പൂവിളി


പൂവിളി
..............
പൂവിളി പൊങ്ങുന്നേരം
രാക്കിളി പാറുന്നേരം
കുന്നിലും വയലിലും
നമ്മളന്നോടിച്ചെല്ലെ,
തൂമഞ്ഞിൻ മധുരസം
മോന്തിയ തുമ്പപ്പൂക്കൾ
പുഞ്ചിരിപ്പൂവാൽ നമ്മെ
സൽക്കരിച്ചണയ്ക്കുന്നു
കാലുകൾ പിടിച്ചു കൊ-
ണ്ടോമനത്തൊട്ടാവാടി
തൊട്ടടുത്തിരിക്കുവാൻ
സാമോദം മൊഴിയുന്നു
ചിനുങ്ങും മഴത്തുള്ളി
തഴുകുമരിപ്പൂക്കൾ
അരികെ ചെല്ലാൻ ചൊല്ലി
തുടുത്തു ചിരിക്കുന്നു
കയ്യിലെ പൂവട്ടിയിൽ
നിറയും വസന്തശ്രീ
നിർമ്മലം പകരുവാൻ
പൂവമ്പൻ വിരുന്നെത്തി
തെളിയും സൂര്യാംശുവിൽ
പൂവിളിക്കുത്തരമായ്
കൗതുകക്കണ്ണാൽ നമ്മെ
നോക്കുന്നൂ തെച്ചിപ്പൂക്കൾ
വളരും സൗഹൃദത്താൽ
നടക്കും വഴിയെല്ലാം
സ്വർഗ്ഗമായ് തീരുന്നേരം
നന്മകൾ വിടരുന്നൂ
ഓരോരോ പുൽത്തുമ്പിൽ
പറന്നു കളിക്കുന്നു
നമ്മുടെ സ്നേഹത്തിൻ്റെ
പൊന്നോണ പൂത്തുമ്പികൾ
പൂപൊലി പാടിപ്പാടി
വാസരം വരുന്നേരം,
നമ്മളിൽ വിരുന്നെത്തും
നന്മയാം തിരുവോണം
ഋതുക്കൾ കഴിയവേ
വീട്ടിലെ കാണാ ദുഃഖം
നാട്ടിലെ കാണാ ദാഹം
തളർത്തീ നമ്മെ പിന്നെ
അന്നത്തെ കിളികളും
അന്നത്തെ കളികളും
മറഞ്ഞ വഴികളിൽ
നമ്മളും ചിതറിപ്പോയ്
ഓണമേ വരൂ വരൂ
വെ,ന്നുള്ളു വിളിക്കമ്പോൾ
ഓർമ്മകൾ നടക്കുന്നൂ
നമ്മുടെ ബാല്യം തേടി.

No comments:

Post a Comment