നീയറിയുമ്പോൾ

നീയറിയുമ്പോൾ
..............................
നദി എന്റെ ഒഴുക്കല്ല
എന്നിട്ടും ഞാനതിലൊരു മീൻ
കാട് എന്റെ വന്യതയല്ല
എന്നിട്ടും ഞാനതിലൊരു കിളി
ആകാശം എൻറെ അപാരതയല്ല
ഞാനതിലൊരു താരകം
മണ്ണ് എന്റെ ധന്യതയല്ല
പക്ഷേ ഞാനതിലൊരു
ജീവനുള്ള നിലവിളി
ഞാൻ
കിളിയായും മീനായും
പറന്നും നീന്തിയും പോകുന്ന
വിശ്രമമില്ലാത്ത കരച്ചിൽ.
തപിച്ച്
ഉളളു പൊള്ളി
പ്രകാശിക്കുന്ന താരകം
നീയതറിയുമ്പോൾ
ഒഴുക്കിന്റേയും
അപാരതയുടേയും
വന്യതയുടെയും
ഇതളുകളുള്ള ഒരു പൂ വിടരുന്നു
ആ പൂവ് നീയാണ്
എന്നെ മഞ്ഞുതുള്ളിയായി
ചേർത്തു പിടിക്കാൻ
നീ കൈ നീട്ടുന്നു
ഇപ്പോഴുണ്ട്
എനിക്ക് സ്വന്തമായി
ഒരിത്തിരി കുളിര് !
നിനക്കൊപ്പം നടന്ന പുലരികൾ
സമ്മാനമായി ഹൃദയത്തിൽ വെച്ചത്.
-മുനീർ അഗ്രഗാമി

No comments:

Post a Comment