസ്സിൽ നീ യെഴുതു_
മാപ്രണയാക്ഷരങ്ങൾ
ഏതു ധ്യാനത്തിലും ഞാൻ
ഒറ്റയാണെങ്കിലും നീ
എന്നിൽ നിറഞ്ഞൊഴുകെ
മീരയാവുന്നുവോ ഞാൻ
വറ്റിയ തെല്ലാം മെല്ലെ
പച്ചയാവുന്ന കാലം
കണ്ണിൽ തിളങ്ങുന്നു നീ
ഞാൻ നിൻ്റെ രാധ തന്നെ
ഒറ്റയാവുമ്പോൾ തമ്മിൽ
ഒറ്റുവാൻ പോലുമാളില്ല
യെങ്കിലും നീയുണ്ടെങ്കിൽ
രാധയും മീരയും ഞാൻ

No comments:

Post a Comment