മൈനയെ കാണുന്നു

മുറ്റത്ത്
ഒരൊറ്റ മൈനയെ കണ്ട്
നീ ദു:ഖിക്കേണ്ട ,സുരേഷ്
നിനക്കൊപ്പം
ഞങ്ങളും തിരിഞ്ഞു നോക്കുന്നു
മൈനയെ കാണുന്നു
നീ കണ്ട സമയത്തിന്റെ
അതേ ചില്ലയിലിരുന്ന്

ഞങ്ങൾ
അങ്ങോട്ടു പറന്നു വന്നു
കാലത്തിന്റെ ആകാശത്തിൽ തുഴഞ്ഞ്.
ഞങ്ങളിപ്പോൾ
പിന്നോട്ടു പറക്കുന്ന
കുഞ്ഞു പക്ഷികളാണ്
ദൂരം കൂടുന്തോറും
പ്രായം കുറയുന്ന പക്ഷികൾ
പറന്ന് പഴയ ക്ലാസ് മുറിയിലെത്തുമ്പോൾ
മനുഷ്യരാകുന്നു
നിന്നെ കാണുന്നു
നീ കണ്ട മൈനയെ കാണുന്നു
ക്ലാ ക്ലാക്ലീ ക്ലി
ശബ്ദം കേൾക്കുന്നു
സുരേഷ്,
നാമെല്ലാവരും
ഒരുമിച്ച് കാണുന്ന
ആ മൈനയാണ്
സന്തോഷം
അത് പറക്കാതെ
അവിടെയിരിക്കട്ടെ!
- മുനീർ അഗ്രഗാമി

No comments:

Post a Comment