കാത്തിരിക്കുന്നവർ

കാത്തിരിക്കുന്നവർ
..................................
കാത്തിരിക്കുന്നവരെ
എനിക്ക് നന്നായറിയാം
അവരുടെ കണ്ണുകളിലാണ്
മുഴുവൻ കടലും
അവരുടെ മുഖത്താണ്
മുഴുവൻ മരുഭൂമിയും
അവരുടെ ഹൃദയത്തിലാണ്
മുഴുവൻ മഞ്ഞിന്റെ മരവിപ്പും

സത്യത്തിൽ
എല്ലാ ഋതുക്കളും അവരിലാണ്
അവരോളം പെയ്തവരും
അവരോളം വറ്റിയവരും
മറ്റെവിടെയുമില്ല
നിറയലും ഒഴിയലും
വേരുകളുടെ അന്വേഷണവും
അവരിൽ തന്നെ
കാത്തിരിക്കുന്നവരെ
എനിക്ക് നന്നായറിയാം
അവരിൽ എല്ലാ ഋതുക്കളിലും
ഇലപൊഴിക്കുന്ന ഒരു മരമുണ്ട്
എല്ലാ ഇലകളും കൊഴിഞ്ഞാലും
ഒരില മാത്രമതിൽ ബാക്കിയാകും
വരാനുള്ളയാളോട്
ഇപ്പോഴും പച്ചയാണെന്ന
ഓർമപ്പെടുത്തലാണത്.
കാത്തിരിക്കുന്നവർ
വെറും മനുഷ്യരല്ല
അവർ ജനലിലൂടെ
പുറത്തേക്ക് നോക്കി
ഇരിക്കുന്നു എന്നേയുള്ളൂ
വാസ്തവത്തിൽ അവർ
അവരിലല്ല ഉള്ളത്
ഉണ്ടായിട്ടും ഇല്ലാത്തവരാണവർ
മൗനത്തിന്റെ ചിറകകുളിൽ
ദേശാടനം നടത്തുന്ന
പക്ഷിയാണവർ
അവരിൽ നിന്നും കൊഴിഞ്ഞ
ഒരു തൂവൽ കണ്ടു
അതിന്റെ ഒരോ ഇഴയും ഓരോ വാക്കുകൾ
അതെടുക്കാൻ ശ്രമിച്ചു
ഭാരം കൊണ്ട് പൊങ്ങിയില്ല
പൊങ്ങിയില്ല.
- മുനീർ അഗ്രഗാമി

No comments:

Post a Comment