ആലിംഗനം ഒരു ഭാഷയാണ്

ആലിംഗനം ഒരു ഭാഷയാണ്
..................................
ആലിംഗനം ഒരു ഭാഷയാണ്‌ ജോഷീ...
ഖുറേഷിക്ക പറഞ്ഞു
ജോഷിയേട്ടനും ഞാനും
ഞാവൽമരവുമതു കേട്ടു

ആദിമമായ ഭാഷ
ഭാഷയ്ക്കും മുമ്പുള്ള
അതിജീവനത്തിന്റെ ഭാഷ
ആനന്ദത്തിന്റേയും ആഘോഷത്തിന്റെയും ഭാഷ
പ്രപഞ്ച ഭാഷ...
മനുഷ്യൻ,
മൃഗം, മരം എന്ന ഭേദമില്ലാതെ
സംവദിക്കാവുന്ന ഭാഷ,
ഖുറേഷിക്ക തുടർന്നു
കൈകളാണ് ആലിംഗനത്തിന്റെ
ആദ്യാക്ഷരങ്ങൾ
ഉടലുകൾ വാക്കുകളും
രണ്ടു വാക്കുകൾ
ആലിംഗനബദ്ധരാകുമ്പോൾ
പുതിയ അർത്ഥങ്ങളുണ്ടാകുന്നു
ജോഷിയേട്ടൻ എല്ലാം കേട്ടു നിന്നു
വള്ളികൾ പേരറിയാമരത്തെ
ചേർത്തു പിടിക്കുന്നു
കാറ്റ് പൂക്കളെ
അണ്ണാൻ മരങ്ങളെ
ഉറുമ്പൊരു മാമ്പൂവിനെ
ജാതി,
മതം,
വർണ്ണം
എല്ലാത്തിനുമതീതമായി
ഒരു ഭാഷ
അതിന്റെ ലിപികളാൽ
സ്നേഹമാകുന്നു
ഞാനും ഖുറേഷിക്കയും
ജോഷിയേട്ടനും
ഞാവൽമരവുമതു കണ്ടു നിന്നു;
കോടമഞ്ഞ് വന്ന്
ഞങ്ങളെ ആലിംഗനം ചെയ്തു .
- മുനീർ അഗ്രഗാമി

No comments:

Post a Comment