അതുകൊണ്ട് നിലവിളക്ക് നിലവിട്ടകളിയല്ല


വെളിച്ചം ഗുരുവാണ്.
എങ്ങനെ?
ഓരോന്നും തൊട്ടു കാണിച്ച് 
നിറങ്ങളിൽ ചാലിച്ച്
പഠിപ്പിക്കുന്നു
അറിയാത്ത ആഴങ്ങളിൽ
കൂടെ വന്ന്
എല്ലാം വ്യക്തമാക്കിത്തരുന്നു
ഗൗരവത്തോടെ ഇരുളിൽ വന്നിരിക്കുന്നു
നിലവിളക്ക്
ഗുരുവിന് വരാനുള്ള ഒരു വഴി
മെഴുകുതിരി മറ്റൊന്ന്
റാന്തൽ ഇനിയൊന്ന്
ഇനിയുമുണ്ടനേകം വഴികൾ
ഗുരുവങ്ങനെയാണ്
പല വഴികളിലൂടെ
അറിവുമായ് വരും
പെരുവഴിയിൽ നാം
തടസ്സങ്ങളിൽ
ചെന്നു മുട്ടുമ്പോൾ
നേർവഴി കാണിക്കും
വെളിച്ചം ഗുരുവാണ്
വീടുകത്തുമ്പോൾ
കാട്ടുതീ പടരുമ്പോൾ
അശ്രദ്ധ കാണിച്ചതിന്
ഗുരുവൊരടി തരുന്നു
രാത്രിയിലുറങ്ങാതെ നക്ഷത്രങ്ങളിൽ ശിഷ്യരെ നോക്കിയിരിക്കുന്നു
ഫ്ലാഷ് ലൈറ്റും
എൽ ഇ ടി യും ഗുരുവിൻ്റെ
പുതിയ വാഹനം
നിലവിളക്ക് ഗുരുവിൻ്റെ
പഴയ വാഹനം
അതുകൊണ്ട് നിലവിളക്ക്
നിലവിട്ട കളിയല്ല
ഏതു വാഹനത്തിൽ വന്നാലും
ഗുരുവിനെ കാണുവാൻ
അനുഗ്രഹം വാങ്ങാൻ
ആരിനി നമ്മെ പഠിപ്പിക്കും?

No comments:

Post a Comment