ഒപ്പം

ഒപ്പം
* * * * * * *
ഇളം വെയിൽ
നമുക്കൊപ്പമിരുന്നു
പാർക്കിലെ മരബെഞ്ചിൽ

ഓർമ്മകളുടെ
അവശിഷ്ടം പോലെ
കടലത്തൊലികൾ
തിളങ്ങി
മരം നിഴലുനീട്ടി
നമ്മെ തൊട്ടു,
അമ്മമ്മ
സുഖാണോ മക്കളേ
എന്നു ചോദിക്കുമ്പോലെ
അതിന്റെ നിഴൽച്ചുണ്ടു വിറച്ചു
മരക്കൊമ്പിൽ
രണ്ടു കളികൾ കൊക്കുരുമ്മുന്നു,
കൊക്കില്ലാത്തതിനാൽ
നാമതു നോക്കി നിന്നു
ഏഴിലംപാല പൂത്തു കൊഴിഞ്ഞ വഴി
ആളുകൾ ആഗ്രഹങ്ങളിലൂടെ
നടന്നു പോകുന്നു
ഭാരമില്ലാത്ത ചിരികളിൽ
അല്പനേരമിരിക്കുന്നു
വെയിൽ പോയി
നിഴൽ പോയി
നാം നടന്നു പോയി
വീട്ടിലെത്തിയെന്റെ
നെഞ്ചിലെത്താരാട്ടു കേട്ടു കിടക്കവേ
നീ ചോദിച്ചു ,
നാമിരുന്ന
മരബെഞ്ചിലിപ്പോൾ
അസമയത്തിന്റെ വിരലുകൾ
തൊട്ടു നോക്കുന്നുണ്ടാവുമോ ?
ഇരുളും കരിയിലകളും
വന്നിരിക്കുന്നുണ്ടാവുമോ ?
നാമവിടെ
ഉപേക്ഷിച്ചു പോന്ന വേദനകൾ;
വേവലാതികളും
അവ കണ്ടുകാണുമോ ?
- മുനീർ അഗ്രഗാമി

No comments:

Post a Comment