സെൽഫി


സെൽഫി
.................
സെൽഫിയെടുക്കും മുമ്പ്
എത്ര പേരെന്നെ
ഒതുക്കാൻ ശ്രമിച്ചു !
വാക്കുകൾ കൊണ്ടും
നിയമം കൊണ്ടും
അവരുടെ ചരിത്രം കൊണ്ടും.
പാട്ടും കൊണ്ടും
പഴങ്കഥ കൊണ്ടും
പട്ടങ്ങൾ കൊണ്ടും.
ഒന്നിലും ഒതുങ്ങാതെ
അന്നൊക്കെ
ആട്ടിൻകുട്ടിക്കൊപ്പം
ഒതുക്കു കല്ലുകളിറങ്ങി നടന്നു.
പിന്നെയെങ്ങനെ
സെൽഫിയുടെ
നാലതിരുകളിൽ
ഒതുങ്ങുമഹങ്കാരമായ്
നീ മാറി ( ?) യെന്നവൾ.
എഴുപതുകളിൽ ഏറു കിട്ടിയ
നായയ്ക്ക ്
മുഖം നോക്കാനും
കാണിക്കാനുമിതൊരു കണ്ണാടിയെന്നു ഞാൻ
നിറങ്ങളുടെ മുഖം മൂടികൾ
വലിച്ചു കീറി
എന്നിലെ 'നര' നോടേ
അവൾ സംസാരിക്കൂ
വൈകൃതങ്ങൾ ഒളിപ്പിച്ച
ചിത്രം മെല്ലെ പൊക്കി നോക്കുന്ന
സർറിയലിസ്റ്റാണ് അവൾ
എനിക്ക് എടുത്താലും
എടുത്താലും തീരാത്ത
ഒരു ചിത്രമാണ്
അല്ല
വലിയ ഭാരമാണ്
സെൽഫി.
എന്നിട്ടും ഞാനതെടുക്കുന്നു
എന്നെ എനിക്കല്ലാതെ
അവൾക്കെങ്ങനെ
ഒതുക്കാനാകും ?
ദേ പിന്നെയും
ഞാൻ സെൽഫിയെടുക്കുന്നു
ഒതുക്കു കല്ലുകൾ നിന്നിടത്ത്
വന്നു കിടന്ന
കറുത്ത റോഡിൽ നിന്ന് .

No comments:

Post a Comment