ഞാനും മകളുമവളുടെ ബാർബിപ്പെണ്ണും

ഞാനും മകളുമവളുടെ
ബാർബിപ്പെണ്ണും
.......
നഗരത്തിന്റെ ഇന്റർലോക്ക്
ഒരെണ്ണം ഇളകിപ്പോയി;
അവിടെ
ഗ്രാമം മുളച്ചു വന്നു

ഒരു ചതുരം
ഒരു ഫ്രെയിം.
മനുഷ്യന്റെ തൊലി പോലെ
മണ്ണിന്റെ നഗ്നത
ഫ്ലാറ്റിലേക്കുള്ള വഴി
ഞാനും മകളുമവളുടെ
ബാർബിപ്പെണ്ണും
ചെന്നു നോക്കി
കുഞ്ഞിലകളുള്ള
ഒരു തുമ്പക്കുട്ടി,
മൂന്നുറുമ്പുകൾ,
ഒരു പേരറിയാ പുൽക്കൊടി.
മകളേ,
അച്ഛന്റെ കൂട്ടുകാരാണിവർ
ബാല്യകാലത്തു നഷ്ടമായവർ
നിയുണ്ടായതറിഞ്ഞ്
നിന്നെക്കാണാൻ വന്നതാണിവർ
ഉറുമ്പിന്റെ പേരോർത്തു പറഞ്ഞു
പുൽക്കൊടി കണ്ണിൽ നോക്കി:
മറന്നു അല്ലേ ?
തല കുനിച്ചു .
മകൾ പാവയെ കെട്ടിപ്പിടിച്ച്
അലസം നടന്നു
കട്ടകളെണ്ണി എണ്ണം പഠിച്ചു
സെക്യൂരിറ്റിയോടി വന്നു
മൂക്കത്തു വിരൽ വെച്ചു
കൊച്ചമ്മയുടെ കാലടിമറിയും
എന്റെ പണി പോകും
അയാൾ
കട്ട കൊണ്ടുവന്നു
ഗ്രാമത്തിനു വന്നു നോക്കാനുള്ള
വാതിൽ
നിഷ്കരുണം
അടച്ചു കളഞ്ഞു.
എനിക്കകത്തേക്കുള്ള
ആ വഴി
എനിക്ക് പുറത്തേക്കുള്ള
ആ വഴി.
- മുനീർ അഗ്രഗാമി

No comments:

Post a Comment