കാറ്റു പോകുവോളം

കാറ്റു പോകുവോളം
..... .:...........................
കാറ്റു കാണുക
കാറ്റു പോകുവോളം.
കാറ്റ് കാണുന്നു
മഴയുടെ കൈപിടിച്ച്
മുറ്റത്തിലൂടെ നടക്കുന്നു
മരങ്ങൾ നോക്കി നിൽക്കെ
ആട്ടക്കാരാവുന്നു
കാറ്റ്
ആൾമറകൾക്കും അതിരുകൾക്കും മുകളിലൂടെ
സന്തോഷത്തോടെ നടക്കുന്നു
പടി കയറി വരുന്നവരെ
ഉമ്മറപ്പടിയോളം
വേഗത്തിലാക്കുന്നു
എല്ലാ ദേവാലയങ്ങിലും
ജനലിലൂടെയും
അല്ലാതെയും കയറി
സ്നേഹം താനാണെന്ന്
പ്രാർത്ഥിക്കുന്നു
കടലിൽ തിരഞ്ഞ്
തിര കണ്ടെടുത്ത്
കരയിലെത്തിക്കുന്നു
കടലു കാണാൻ പോയവരോട്
ദൂരത്തിെൻ്റ ഭാഷ
കൈമാറുന്നു
കാറ്റു കാണുക
കാറ്റു പോകുവോളം
കാറ്റു പോയാൽ
കരിയിലകൾ
ആരോടു സംസാരിക്കും
മുളങ്കൂട്ടങ്ങളെങ്ങനെ പാടും
ഹൃദയമെങ്ങനെ
പ്രപഞ്ചത്തോട്
നിശ്വാസത്തിലൂടെ
സംവദിക്കും
മഴക്കുഞ്ഞുങ്ങളെങ്ങനെ
വരാന്തയിലേക്ക് ചാടും
സ്കൂൾ വിട്ടു വരുമ്പോൾ
മഴത്തുള്ളികളാര്
ദേഹത്ത് വാരിയെറിയും?
കാറ്റു കാണുക
കാറ്റു പോകുവോളം

No comments:

Post a Comment