പതാക


പതാക
*********
സ്വാതന്ത്യ്രദിനത്തിൽ
ഉറക്കച്ചടവോടെ
പതാക ഉയർത്താൻ ചെന്ന എന്നോട്
മൂവർണ്ണക്കൊടി സംസാരിച്ചു തുsങ്ങി ,
സ്വാതന്ത്യ്രം ഉറക്കത്തിൻ് റേയോ
ഉൻമാദത്തിൻ്റേ യോ
ഉദാസീനതയുടേയോ പേരല്ല
ഉയിരിൽ കെടാതെ നിൽക്കേണ്ട
ഒരു നെയ്ത്തിരിയുടെ
ഉടലുമുയിരും പുതുക്കിപ്പണിത
മഹാ വെളിച്ചത്തിൻ്റെ പേരാണത്
അതിൻ്റെ പ്രകാശത്തിലിരുന്നാണ്
സ്വപ്നങ്ങൾ എഴുത്തു പഠിക്കുക
മൂന്നു വർണ്ണങ്ങളുടെ
ചരിത്രം പഠിക്കുക,.
എറൻ്റ മുകളിൽ ജ്വലിക്കുന്ന
ഈ കുങ്കുമ നിറം
സ്വാതന്ത്യ്രത്തിനു വേണ്ടി
പകലാ യുദിച്ചവരുടെ സന്ധ്യാകാശത്തു നിന്ന്
നടുക്ക് കാറ്റിൽ വിറയ്ക്കുന്ന
വെളുപ്പ്
സമാധാനത്തിനു വേണ്ടി ഉറക്കം കളഞ്ഞവരുടെ
സ്വപ്നത്തിൽ വിടർന്ന
മുല്ലപ്പൂക്കളിൽ നിന്ന്
താഴെ തുടിക്കുന്ന പച്ച
രാജ്യസ്നേഹികളുടെ
നിസ്വാർത്ഥമായ സേവനത്തിൻ്റെ
വാടാത്ത പച്ചപ്പിൽ നിന്ന്
ഏതു കൈക്കും ഉയർത്താവുന്ന
ഏതു കാറ്റിനും ഇളക്കാവുന്ന ഒരു തുണിയല്ല ഞാൻ
നിൻ്റെ കൈകളിൽ
കാലുകളിൽ
സ്വപ്നങ്ങളിൽ
വാക്കുകളിൽ
പ്രവൃത്തിയിൽ ഒരു ബഹുവർണ്ണച്ചങ്ങല
കുടുങ്ങിക്കിടക്കുന്നുണ്ട്
നീയതിൻ്റെ വർണ്ണങ്ങൾ മാത്രം കാണുന്നു
നിന്നെ അതിൻ്റെ കണ്ണികൾ കാണുന്നു
ഒരു കണ്ണിക്ക്
നിൻ്റെ മതത്തിൻ്റെ നിറം
മറ്റൊന്നിന് നിൻ്റെ ജാതിയുടെ.
മറ്റൊന്നിന് നിൻ്റെ പാർട്ടിയുടെ
ഇനിയൊന്നിന് നിൻ്റെ
സംഘടനയുടെ
മറ്റൊന്നിന് നിൻ്റെ
ജോലി സ്ഥാപനത്തിൻ്റെ
ഇനിയൊന്നിന് കടത്തിൻ്റെ ...
മറ്റുള്ളവയ്ക്ക് എനിക്കു തിരിച്ചറിയാൻ വയ്യാത്ത
നൂറു നൂറു നിറങ്ങൾ
അതിൻ്റെ മാസ്മരികതയിൽ
നീ മയങ്ങിപ്പോകുന്നു
സ്വാതന്ത്ര്യ മറിയാതെ
സ്വാതന്ത്യ്രദിന മറിയാതെ
സ്വതന്ത്രനാവാതെ.

No comments:

Post a Comment