കളി കഴിയുമ്പോൾ

കളി കഴിയുമ്പോൾ
...............................
ഒരിക്കൽ
നിശ്ശബ്ദതതയെ
വേരോടെ പിഴുതുകളഞ്ഞ്
നാം റബർത്തോട്ടത്തിലൂടെ
നടന്നു

കരിയിലകൾ
ചിരിച്ചു കൊണ്ട്
നമുക്കൊപ്പമോടി
ഓടിയോടിത്തളർന്ന് കിടന്നു
പേടി
പെരുമ്പാമ്പായി
ഇലകൾക്കടിയിൽ
തൊള്ളിട്ടു കിടന്നു
പിടഞ്ഞു
അച്ചാച്ചാ
അപ്പാപ്പാ എന്ന്
ഉള്ളിൽ നിന്ന്
ആരാണ്ടു വിളിച്ചു
കരിയിലകൾ
നിർത്താതെ ചിരിച്ചു
നില തെറ്റിയ പേടിച്ചിരിയിൽ
നീ പുരുഷനും
ഞാൻ പെണ്ണെന്നുമൊരാ ളൽ
ഞെട്ടിയെണീറ്റ്
വീട്ടിലേക്കോടി
രണ്ടു ദിക്കിലേക്ക്
തോട്ടത്തിന്റെ രണ്ടു കരകളിലേക്ക്
നിശബ്ദതയുടെ വിത്ത്
പാറി വന്നു,
എന്നിലും നിന്നിലും
വീണ്ടും
വീണു മുളച്ചു
വീട് അമ്മയെ പോലെ
ഹൃദയം തുറന്ന്
കൈകൾ നീട്ടി
ഓടിച്ചെന്നു
അമ്മച്ചിയെ കെട്ടിപ്പിടിച്ച്
കരഞ്ഞു
നിശ്ശബ്ദത മുളച്ചുപൊന്തിയ കാട്ടിൽ
മുയൽക്കുഞ്ഞിനെ പോലെ
പതുങ്ങി
ഹൃദയം മിടിക്കുന്നു
നിനക്കു കേൾക്കാൻ.
റബ്ബർ മരങ്ങളേ
ഈ തുടിപ്പുകളവന്
കൊടുക്കുമോ?
എന്റെ വീടു തൊട്ട്
നിന്റെ വീടു വരെ
നാഡീകോശങ്ങളെ പോലെ
റബ്ബർ മരങ്ങൾ
കൊമ്പോടു കൊമ്പുചേർത്തു
നിൽക്കുന്നു.
ഒരു മരത്തിൽ നീ
വിരൽ തൊട്ടു മീട്ടിയാൽ
എനിനക്കു കേൾക്കാം
നിൻ ഹൃദയ സ്പന്ദനം
- മുനീർ അഗ്രഗാമി

No comments:

Post a Comment