തലസ്ഥാനത്തിൽ വലിയ ഒരു കാറ്റ്
..........................................
വലിയ മരങ്ങളൊക്കെ
 കടപുഴകാൻ തുടങ്ങിയിരിക്കുന്നു
 തലസ്ഥാനത്തിൽ വലിയ ഒരു കാറ്റ്
 വീശാൻ തുടങ്ങിയിരിക്കുന്നു, 
 കാറ്റിനൊപ്പം പേടി പെയ്യുന്നുണ്ട്
 വീടൊഴിഞ്ഞു പോവുന്ന വരുടേയും
 നാടൊഴിഞ്ഞു പോവുന്ന വരുടേയും
 എണ്ണം കൂടിയിരിക്കുന്നു
 കയ്യേറ്റങ്ങൾ ഒഴിയാനുള്ള മുന്നറിയിപ്പുമായി
 ഇടിമുഴക്കങ്ങൾ വന്നു
 ആരും അനങ്ങിയില്ല
 ഇപ്പോൾ ഒരു ചുഴലി
 അതെല്ലാം വേരോടെ
 പിഴുതു കളയുന്നു
 സിംഹാസനങ്ങൾ പോലും
 തെറിച്ചു പോയിരിക്കുന്നു
 എല്ലാ മഴയും കുളിരു കൊണ്ടല്ല വരുന്നത്
 തെക്കുനിന്നാണോ
 വടക്കുനിന്നാണോ
 ആ കാറ്റു വീശുന്നതെന്ന്
 എനിക്ക് സംശയമുണ്ട് 
 നിങ്ങളതിനെ വിളിക്കുന്ന
 പേരിൽ പോലും എനിക്ക്
 സംശയമുണ്ട്
 ഇപ്പോൾ അടിച്ചു കൊണ്ടിരിക്കുന്ന
 ഈ കാറ്റ്
 കരിഞ്ഞുണങ്ങുന്ന
 നെൽച്ചെടിയെ
 തണുപ്പിക്കാൻ വന്നതല്ല
 പേമാരി തുടങ്ങി
 എല്ലാം ശരിയാകുമെന്ന 
 പ്രതീക്ഷ
 നിലയില്ലാ വെള്ളത്തിൽ മുങ്ങുന്നു
 അത് രക്ഷപ്പെടുമോ ?
 - മുനീർ അഗ്രഗാമി