പ്രണയ വീടുകൾ

പ്രണയ വീടുകൾ
.............................
പ്രണയം
ഒറ്റപ്പെടുന്നവർ പാർക്കുന്ന
പുതിയ വീടാണ്
അശാന്തമായ മനസ്സിന്
അഭയമായി
ഓരോ പ്രണയിയും
പണിയുന്നത്.

അടിത്തറയ്ക്കനുസരിച്ചാണ്
വീടിന്റെ ഉറപ്പും എടുപ്പും;
സ്നേഹം അടുക്കി വെച്ച് നാം
അത് പണിതുയർത്തുമ്പോൾ.
നമുക്ക് പാർക്കാൻ
നാം തന്നെ ഉണ്ടാക്കുന്ന
മുന്തിരിത്തോപ്പുകൾ
കടൽക്കൊട്ടാരങ്ങൾ
രമ്യഹർമ്യങ്ങൾ
ചിലപ്പേൾ ടെൻറുകൾ
ഏറുമാടങ്ങൾ
എന്തിന്
ചെറ്റപ്പുരകൾ പോലും
ഉണ്ടാക്കുന്നു
ആദ്യത്തെ പ്രണയം
ആദ്യത്തെ വീടു പോലെ
സ്വപ്നങ്ങളുടെ ഉമ്മറത്ത്
നമ്മെ അശാന്തമായി ഇരുത്തുന്നു
എത്ര ഭംഗിയായി ഉണ്ടാക്കിയിട്ടും
എന്തോ കുറവു പോലെ
ചിലർ ആദ്യത്തെ വീട്ടിൽ തന്നെ
ജീവിതം ധന്യമാക്കി
മടക്കി വെക്കുന്നു
ചിലർ
പല വീടുകളിലായി
രാത്രിയെയും പകലിനെയും
പകുത്തു വെക്കുന്നു
ചില വീടുകൾ
ഉടലിനും ഉയരിനും
താമസിക്കാനുള്ളത്
ചിലത് മനസ്സിനും മനനത്തിനും
കേറിക്കിടക്കാനുള്ളത്
ചിലത് സ്വപ്നത്തിനും
ജാഗ്രത്തിനും വിശ്രമിക്കാനുള്ളത്
അവസാനത്തെ പ്രണയം
അവസാനത്തെ വീടാണ്
സ്വസ്ഥമായി
കിടന്നു മരിക്കാനുള്ളത്
പ്രണയത്തിന് മരണമില്ലെങ്കിലും
സത്യത്തിൽ
ആരും വീടുവിട്ടുപോകാൻ
ആഗ്രഹിക്കുന്നില്ല
ഇനി , വീടു വിട്ടു പോയാലും
വീടു നമ്മെ പുറത്താക്കിയാലും
അവിടെ നാമുണ്ടായിരുന്നതിന്റെ
തെളിവായൊരു
നിശ്വാസ വായു തങ്ങിനിൽക്കും
അവശേഷിച്ച ഒരാൾക്കെങ്കിലുമത്
ജീവശ്വാസമായിടും.
-മുനീർ അഗ്രഗാമി

No comments:

Post a Comment