ആശയം

ആശയം
,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഒരാശയം മറ്റൊരാശയത്തെ
തൂക്കിലേറ്റുമ്പോൾ
സംവാദമാണ് കൊല്ലപ്പെടുന്നത്
ചർച്ചകളാണ് നാടുനീങ്ങുന്നത്
സഹിഷ്ണുതയാണ്
തീപ്പെടുന്നത്
ജനാധിപത്യത്തിൻ്റെ
വെടിയാണ് തീരുന്നത്
എത്ര വലിയ കയറായാലും
എത്ര മൂത്ത ആരാച്ചാരായാലും
അവർ നോക്കി നിൽക്കെ
ആശയം ഉയിർത്തെഴുന്നേൽക്കും
ദൈവപുത്രനേയും പിന്നാലാക്കി
തുക്കുമരത്തോട്
അതു പടവെട്ടും
ഒന്നും സംഭവിക്കില്ല
ചരിത്രത്തിൽ മറഞ്ഞു നിന്ന്
ആനന്ദങ്ങളിൽ
ഒളിഞ്ഞു നിന്ന്
ന്യായാധിപൻ്റെ പിന്നിൽ നിന്ന്
ഒരാശയം വിധി പറഞ്ഞു കൊണ്ടേയിരിക്കും
മാറ്റാശയങ്ങളെല്ലാം
തൂക്കിലേറ്റപ്പെടും
ഫാഷിസം എന്നതിൻ്റെ അർത്ഥം അറിയുന്നവർ
ജയിലഴികൾക്കുള്ളിൽ നിന്നു മാത്രം
ജനാധിപത്യത്തെ കുറിച്ച് സംസാരിക്കും
എന്തെന്നാൽ പകൽ വെളിച്ചം
അവരുടെ നാവിന്
തടവറയാണ്
ഒരാശയം മാത്രം കൊടിമരത്തിൽ പാറുമ്പോൾ
പേടിയുടെ പേരാകുന്നു കാറ്റ്
നിറം കെട്ട ഒരു പന്താകുന്നു ഭൂമി
പറക്കുവാൻ പറ്റാത്ത
നീലയാകുന്നു ആകാശം
ഒരാശയം മറ്റൊരാശയത്തെ
കഴുമരത്തിലേറ്റുമ്പോൾ
അതു വടിയാകുമോ?
എല്ലാ വടികളും കൂടി
തിരിച്ചടിക്കുവാൻ
ഒരാശമായി ഒരു നാൾ
പുനർജ്ജനിക്കുമോ?
കൊല്ലപ്പെട്ടെന്നു തോന്നിയാലും
ആശയങ്ങൾ മരിക്കുന്നതെങ്ങനെ
അമ്പെയ്തവനേയും
വെടിവെച്ചവനേയും
ബോംബിട്ടവനേയും
തിരഞ്ഞ് അത് നടക്കുന്നുണ്ടാകുമോ ?
ആശയങ്ങൾ ചിരഞ്ജീവിളായിട്ടും
അവയെ കൊന്നു എന്നു തോന്നിപ്പിക്കുന്ന മാന്ത്രികനാണ് അധികാരം
(മുനീർ അഗ്രഗാമി)

No comments:

Post a Comment