പുതു കവിത 4 നക്ഷത്രം

പുതു കവിത 4
നക്ഷത്രം
...............
ദൂരെ നിന്ന് ഇടയ്ക്ക്
ഒരു നോട്ടം മാത്രം
നീ കണ്ടില്ലെങ്കിലും
നിന്നെ കാണുവാൻ.
ഞാൻ വീഴാതെ നിൽക്കുന്നത്
അതുകൊണ്ടാവും .

- മുനീർ അഗ്രഗാമി

പുതു കവിത - 3 മഞ്ഞുകാലം

പുതു കവിത - 3
മഞ്ഞുകാലം
........................
മഴയായ് നനയ്ക്കില്ല
വെയിലായ് ഉണക്കില്ല
മഞ്ഞായ്
പൂച്ചക്കുഞ്ഞിനെ പോലെ
നിന്നെ തൊട്ടു നിൽക്കും
എന്റെ നക്ഷത്രമേ
നിന്റെ ചിരി കാണാൻ.

- മുനീർ അഗ്രഗാമി

പുതു കവിത 2 പച്ചപ്പ്

പുതു കവിത 2
പച്ചപ്പ്
.........
എന്റെ ശൂന്യതയിലൂടെ
നീ പ്രകാശമായി
സഞ്ചരിക്കുന്നു
പ്രണയഭൂമിയിലതെത്തിച്ചേരും
ജീവിതപ്പച്ചയെ ചുംബിക്കും

- മുനീർ അഗ്രഗാമി

പുതു കവിത - 1 നിഴൽ

പുതു കവിത - 1
നിഴൽ
...........
ചാമ്പമരത്തണലിൽ
വെയിൽ വരയ്ക്കുന്നു
നമ്മുടെ കുട്ടിക്കാലത്തിൻ ചിത്രം
നിത്യവും, അവ്യക്തമായൊരു
വേദന പോലെ.
മുറ്റം മനസ്സുപോലെ
മൂകമായിത്തേങ്ങുമ്പോൾ .

- മുനീർ അഗ്രഗാമി

സങ്കടത്തിലും

ഉണ്ടൊരു നേർത്ത മഴ,
ഉള്ളുനനച്ചേതൊരു
സങ്കടത്തിലും സദാ ,
സന്തോഷം കിളിർക്കുവാൻ .
- മുനീർ അഗ്രഗാമി

പർദ്ദ(പർദ്ദയെ കുറിച്ച് മൂന്ന് കവിതകൾ)

പർദ്ദയെ കുറിച്ച് മൂന്ന് കവിതകൾ
.........................................................
പർദ്ദ
...........................
പർദ്ദ
ഉമ്മയുടെ സ്വപ്നമായിരുന്നു
ആഗ്രഹമായിരുന്നു
ആനന്ദമായിരുന്നു
ആരും ഉമ്മയോട്
പർദ്ദയിടാൻ പറഞ്ഞിരുന്നില്ല
ഇടേണ്ട എന്ന് ദാരിദ്ര്യം
പലവട്ടം പറഞ്ഞു
എന്നിട്ടും ഉമ്മ
ഇക്കാക്കയോട് പറഞ്ഞ് പറഞ്ഞ്
മൂന്നു വർഷം കാത്തിരുന്ന്
ആദ്യത്തെ പർദ്ദ
ഗൾഫിൽ നിന്നും വരുത്തി
മനസുണ്ടായിട്ടല്ല
കാശുണ്ടായിട്ടല്ല
പെങ്ങളല്ലേ
ചോദിച്ചിട്ടല്ലേ
എന്ന് വിചാരിച്ച്
ഗൾഫിൽ പോയ കടം പോലും മറന്ന്
വല്യക്കാക്ക അത് കൊണ്ടുവന്നു
ഉമ്മ പർദ്ദ അണിഞ്ഞു
സ്വർഗ്ഗത്തിന്
ഇത്രയും കറുപ്പോ എന്ന്
ഞങ്ങൾ അത്ഭുതപ്പെട്ടു
അത്ര ആനന്ദമായിരുന്നു ഉമ്മയ്ക്ക്
പർദ്ദയുടെ രഹസ്യം കാണാനും
തൊട്ടു നോക്കാനും
ആരൊക്കെയോ വന്നു
അന്ന്
ഞങ്ങളുടെ നാട്ടിൽ
പർദ്ദക്കടകൾ
ഉണ്ടായിരുന്നില്ല
* * *
പെൺ സൂര്യൻ
....................
പർദ്ദയും ഷാളുമിട്ട്
ഉമ്മ നടന്നു
കടയിൽ പോയി
വിരുന്നു പോയി
തർക്കിച്ചു
സ്നേഹിച്ചു
പെങ്കുപ്പായവും
കാച്ചിത്തുണിയും
തട്ടവും ഇട്ട് നടന്നതിലും ഉഷാറായി
ഉമ്മ നടന്നു .
പർദ്ദ ഉമ്മയുടെ സ്വാതന്ത്ര്യമാണ്
ഇഷ്ടം പോലെ ഉമ്മ
ഓരോന്ന് എടുത്തണിയുന്നു
കറുപ്പിൽ ചാരനിറം ഉലാത്തുന്നത്
ചിറകുള്ളത്
ചുവപ്പ് ബട്ടൺ ചിരിക്കുന്നത്
കൈകളിൽ നക്ഷത്രങ്ങൾ
മിന്നുന്നത്
എന്നെ നിർബ്ബന്ധിച്ച്
വാങ്ങിപ്പിച്ചത്.
പർദ്ദയുടെ രഹസ്യം
ഉമ്മയ്ക്കറിയാം
പർദ്ദയിൽ ഉമ്മ
മതദേഹമോ
മറ്റൊന്നുമേ അല്ല
ആത്മവിശ്വാസമാണ് .
അതവരുടെ വിരലിൽ തൊട്ട്
അതറിഞ്ഞവനാണ് ഞാൻ .
പർദ്ദയുടെ കറുപ്പിൽ ഉമ്മയുടെ മുഖം
പെൺ സൂര്യൻ
ഞാൻ അതിനെ ഭ്രമണം ചെയ്യുന്ന ഭൂമി .
* * *
പുതിയ പർദ്ദകൾ
.............................
ഉമ്മ മരിച്ചു;
പണക്കാരിയായി.
സന്തോഷത്തോടെ
ഉമ്മ മരിച്ചു
പർദ്ദകൾ
അനാഥരായി.
അനിയത്തിമാർ
പർദ്ദകൾ
സ്വന്തമാക്കാൻ
മത്സരിച്ചു.
അതെടുക്കൂ
അണിയൂ എന്ന്
ആരും അവരോടു പറഞ്ഞില്ല
മരിച്ചവരുടെ വസ്ത്രങ്ങൾ
ജീവിക്കുന്നവരുടെ
വസ്ത്രമാകുന്നത്
ഞാൻ കണ്ടു
ഉമ്മയ്ക്ക്
ചുരിദാർ ഉണ്ടായിരുന്നില്ല
ഉമ്മയ്ക്ക് സാരിയുടുക്കാൻ
അറിയുമായിരുന്നില്ല
പെങ്ങൻമാർക്കുള്ളത്ര ചുരിദാർ
മറ്റാർക്കുമുണ്ടായിരുന്നില്ല
സാരി അവരുടുക്കുമ്പോലെ
മറ്റാരും ഉടുത്തിരുന്നില്ല
ഇപ്പോൾ നാടു മുഴുവൻ
പർദ്ദക്കടകളാണ്
അവർ പർദ്ദകൾ
മാറ്റി മാറ്റിയെടുക്കുന്നു
പുതിയവ
ഡിസൈൻ ചെയ്യുന്നു
മറ്റെല്ലാ കടയിലും
ഒറ്റയ്ക്ക് കയറാൻ
സ്വാതന്ത്ര്യമുള്ളതു പോലെ
അവർ പർദ്ദക്കടകളിൽ കയറുന്നു
ഉമ്മയുടെ സ്വപ്നമല്ല അവരുടേത്
അവരുടെ സ്വപ്നത്തിൽ പർദ്ദയുണ്ടോ ?
അവർക്ക് പണമുണ്ട്.
സ്വപ്നമുണ്ടോ?
എനിക്കറിയില്ല.
- മുനീർ അഗ്രഗാമി

രാത്രി വലിയൊരു മഴയാണ്

രാത്രി
വലിയൊരു മഴയാണ്
............................................

രാത്രി
വലിയൊരു മഴയാണ്
വെളിച്ചത്തിലേക്ക്
തോരുന്നത്.
വെളിച്ചത്തിൽ
തോർച്ചയുടെ
പുഞ്ചിരിയിൽ
തിളങ്ങുന്നവർക്കതറിയില്ല
ഇരുട്ടിന്റെ തുളളികൾ കൊണ്ട്
പനി പിടിച്ചവനെ
വെളിച്ചം പോലും തിരിച്ചറിയില്ല
മഴ കൊള്ളുകയെന്നാൽ
ഉറക്കമില്ലാതെ
നനയലാണ്
നിനക്കൊപ്പം
മറ്റേതോ മഴയിൽ
ഒന്നിച്ചു നടന്നതിന്റെ
ഓർമ്മയിൽ
ഒരു നനയൽ
രാത്രി
പുറത്തു മാത്രമല്ല
അകത്തും പെയ്യുന്നു
പക്ഷേ
ഒന്നും ഒലിച്ചുപോകുന്നില്ല .
- മുനീർ അഗ്രഗാമി

*Flash poetry * പരസ്യം

*Flash poetry *
പരസ്യം
..............
പിൻവലിച്ച കവിത
ഒരു പരസ്യം !
അതിലെ വാക്കുകളുടെ നെറ്റിയിൽ
കവിയുടെ പൂർണ്ണ ചിത്രം!

- മുനീർ അഗ്രഗാമി

വയനാട്ടിലേക്കുള്ള വണ്ടി

വയനാട്ടിലേക്കുള്ള വണ്ടി
..........................................
മനസ്സിൽ നിന്നും
അതിഴഞ്ഞ്
ചുരം കയറി
പാളങ്ങളില്ലാതിരുന്നിട്ടും
ആഗ്രഹങ്ങളുടെ പാളങ്ങളിലൂടെ
അത് കുതിച്ചു പാഞ്ഞു

തിരുവനന്തപുരത്ത്
പഠിക്കാൻ പോയ
അവളതിൽ ഇരിക്കുന്നുണ്ട്
നിലമ്പൂര് വിരുന്നു പോയ
കുഞ്ഞമ്മ അതു കാത്തു നിൽക്കുന്നു
അവൻ
ചുരം കയറാതെ
തുരങ്കത്തിന്റെ ഇരുട്ടിൽ
കൂവിവിളിക്കുന്നു
അതില്ലാത്ത ഒരിടത്ത്
അതുണ്ടെന്ന തോന്നലിൽ
വന്യമൃഗത്തെ പോലെ
അത് കുതിച്ചു പായുന്നു
സ്വപ്നത്തിന്റെ
രാത്രി വണ്ടിയിൽ നിന്നും
ഞാനിറങ്ങുന്നു
കോടമഞ്ഞ് എന്നെ കാത്തു നിൽക്കുന്നു
അനുജിത് സർ ക്യാമറയിൽ
അതൊപ്പിയെടുക്കുന്നു
അദ്ദേഹത്തിന് കയറാനുള്ള
വണ്ടിയിൽ നിന്ന് ഞാനിറങ്ങുന്നു.
അദ്ദേഹത്തിന്
കൊച്ചിക്ക് പോകാനുള്ള വണ്ടിയിൽ നിന്ന്
ഞാനിറങ്ങുന്നു .
ഇറങ്ങി നോക്കുമ്പോൾ
അത്
ഇഴഞ്ഞിഴഞ്ഞ്
ഉണർവ്വിന്റെ പാളത്തിലൂടെ
അപ്രത്യക്ഷമായി.
- മുനീർ അഗ്രഗാമി

തെമ്മാടി ഒരു ചുഴലിക്കാറ്റാണ്

തെമ്മാടി
ഒരു ചുഴലിക്കാറ്റാണ്
.............................
തെമ്മാടി
ഒരു ചുഴലിക്കാറ്റാണ്
അതുകൊണ്ടവൻ
നിയമം തെറ്റിക്കുന്നു
നേർവഴിതെറ്റുന്നു
രാജ്യങ്ങളിൽ
അവന് അതിരുകളില്ല
അതിരുകളിൽ അവന്
വിശ്വാസമില്ല
അതുകൊണ്ട്
ഏതു രാജ്യവും
അവന്റേതാകാം
അവന് രാജ്യമില്ലെങ്കിലും
അവൻ മെൽബണിലോ
പാരീസിലോ കെയ്റോവിലോ
അലഹബാദിലോ
അലഞ്ഞു തിരിയും
അവൻ ചുഴലിക്കാറ്റുകൾക്കൊക്കെ
സ്ത്രീകളുടെ പേരിടും
അതവനെ ആരും
തിരിച്ചറിയാതിരിക്കാനാണ്
ആ ചുഴലികളുടെ വിക്രിയകണ്ട്
സ്ത്രീകളിത്രയും
വിനാശകാരികളോ എന്ന്
അവൻ ചർച്ച നയിക്കും
ആഞ്ഞുവീശും
തെമ്മാടി എത്ര ശാന്തനാണ്
എന്നുപറയാവുന്നത്ര
ശമനതാളത്തിൽ അവൻ ചരിക്കും
-മുനീർ അഗ്രഗാമി

നല്ല വായനക്കാരൻ

നല്ല വായനക്കാരൻ
.................................
ഉറക്കം കുടിച്ച്
ഒരു സ്വപ്നത്തിൽ
നീണ്ടു നിവർന്ന് കിടക്കുന്നു
താളുകൾ മറിക്കുന്നു

ലോകം ഒരു വായനശാലയാണ്
സൂര്യന്റെ മുഖമുള്ള
ഒരാൾ അവിടെയിരിക്കുന്നു
വായിക്കുന്നു
ലോകത്തുള്ള എല്ലാ പുസ്തകങ്ങളും
വായിച്ചു തീർക്കുന്നു
അയാളുടെ സമയത്തിന്റെ
ഒരു തുള്ളിയാണ് ഞാൻ
എന്റെ സമത്തിന്റെ
പ്രകാശിക്കുന്ന തുള്ളികളിലിരുന്ന്
എനിക്കും വായിക്കണം
പക്ഷേ
സ്വപ്നം
നിന്റെ കണ്ണിലെഴുതിയതു പോലും
വായിച്ചു തീർന്നില്ല
നീയും ഞാനും തമ്മിൽ
ഒരു വ്യത്യാസമുണ്ട്
നീ ഉറക്കം കുടിച്ചിരുന്നില്ല
ഉണർവ്വിൽ
തിളയ്ക്കുകയായിരുന്നു;
നീ
വറ്റിപ്പോകാൻ മനസ്സില്ലാത്ത
ഒരു തുള്ളി.
ഞാൻ
നല്ല വായനക്കാരനാവാൻ ശ്രമിച്ചു
കിട്ടിയ അർത്ഥം മതിയായില്ല
നോക്കൂ
നിന്റെ കണ്ണിൽ നിന്നിറ്റുന്നു
ഞാനെന്ന തുള്ളി .
എന്റെ കവിളിലൂടെ ഒലിച്ച്
നെഞ്ചിൽ പടരുന്നു
നീയെന്ന തുള്ളി .
അവനിപ്പോഴും
അവിടെയിരുന്നു വായിക്കുന്നുണ്ട്
അവനോളം നല്ല വായനക്കാരൻ
മറ്റാരുമില്ല
അവന്റെ നെറ്റിത്തടത്തിൽ
നീയെന്ന തുള്ളി!
- മുനീർ അഗ്രഗാമി

ഞാനും മകളുമവളുടെ ബാർബിപ്പെണ്ണും

ഞാനും മകളുമവളുടെ
ബാർബിപ്പെണ്ണും
.......
നഗരത്തിന്റെ ഇന്റർലോക്ക്
ഒരെണ്ണം ഇളകിപ്പോയി;
അവിടെ
ഗ്രാമം മുളച്ചു വന്നു

ഒരു ചതുരം
ഒരു ഫ്രെയിം.
മനുഷ്യന്റെ തൊലി പോലെ
മണ്ണിന്റെ നഗ്നത
ഫ്ലാറ്റിലേക്കുള്ള വഴി
ഞാനും മകളുമവളുടെ
ബാർബിപ്പെണ്ണും
ചെന്നു നോക്കി
കുഞ്ഞിലകളുള്ള
ഒരു തുമ്പക്കുട്ടി,
മൂന്നുറുമ്പുകൾ,
ഒരു പേരറിയാ പുൽക്കൊടി.
മകളേ,
അച്ഛന്റെ കൂട്ടുകാരാണിവർ
ബാല്യകാലത്തു നഷ്ടമായവർ
നിയുണ്ടായതറിഞ്ഞ്
നിന്നെക്കാണാൻ വന്നതാണിവർ
ഉറുമ്പിന്റെ പേരോർത്തു പറഞ്ഞു
പുൽക്കൊടി കണ്ണിൽ നോക്കി:
മറന്നു അല്ലേ ?
തല കുനിച്ചു .
മകൾ പാവയെ കെട്ടിപ്പിടിച്ച്
അലസം നടന്നു
കട്ടകളെണ്ണി എണ്ണം പഠിച്ചു
സെക്യൂരിറ്റിയോടി വന്നു
മൂക്കത്തു വിരൽ വെച്ചു
കൊച്ചമ്മയുടെ കാലടിമറിയും
എന്റെ പണി പോകും
അയാൾ
കട്ട കൊണ്ടുവന്നു
ഗ്രാമത്തിനു വന്നു നോക്കാനുള്ള
വാതിൽ
നിഷ്കരുണം
അടച്ചു കളഞ്ഞു.
എനിക്കകത്തേക്കുള്ള
ആ വഴി
എനിക്ക് പുറത്തേക്കുള്ള
ആ വഴി.
- മുനീർ അഗ്രഗാമി

- (ഹൈക്കു )

കറുത്ത പർദ്ദയിട്ട താരങ്ങൾ
ഫ്ലാഷ് മോബു കളിക്കുന്നു
രാത്രിയഴക് തെളിയുന്നു
- (ഹൈക്കു )
മുനീർ അഗ്രഗാമി

ആരും പാട്ടിലായില്ല

അവർ
നാലഞ്ചു പേരുണ്ടായിരുന്നു
പാടാൻ പറഞ്ഞു
പാടുപെട്ടു
സംഗീതത്തെക്കുറിച്ച്
അധികമൊന്നും അറിയില്ല
നല്ല സംഗീതം കേൾക്കാൻ ഇഷ്ടമാണ്.
പുഴയുടെ ,
കിളിയുടെ,
മഴയുടെ ,
നല്ല ശബ്ദമുള്ള മനുഷ്യരുടെ.
വീണ്ടും പാടാൻ പറഞ്ഞു
പാടിയില്ല
പാടൂ പാട്ടിലാകാം
പാടിയില്ല
ആരും പാട്ടിലായില്ല
അങ്ങനെ
കിളിപ്പാട്ടുകേൾക്കാതെ
കളിപ്പാട്ടുകേൾക്കാതെ
കളകളപ്പാട്ടുകേൾക്കാതെ
പാടുന്നവരുടെ നഗരത്തിൽ
ആസ്വാദകനായി ജീവിക്കുന്നു.
പാടില്ല
പാടില്ല
എന്നുള്ളിലിരുന്ന്
ഒരു പഴങ്കിളി നിരന്തരം ജപിക്കുന്നുണ്ടോ
എന്നൊരു തോന്നൽ !
- മുനീർ അഗ്രഗാമി

ദളിത് പെൺ കവിതകൾ

ദളിത് പെൺ കവിതകൾ
..........................................
കുറെ കവിതകളെ കണ്ടുമുട്ടി
അവയുടെ ജാതി ചോദിച്ചില്ല
നിറം നോക്കിയില്ല
വായിച്ചു.

അവ തടവിലാണ്
ഒരു പ്രൊഫസർ
അവയെ പിടിച്ചുകെട്ടിയിരിക്കുന്നു
പെൺ എന്ന് പുള്ളി കുത്തി
ദളിത് എന്ന ജയിലിൽ
അടച്ചിരിക്കുന്നു.
കവിതയ്ക്ക്
ലിംഗവിഭജനം നടത്തി
ജാതി ചേർത്ത്
നമ്പറിട്ട്
കോൺസെട്രേഷൻ കേമ്പിലെന്ന പോലെ
ഒരു പുസ്തകത്തിൽ
അവ കിടന്നു
തുറന്നു വിടൂ എന്നു കരഞ്ഞു.
കറുത്ത അക്ഷരങ്ങളിൽ
തളർന്നു കിടന്നു
-മുനീർ അഗ്രഗാമി

സങ്കടം

സങ്കടം
............
മരങ്ങളെ കുറിച്ച്
നാമെന്തെഴുതും ?
അവയുടെ വേരുകൾ
മണ്ണിലെഴുതിയത്
വായിക്കാതെ.

മണ്ണ് മരത്തിലെഴുതിയത്
ആകാശം വായിക്കുന്ന പോലെ
നമുക്കാവില്ല
ആകാശം വെളിച്ചത്തിന്
പറഞ്ഞു കൊടുക്കുന്നവ
നാം കേൾക്കുന്നു
എന്നു മാത്രം
ഇലകളും പൂക്കളും
നാം കേട്ട രണ്ടു വാക്കുകൾ മാത്രം
മരം സങ്കടം മറച്ച് ഉച്ചരിച്ചവ.
മരണത്തിനു മുമ്പ് നാമത് പകർത്തി
അനശ്വരമാക്കുന്നു
എന്നു മാത്രം
മരത്തെ കുറിച്ച്
ഇനിയൊന്നുമെഴുതില്ല
അതിൽ കൂടു വെച്ച
കിളി പറയാതെ.
- മുനീർ അഗ്രഗാമി

കാത്തിരിക്കുന്നവർ

കാത്തിരിക്കുന്നവർ
..................................
കാത്തിരിക്കുന്നവരെ
എനിക്ക് നന്നായറിയാം
അവരുടെ കണ്ണുകളിലാണ്
മുഴുവൻ കടലും
അവരുടെ മുഖത്താണ്
മുഴുവൻ മരുഭൂമിയും
അവരുടെ ഹൃദയത്തിലാണ്
മുഴുവൻ മഞ്ഞിന്റെ മരവിപ്പും

സത്യത്തിൽ
എല്ലാ ഋതുക്കളും അവരിലാണ്
അവരോളം പെയ്തവരും
അവരോളം വറ്റിയവരും
മറ്റെവിടെയുമില്ല
നിറയലും ഒഴിയലും
വേരുകളുടെ അന്വേഷണവും
അവരിൽ തന്നെ
കാത്തിരിക്കുന്നവരെ
എനിക്ക് നന്നായറിയാം
അവരിൽ എല്ലാ ഋതുക്കളിലും
ഇലപൊഴിക്കുന്ന ഒരു മരമുണ്ട്
എല്ലാ ഇലകളും കൊഴിഞ്ഞാലും
ഒരില മാത്രമതിൽ ബാക്കിയാകും
വരാനുള്ളയാളോട്
ഇപ്പോഴും പച്ചയാണെന്ന
ഓർമപ്പെടുത്തലാണത്.
കാത്തിരിക്കുന്നവർ
വെറും മനുഷ്യരല്ല
അവർ ജനലിലൂടെ
പുറത്തേക്ക് നോക്കി
ഇരിക്കുന്നു എന്നേയുള്ളൂ
വാസ്തവത്തിൽ അവർ
അവരിലല്ല ഉള്ളത്
ഉണ്ടായിട്ടും ഇല്ലാത്തവരാണവർ
മൗനത്തിന്റെ ചിറകകുളിൽ
ദേശാടനം നടത്തുന്ന
പക്ഷിയാണവർ
അവരിൽ നിന്നും കൊഴിഞ്ഞ
ഒരു തൂവൽ കണ്ടു
അതിന്റെ ഒരോ ഇഴയും ഓരോ വാക്കുകൾ
അതെടുക്കാൻ ശ്രമിച്ചു
ഭാരം കൊണ്ട് പൊങ്ങിയില്ല
പൊങ്ങിയില്ല.
- മുനീർ അഗ്രഗാമി

പ്രണയ സമുദ്രം

പ്രണയ സമുദ്രം
...........................
ഇത്രനാളും തിരയടിച്ചിട്ട്
ഒരു സൂചന പോലും തരാതെ
നീ ഉൾവലിഞ്ഞു
നിന്നിലൂടെ മുന്നേറിക്കൊണ്ടിരുന്ന
എന്റെ സ്വപ്നത്തിന്റെ കപ്പലുകൾക്ക്
ദിശതെറ്റി
എന്റെ സന്തോഷത്തിന്റെ
ബോട്ടുകൾ
കൊടുങ്കാറ്റിൽ പെട്ട്
എത്തേണ്ട തുറമുഖം മറന്നു
ആഴത്തിന്റെ അതിരിൽ വെച്ച്
നിനക്കെന്തോ പറ്റിയിട്ടുണ്ട്
നിന്റെ മുദ്രകൾ നേരത്തെ മാറിയിരുന്നു
ഏതോ വിഹ്വലതയുടെ ചുഴലി
നിന്നെ കീഴ്മേൽ മറിച്ചിരിക്കുന്നു
ഞാൻ മുങ്ങിക്കുളിച്ച
മനസ്സിൽ നിന്ന്
ജലത്തുള്ളികൾ
പിൻ വാങ്ങിയിരിക്കുന്നു
ഞാൻ നിൻറടുത്തെത്തുമ്പോൾ
നീ മുഖം തിരിക്കുന്നു
മറ്റേതോ തീരത്തു ചെന്ന്
നീ അപരിചിതരെ ചീത്ത പറയുന്നു
ഞാൻ നിന്റെ കണ്ണിൽ നോക്കിയിരുന്ന
സായന്തനങ്ങളിൽ
നിന്റെ മനസ്സ്
എന്റെ പ്രണയകിരണങ്ങൾ വീണ്
പ്രകാശിച്ചിരുന്നു.
നിന്റെ പ്രകാശം വീണ്
എന്റെ പൗർണ്ണമി
രാവു തീരുവോളം
നിലാവൊഴുക്കിയിരുന്നു
ആദിമമായ പ്രണയികളെ പോലെ
പ്രണയം നിന്നെയുമെന്നെയും
ഭ്രാന്തരാക്കിയിരുന്നു
രണ്ടു പേരും
ഭ്രാന്തുകളോരോന്നും
മണൽത്തരികളോടു പറഞ്ഞു
നാം ചിരിക്കുമ്പോൾ
അവയുടെ കവിൾ
നനഞ്ഞതിനു കണക്കില്ല
നീ പിൻവലിയുമെന്നും
ഞാനും മണൽത്തരികളും
നിന്റെ കുളിരോർത്തു
കടപ്പുറത്തലയുമെന്നും
അതോർത്തിരിക്കണം
ആ മണൽ നനവിലന്നതെഴുതിയ
വിരഹം
ഞാൻ വായിക്കാൻ പഠിച്ചില്ല
ആരാണ് നിന്നെ മുഴുഭ്രാന്തിയാക്കിയതെന്ന്
എനിക്കറിയാം
അവരോടെതിർക്കാൻ
എനിക്കു പടക്കോപ്പുകളില്ല
എത്ര പിണങ്ങിയാലും
ആർത്തലച്ചാലും
പൂച്ചക്കുഞ്ഞായി നീ തിരിച്ചു വരും
തീരത്ത്
വെയിലിൽ കളിക്കും
തിളയ്ക്കും സായന്തനത്തിൽ
കവിൾ തുടുക്കും
പക്ഷേ
ഉൾവലിയുമ്പോൾ
നീയെനിക്കപിരിചിത
അജ്ഞാതമാം അപാരത
വരണ്ടുണങ്ങിയ
ഈ മണൽത്തരികളിൽ
എന്റെ സ്നേഹം പുരണ്ടിരിക്കുന്നു
അത്
നിന്നെക്കാത്തിരിക്കുന്നു
നിന്റെ ചുംബനമേറ്റു
ജീവിക്കുന്നവനോട്
എന്റെ പ്രണയ സമുദ്രമേ
പോകുമ്പോൾ
ഇനിയെങ്കിലും
പറഞ്ഞിട്ടു പോകണേ !
-മുനീർ അഗ്രഗാമി

ഡിസംബർ നക്ഷത്രം

ഡിസംബർ നക്ഷത്രം
...................................
രാത്രിമരത്തിൽ
ചേക്കേറുന്നു,
ചിറകു തളർന്ന കിളികൾ
ഇരുകാലികൾ
ഏതോ സ്വപ്ന ഭംഗത്തിന്നിരകൾ

പകൽമഹോത്സവം
കഴിഞ്ഞു തളർന്നൂ
വേഗങ്ങളൊക്കെയും
കാറ്റു വരും ദിക്കു നോക്കി
പ്രാണനെ ഉടലിൽ ഛായയിൽ
ആറിയിടുന്നു,
നിസ്സഹായർ
നിശ്ശബ്ദരായിപ്പോയവർ
മോളുടെ ചാരെയൊരു കുഞ്ഞു താരാട്ടിൻ
തൊട്ടിൽക്കയർ പിടിച്ചോ_
മനിച്ചാലോലമാട്ടുന്നു
ഞാനോർമ്മയെ
കുഞ്ഞു പുഞ്ചിരിയേറ്റു ടലിൽ
തളർച്ച മാറുന്നു
പൗർണ്ണമി ച്ചന്ദ്രൻ മനസ്സു
തൊട്ടു നോക്കുന്നു
കുഞ്ഞു ചുണ്ടിലോമൽ
നിലാവൊളി
അന്നേരം
രാത്രിയിലേക്ക് തണുപ്പ് അമ്പെയ്യുന്നു മെല്ലെ
എവിടെ നിന്നാണത് ?
ഞാനും മോളും
ദേഹത്തു ചേർന്നു കിടക്കും
കുളിരിനോടു ചോദിച്ചു
ജനലിൻ പഴുതിലൂടെ
വീണ്ടും വന്നു വീഴുന്നു
ഒളിയമ്പുകൾ
അദൃശ്യനല്ലവൻ
പുറത്തവന്റെ തൂവെള്ളച്ചിരി
പരന്നു കിടക്കുന്നൂ
കുഞ്ഞേ
ആദ്യമായ് നിന്നക്കാണാൻ
വന്നതാണാ നക്ഷത്രം
ത്തണുത്ത രശ്മികളുള്ളവൻ,
ഡിസംബർ.
മഞ്ഞുപ്രകാശമുള്ളവൻ .
-മുനീർ അഗ്രഗാമി

ഇരുളിന്നിതളിൽ

ഇരുളിന്നിതളിൽ
.......................
ഇരുളിന്നിതളിൽ
നിലാത്തുള്ളികൾ
ചന്ദ്രനൊരു പൂമ്പാറ്റ
-മുനീർ അഗ്രഗാമി

നിന്നില

നിന്നില]
................
കണ്ടു തീർന്നതില്ല
നിൻ ഗ്രാമഭംഗി
പുലരിയിൽ
പൂത്തുലഞ്ഞ മഴ നനഞ്ഞു
നിന്നിലത്തുമ്പിൽ
എന്റെ സൂര്യ നയനങ്ങൾ.
- മുനീർ അഗ്രഗാമി

എന്റെ വലതുപക്ഷം നിന്റെ ഇടതു പക്ഷമാണ്

എന്റെ വലതുപക്ഷം
നിന്റെ ഇടതു പക്ഷമാണ്
.................................
ജനാധിപത്യപരമായി
നാം സംസാരിക്കുന്നു
ഞാൻ പ്രതിപക്ഷം
നീ ഭരണ പക്ഷം.
നാം അഭിമുഖമായി നിൽക്കുമ്പോൾ,
സംവാദത്തിലേർപ്പെടുമ്പോൾ,
എന്റെ വലതുപക്ഷം
നിന്റെ ഇടതു പക്ഷമാണ്
എന്റെ ഇടതുപക്ഷം
നിന്റെ വലതുപക്ഷമാണ്
അത്രയേയുള്ളൂ
അത്ര മാത്രമേയുള്ളൂ .
-മുനീർ അഗ്രഗാമി

നിന്നോട്

നിന്നോട്
..........
ഞാൻ പെയ്യുകയാണ്
കടലേ, കൊള്ളുക!'
ആളും സായന്തനത്തിരകൾ
ആറട്ടെ!

-മുനീർ അഗ്രഗാമി

തലസ്ഥാനത്തിൽ വലിയ ഒരു കാറ്റ്

തലസ്ഥാനത്തിൽ വലിയ ഒരു കാറ്റ്
..........................................
വലിയ മരങ്ങളൊക്കെ
കടപുഴകാൻ തുടങ്ങിയിരിക്കുന്നു
തലസ്ഥാനത്തിൽ വലിയ ഒരു കാറ്റ്
വീശാൻ തുടങ്ങിയിരിക്കുന്നു,
കാറ്റിനൊപ്പം പേടി പെയ്യുന്നുണ്ട്
വീടൊഴിഞ്ഞു പോവുന്ന വരുടേയും
നാടൊഴിഞ്ഞു പോവുന്ന വരുടേയും
എണ്ണം കൂടിയിരിക്കുന്നു
കയ്യേറ്റങ്ങൾ ഒഴിയാനുള്ള മുന്നറിയിപ്പുമായി
ഇടിമുഴക്കങ്ങൾ വന്നു
ആരും അനങ്ങിയില്ല
ഇപ്പോൾ ഒരു ചുഴലി
അതെല്ലാം വേരോടെ
പിഴുതു കളയുന്നു
സിംഹാസനങ്ങൾ പോലും
തെറിച്ചു പോയിരിക്കുന്നു
എല്ലാ മഴയും കുളിരു കൊണ്ടല്ല വരുന്നത്
തെക്കുനിന്നാണോ
വടക്കുനിന്നാണോ
ആ കാറ്റു വീശുന്നതെന്ന്
എനിക്ക് സംശയമുണ്ട്
നിങ്ങളതിനെ വിളിക്കുന്ന
പേരിൽ പോലും എനിക്ക്
സംശയമുണ്ട്
ഇപ്പോൾ അടിച്ചു കൊണ്ടിരിക്കുന്ന
ഈ കാറ്റ്
കരിഞ്ഞുണങ്ങുന്ന
നെൽച്ചെടിയെ
തണുപ്പിക്കാൻ വന്നതല്ല
പേമാരി തുടങ്ങി
എല്ലാം ശരിയാകുമെന്ന
പ്രതീക്ഷ
നിലയില്ലാ വെള്ളത്തിൽ മുങ്ങുന്നു
അത് രക്ഷപ്പെടുമോ ?
- മുനീർ അഗ്രഗാമി

കളി കഴിയുമ്പോൾ

കളി കഴിയുമ്പോൾ
...............................
ഒരിക്കൽ
നിശ്ശബ്ദതതയെ
വേരോടെ പിഴുതുകളഞ്ഞ്
നാം റബർത്തോട്ടത്തിലൂടെ
നടന്നു

കരിയിലകൾ
ചിരിച്ചു കൊണ്ട്
നമുക്കൊപ്പമോടി
ഓടിയോടിത്തളർന്ന് കിടന്നു
പേടി
പെരുമ്പാമ്പായി
ഇലകൾക്കടിയിൽ
തൊള്ളിട്ടു കിടന്നു
പിടഞ്ഞു
അച്ചാച്ചാ
അപ്പാപ്പാ എന്ന്
ഉള്ളിൽ നിന്ന്
ആരാണ്ടു വിളിച്ചു
കരിയിലകൾ
നിർത്താതെ ചിരിച്ചു
നില തെറ്റിയ പേടിച്ചിരിയിൽ
നീ പുരുഷനും
ഞാൻ പെണ്ണെന്നുമൊരാ ളൽ
ഞെട്ടിയെണീറ്റ്
വീട്ടിലേക്കോടി
രണ്ടു ദിക്കിലേക്ക്
തോട്ടത്തിന്റെ രണ്ടു കരകളിലേക്ക്
നിശബ്ദതയുടെ വിത്ത്
പാറി വന്നു,
എന്നിലും നിന്നിലും
വീണ്ടും
വീണു മുളച്ചു
വീട് അമ്മയെ പോലെ
ഹൃദയം തുറന്ന്
കൈകൾ നീട്ടി
ഓടിച്ചെന്നു
അമ്മച്ചിയെ കെട്ടിപ്പിടിച്ച്
കരഞ്ഞു
നിശ്ശബ്ദത മുളച്ചുപൊന്തിയ കാട്ടിൽ
മുയൽക്കുഞ്ഞിനെ പോലെ
പതുങ്ങി
ഹൃദയം മിടിക്കുന്നു
നിനക്കു കേൾക്കാൻ.
റബ്ബർ മരങ്ങളേ
ഈ തുടിപ്പുകളവന്
കൊടുക്കുമോ?
എന്റെ വീടു തൊട്ട്
നിന്റെ വീടു വരെ
നാഡീകോശങ്ങളെ പോലെ
റബ്ബർ മരങ്ങൾ
കൊമ്പോടു കൊമ്പുചേർത്തു
നിൽക്കുന്നു.
ഒരു മരത്തിൽ നീ
വിരൽ തൊട്ടു മീട്ടിയാൽ
എനിനക്കു കേൾക്കാം
നിൻ ഹൃദയ സ്പന്ദനം
- മുനീർ അഗ്രഗാമി

ആളുകൾ ൧,൨,൩....

ആളുകൾ ൧,൨,൩....
.....:........:....:.....
ഒരാൾ
ഇല്ലായ്മയുടെ ഇലകളിലൂടെ
നടന്നുപോകുന്നു
ഉണ്ടോ എന്നറിയാതെ .
***

ഒരാൾ
നിലാവിനെ മുഴുവനായും
തുടച്ചു കളഞ്ഞ്
രാത്രിയെ ശുദ്ധമാക്കി
വിശുദ്ധിയെന്ന കറുപ്പിൽ
അയാൾ കരിഞ്ഞു പോയി
* * *
ഒരാൾ
സ്വയമറിയാതെ
അവളിൽ കിടന്നു
ഉറങ്ങിപ്പോയി
ഉണരാൻ മറന്നു പോയി
* * *
ഒരാൾ
മിന്നാമിനുങ്ങിന്റെ
വെളിച്ചത്തെ സ്നേഹിച്ചു
അയാൾ ഉടൻ രാത്രിയായി
മറ്റൊന്നും കണ്ടില്ല
* * *
ഒരാൾ
അയാളുടെ വെളിച്ചത്തിൽ
ഒരു ലോകമുണ്ടാക്കി
അയാൾ അസ്തമിച്ചിട്ടും
ലോകം ഇരുട്ടിലായില്ല .
* * *
ഒരാൾ
ഒരു തുള്ളി.
അയാളിലൂടെ മാത്രമല്ല
ഒരു മീൻ നീന്തുക !
* * *
ഒരാൾ
വീണു കിടന്നു
ഒരു കാറ്റും അയാളെ
എങ്ങോട്ടും കൊണ്ടു പോയില്ല
അയാൾ സ്വയം പോകാതെ.
***
ഒരാൾ
പ്രണയത്തിൽ വീണു;
അയാൾക്ക്
പ്രാണനുണ്ടെന്ന്
മനസ്സിലായി
-മുനീർ അഗ്രഗാമി

ആത്മാവുള്ള സമുദ്രത്തിന്റെ നൃത്തമാണ് പൗരൻ

ആത്മാവുള്ള
സമുദ്രത്തിന്റെ നൃത്തമാണ്
പൗരൻ
.................................
സ്വാതന്ത്ര്യം
ദിശയറിയുന്ന കപ്പൽ
കൃഷ്ണമണി പോലെ.
ജനാധിപത്യം കടൽ
വലിയ കുഴിയിൽ
തിളങ്ങുന്ന
കണ്ണെന്ന പോലെ.

അതിന്റെ കാഴ്ച
എന്റെ രാജ്യത്തിന്റെ ആത്മാവ്
ആത്മാവുള്ള
സമുദ്രത്തിന്റെ നൃത്തമാണ്
പൗരൻ
-മുനീർ അഗ്രഗാമി

മരിച്ചവരും ജീവിച്ചിരിക്കുന്നവരും

മരിച്ചവരും
ജീവിച്ചിരിക്കുന്നവരും
......................
മരിച്ചവർക്ക്
ഇടക്കിടെ വന്നിരിക്കാനുള്ള
സത്രമാണ് ഞാൻ
ജീവിതം കൊണ്ട്
അവർ തന്നെ പണിതത്
സ്വപ്നം കൊണ്ട്
അവർ തന്നെ നിറം കൊടുത്തത്.

മരിച്ചവർ സംസാരിക്കുന്നു
മുറുക്കുന്നു
മൂകതയഴിച്ചെടുക്കുന്നു
ഒറ്റയാവാതെ പിടിച്ചു നിർത്തുന്നു
ഓരോ സത്രവും
ഒരോ ദേശത്തിന്റെ
ജീവനുള്ള
ഏകാന്തതയാണ്
മരിച്ചവർ
ജീവിച്ചിരിക്കുന്നവരോളം
മരിച്ചവരല്ല;
അവർ സ്വതന്ത്രരാണ്
എല്ലാ വാതിലുകളും
ജനാലകളും തുറന്നിട്ട്
ഓർമകളിലൂടെ നടന്നു പോകും
ചിലപ്പോൾ സത്രങ്ങൾ
മരിച്ചവരും
ജീവിച്ചിരിക്കുന്നവരും തമ്മിൽ
ഒരു നിശ്വാസത്തിന്റെ ദൂരം മാത്രം
ആ നിശ്വാസത്തിലൂടെയാണ്
അവർ നടന്നു വരിക.
എല്ലാ മനുഷ്യരും
അകമുള്ളവരല്ലാത്തതുപോലെ
എല്ലാ കെട്ടിടങ്ങളും
സത്രങ്ങളല്ല
ഉൾക്കൊള്ളാനുള്ള
മനസ്സുള്ളവ മാത്രം
കണ്ണു നിറയുന്നു എങ്കിൽ
അവർ ജനലിലൂടെ
എന്നെ നോക്കുന്നു എന്നാണർത്ഥം.
- മുനീർ അഗ്രഗാമി

അയാൾ

അയാൾ
.............
കണ്ടു തീരാത്ത
കവിതയാണ്
ഓരോ പുരുഷനും.
ഒരുവൾ ,
അയാളെ മാത്രമായി
വായിക്കുമ്പോൾ .
- മുനീർ അഗ്രഗാമി

വീണ്ടും ഒന്നിച്ചിരിക്കുക

വീണ്ടും ഒന്നിച്ചിരിക്കുക
 ...............................

ഒന്നിച്ചിരിക്കുക
ഒരുമിച്ചിരിക്കുക
വീണ്ടും ഒന്നിച്ചിരിക്കുക
അല്പം വൈകാതെ
അല്പനേരം
ഒരു ചുംബനം
നിങ്ങൾക്കിടയിൽ വന്നിരിക്കും

കുഞ്ഞിനോളം
നിഷ്കളങ്കമായത്.
- മുനീർ അഗ്രഗാമി
നീയാരെടാ?
......................
ഉറക്കത്തെ കുന്തമുനയിൽ നിർത്തി
നീയാരെടാ എന്നു ചോദിച്ചു
അത് പേടിച്ചെങ്ങോട്ടോ പോയി
ഞാനും ഗിരീഷ്മാഷും
അലിഫ് ഷായും
അതിനെ തിരഞ്ഞു നടക്കുന്നു
കാളികാവ്
ജിയുപി സ്കൂളിന്റെ മതിലു ചാടി
അതെങ്ങോട്ടു പോയി ?.
രാത്രി സ്കൂളിനെ കരിമ്പടം കൊണ്ട്
മൂടിയിട്ടിട്ടും
ഉറങ്ങാതെ
അതെന്തിനാണ്
ഞങ്ങളെ തണുപ്പു കൊണ്ട്
കുത്തുന്നത് ?
രാത്രി കറുത്ത കൊതുകാണ്
ഉടലിൽ നക്ഷത്ര പ്പുളളികളുള്ളത് .
അതിന്ന് രണ്ടു കൊമ്പുകൾ
ഒന്ന് തണുത്തമുനയുള്ളത്
ഒന്ന് ചൂടുള്ളത്
ഉറക്കത്തെ കണ്ടു പിടിക്കുവോളം
അത് കടിച്ചു കൊണ്ടിരിക്കും.


-മുനീർ അഗ്രഗാമി

ഒരു നാട്ടുമാവിനെ പരിചയപ്പെട്ടു

ഒരു നാട്ടുമാവിനെ
പരിചയപ്പെട്ടു
.........................
അലസമായി ഒഴുകുമ്പോൾ
മാമ്പൂക്കൾ കരിഞ്ഞു കിടക്കുന്ന
ഒരു നാട്ടുമാവിനെ
പരിചയപ്പെട്ടു,
തപിക്കുന്നു,
തണുപ്പിക്കൂ
തണുപ്പിക്കൂ എന്നതു പറഞ്ഞു
കൊണ്ടിരുന്നു
സ്വയം വീശി
അകത്തും പുറത്തും ചൂട്
തീക്കാറ്റായ് പൊള്ളി നിന്നു

ഇത്തിരി തണുപ്പു കൊണ്ടു വരാം
കാത്തിരിക്കുമോ
എന്നു ചോദിച്ചു
മൗനം വാചാലമായി
പോയി
കടലു കടന്നു
മരുഭൂവിലലഞ്ഞു
മഴയും മഞ്ഞും തിരഞ്ഞു
തിരിച്ചു ചെല്ലണം
മാമ്പഴക്കാലമുണ്ടാക്കണം
എന്നെ കാത്തിരിക്കുമ്പോലെ
എത്രയെത്ര മാവുകൾ
കാത്തിരിക്കുണ്ടാവും
എത്രയെത്ര കാറ്റുകൾ
ഗതികിട്ടാനായ്
എന്നെ പോലെ അലയുന്നുണ്ടാവും
ഒറ്റയാവുമ്പോൾ
കാറ്റേ കാറ്റേയെന്നൊരു വിളി
കാതിൽ സ്നേഹം
തോറ്റിയുണരുന്നു
വീഴാതെ അതു പിടിച്ചു നിൽക്കുന്നു
മാന്തളിരുകൾ
കണ്ണിൽ കളിക്കുന്നു
മാവേ വീഴാതെ
വീഴാതെ നീ തളിരിലച്ചിരിയുമായ്
നിൽക്കുവോളം
ഞാനുണ്ട്
നിന്നിലും;
എന്നിലും.
-മുനീർ അഗ്രഗാമി

ഒപ്പം

ഒപ്പം
* * * * * * *
ഇളം വെയിൽ
നമുക്കൊപ്പമിരുന്നു
പാർക്കിലെ മരബെഞ്ചിൽ

ഓർമ്മകളുടെ
അവശിഷ്ടം പോലെ
കടലത്തൊലികൾ
തിളങ്ങി
മരം നിഴലുനീട്ടി
നമ്മെ തൊട്ടു,
അമ്മമ്മ
സുഖാണോ മക്കളേ
എന്നു ചോദിക്കുമ്പോലെ
അതിന്റെ നിഴൽച്ചുണ്ടു വിറച്ചു
മരക്കൊമ്പിൽ
രണ്ടു കളികൾ കൊക്കുരുമ്മുന്നു,
കൊക്കില്ലാത്തതിനാൽ
നാമതു നോക്കി നിന്നു
ഏഴിലംപാല പൂത്തു കൊഴിഞ്ഞ വഴി
ആളുകൾ ആഗ്രഹങ്ങളിലൂടെ
നടന്നു പോകുന്നു
ഭാരമില്ലാത്ത ചിരികളിൽ
അല്പനേരമിരിക്കുന്നു
വെയിൽ പോയി
നിഴൽ പോയി
നാം നടന്നു പോയി
വീട്ടിലെത്തിയെന്റെ
നെഞ്ചിലെത്താരാട്ടു കേട്ടു കിടക്കവേ
നീ ചോദിച്ചു ,
നാമിരുന്ന
മരബെഞ്ചിലിപ്പോൾ
അസമയത്തിന്റെ വിരലുകൾ
തൊട്ടു നോക്കുന്നുണ്ടാവുമോ ?
ഇരുളും കരിയിലകളും
വന്നിരിക്കുന്നുണ്ടാവുമോ ?
നാമവിടെ
ഉപേക്ഷിച്ചു പോന്ന വേദനകൾ;
വേവലാതികളും
അവ കണ്ടുകാണുമോ ?
- മുനീർ അഗ്രഗാമി

വിടർന്നില്ല

വിടർന്നില്ല
................
പൂവിനെ കുറിച്ച്
എത്ര കവിത വായിച്ചു !
ഒന്നു പോലും
വിടർന്നില്ല
-മുനീർ അഗ്രഗാമി

മൈനയെ കാണുന്നു

മുറ്റത്ത്
ഒരൊറ്റ മൈനയെ കണ്ട്
നീ ദു:ഖിക്കേണ്ട ,സുരേഷ്
നിനക്കൊപ്പം
ഞങ്ങളും തിരിഞ്ഞു നോക്കുന്നു
മൈനയെ കാണുന്നു
നീ കണ്ട സമയത്തിന്റെ
അതേ ചില്ലയിലിരുന്ന്

ഞങ്ങൾ
അങ്ങോട്ടു പറന്നു വന്നു
കാലത്തിന്റെ ആകാശത്തിൽ തുഴഞ്ഞ്.
ഞങ്ങളിപ്പോൾ
പിന്നോട്ടു പറക്കുന്ന
കുഞ്ഞു പക്ഷികളാണ്
ദൂരം കൂടുന്തോറും
പ്രായം കുറയുന്ന പക്ഷികൾ
പറന്ന് പഴയ ക്ലാസ് മുറിയിലെത്തുമ്പോൾ
മനുഷ്യരാകുന്നു
നിന്നെ കാണുന്നു
നീ കണ്ട മൈനയെ കാണുന്നു
ക്ലാ ക്ലാക്ലീ ക്ലി
ശബ്ദം കേൾക്കുന്നു
സുരേഷ്,
നാമെല്ലാവരും
ഒരുമിച്ച് കാണുന്ന
ആ മൈനയാണ്
സന്തോഷം
അത് പറക്കാതെ
അവിടെയിരിക്കട്ടെ!
- മുനീർ അഗ്രഗാമി

നീ സുഖമായുറങ്ങുന്നു

നീ സുഖമായുറങ്ങുന്നു
........................
സ്വപ്നത്തിന്റെ ഒരറ്റം പിടിച്ച്
നീ സുഖമായുറങ്ങുന്നു
മറ്റൊരറ്റത്ത് നിന്നെ ഓർത്ത്
ഞാൻ ഉണർന്നിരിക്കുന്നു
അതുകൊണ്ടാവുമോ
ദൈവം രാത്രിയേയും പകലിനേയും
തമ്മിൽ കാണാൻ സമ്മതിക്കാത്തത് !

-മുനീർ അഗ്രഗാമി

അമ്മ ക്ഷീണിതയായിരുന്നു

അറുപതു വയസ്സു കഴിഞ്ഞ
അമ്മ ചോദിച്ചു:
മക്കളേ
എല്ലാം പുരോഗമിച്ചെന്ന്
വാർത്തയുണ്ടല്ലോ
എന്നിട്ടും
പഴയ ചിരട്ടയിലാണല്ലോ
എനിക്കിപ്പോഴും കഞ്ഞി ?

അമ്മ ക്ഷീണിതയായിരുന്നു
ഉടലിൽ വടുക്കളും
മുറിവും വ്രണങ്ങളും
നിറഞ്ഞിരുന്നു
അമ്മയുടെ പേരിൽ
ജാതിവാലില്ലായിരുന്നു
എന്നിട്ടും
ജാതി നന്നായി തെളിഞ്ഞിരുന്നു
അമ്മ,
വന്നുകയറിയവളായിരുന്നില്ല
ചുളിവുകൾ
ആദിമനിവാസിയെന്നതിന്റെ
തെളിവായ് നെറ്റിത്തടത്തിൽ
കിടന്നിരുന്നു
അമ്മേയെന്നു വിളിക്കുവാനാരും
അടുത്തില്ലാതെ
കുടിനീരു കിട്ടാതെ
അമ്മ ഞരങ്ങുന്നു
അവിടെ
'അല്ലല്ലെന്തുകഥ'യെന്ന്
അത്ഭുതപ്പെടാൻ
ആരുമുണ്ടായിരുന്നില്ല
അല്ലലാലാരും
ജാതിമറന്നതുമില്ല
അമ്മയുടെ പേരു പോലുമവർ മറന്നിരിക്കാം
കേരളമെന്നതു പറഞ്ഞാലും
പേരക്കുട്ടികൾ തിരിച്ചറിയില്ല
- മുനീർ അഗ്രഗാമി

ഗതിയെന്താണ് ?

വാർത്ത
മാദ്ധ്യമങ്ങൾ കോരിയെടുക്കുമ്പോൾ
വീണുപോയ കഷണങ്ങൾ
എവിടെയാണ് ?
അവയാരാണ്
കൊണ്ടുപോയത് ?
അവയുടെ
ഗതിയെന്താണ് ?

ന്താണ് ?
.
.
-മുനീർ അഗ്രഗാമി

അകം കവിത

അകം കവിത
......................
നിനക്കറിയില്ല
നിലാവില്ലാത്ത
രാത്രിയുടെ അകം
ഒറ്റയ്ക്കായ ഒരേയൊരു മീൻ
കടലു താണ്ടുമ്പോലെ
ഇരുളു താണ്ടുന്ന
വേദനയുണ്ടതിൽ
നിന്റെ വെളിച്ചത്തിലല്ലാതെ
ഒരു വെളിച്ചത്താലും
പുറത്തെത്താത്ത
നിറമാണതിന്
എന്റെ
നാട്ടു വെളിച്ചം
ആരാണപഹരിച്ചത് ?
ആകാശത്ത്
പൂത്തിറങ്ങിയ
ആയിരം കാന്താരികൾ
ആരാണ് ഇറുത്തെടുത്തത്?
നിലാവിന്റെ വാക്കുകളെ
കെട്ടിപ്പിടിച്ചു കരഞ്ഞതിന്നോർമ്മ
മാത്രമാണിന്നെന്റെ വെളിച്ചം
എന്റെ രാത്രിക്കണ്ണ്.
ഇഴയുവാനെങ്കിലുമുള്ള
നുറുങ്ങുവെട്ടം
സൂര്യനില്ലെങ്കിലും
നീയുണ്ടല്ലോ എന്നു സമാധാനിക്കെ
മുഴുനിലാവോടെ
നീയൊങ്ങോട്ടാണ്
അപ്രത്യക്ഷമായത് ?
നിനക്കറിയില്ല
നിലാവില്ലാത്ത
രാത്രിയുടെ അകം.
- മുനീർ അഗ്രഗാമി

നില്പ്

നില്പ്
........
ഉന്മാദത്തിന്റെ ഇലയിൽ
ഒരുറുമ്പ്
ദൈവത്തിന്റെ ചുംബനം കാത്ത്
നദി അതിനെ
ഒഴുക്കുമ്പോഴും

- മുനീർ അഗ്രഗാമി

പുനരുദ്ധാരണവും പുന:പ്രതിഷ്ഠയും

പുനരുദ്ധാരണവും പുന:പ്രതിഷ്ഠയും
...............................................................
വിശ്വസ്തരേ,
ജീർണ്ണിച്ചു തുടങ്ങിയ
നമ്മുടെ
നവോത്ഥാന മൂല്യങ്ങളെ
പഴയ ചൈതന്യത്തോടെ
ഉടനെ നമുക്ക്
പുനരുദ്ധരിക്കണം

വരുന്ന മേടം ഒന്നിന്
നമ്മുടെ മനസ്സിൽ
പ്രസ്തുത മൂല്യങ്ങളുടെ
പുന:പ്രതിഷ്ഠ നടത്താനാണ്
തീ രു മാ നം
ആയതിനാൽ
എല്ലാവരും
ഉദാരമായി
മാനസികമായി
സംഭാവന ചെയ്യണം
എന്ന്
പുന:പ്രതിഷ്ഠാ കമ്മിറ്റിക്കു വേണ്ടി
കേരളൻ രണ്ടാമൻ
(ഒപ്പ്)
- മുനീർ അഗ്രഗാമി

ചുവന്ന മരം

ചുവന്ന മരം
...................
ഒരേ മരത്തിന്റെ
രണ്ടു കൊമ്പുകൾ തമ്മിൽ
കൊമ്പുകോർക്കുന്നു
മുറിവിലും ചതവിലും
ചെഞ്ചോരച്ചുവപ്പു തന്നെ !
ഇലയിലും തടിയിലും
ചെഞ്ചോരച്ചു വപ്പുതന്നെ.
തമ്മിൽ തല്ലി മരിച്ചാൽ
അതു ഭരിക്കുന്ന
തണലെന്തു ചെയ്യും ?
തണലിലിരിക്കും
ക്ഷീണിതരെന്തു ചെയ്യും ?
ചുവന്ന മരമേ
ച്ചവന്ന മരമേ
എന്നൊരു കരച്ചിൽ
അശാന്തമായി പറക്കുന്നു
അതിൽ കൂടു വെച്ച കിളിയാണത്
ആ കിളിയെന്തു ചെയ്യും ?
അതിന്റെ കൂടെന്തു ചെയ്യും
കൂട്ടിലെ കുഞ്ഞെന്തു ചെയ്യും ?
ഉയരത്തിൽ പാറുവാനുള്ള
കുഞ്ഞിന്റെ സ്വപ്നമെന്തു ചെയ്യും?
-മുനീർ അഗ്രഗാമി

ശൂ ,ശൂ... ദോശ

ശൂ ,ശൂ...
ദോശ
..........
ശൂ ,ശൂ...
ദോശയുടെ ഒച്ചയിൽ
നീ വിളിച്ചു

അടുക്കളക്കല്ലിൽ
ദോശ
പരന്നു ,
ചിരിച്ചു
വെന്തു.
പുലരിത്തണുപ്പ്
കുടഞ്ഞെറിഞ്ഞ്
ഞാൻ വന്നു നോക്കുന്നേരം
പാകമായൊരു പ്ലെയ്റ്റിൽ;
ഇതാ ഞാൻ
ഫ്രീയായെന്നു
ഡൈനിംഗ് ടേബിളിൽ
ഒച്ചയില്ലിപ്പോൾ ;
ആവി പാറുന്നു
ചൂടുള്ള ചിരി മാത്രം
പുലരിത്തണുപ്പ്
രസിക്കുവാനാകാതെ
മൊരിഞ്ഞ ജീവിതം !
രുചിക്കൂ,
രുചിക്കൂ
എന്നു
നിശ്ശബ്ദം മൊഴിയുന്നു;
നീയോ ദോശയോ ?
-മുനീർ അഗ്രഗാമി

ഒപ്പം

ഒപ്പം
.......
എത്ര പറഞ്ഞിട്ടും
തീരാത്ത വാക്കിന്റെ
കൈ പിടിച്ച്
നിനക്കൊപ്പം നടക്കുന്നു

- മുനീർ അഗ്രഗാമി

ചിതലുകൾ

ചിതലുകൾ
...................
ചിതലുകൾ
വായിച്ചു തീർത്ത പുസ്തകങ്ങൾ
മണ്ണിലേക്കു
വിവർത്തനം ചെയ്യുന്നു.

കവിതകൾ,
കഥകൾ,
ഉപന്യാസങ്ങൾ
പൊതു വിജ്ഞാനവും.
ജലത്തിനും മരത്തിനും
പുല്ലിനും പുഴുവിനും
മനസ്സിലാകുന്ന ഭാഷയിൽ
എഴുതി വെക്കുന്നു.
പരിഭാഷ,
തർജ്ജമ,
പുനരാഖ്യാനം,
അനുകല്പനമെന്നിങ്ങനെ
പലതായ്
മണ്ണിലവ ലയിക്കുന്നു
രസാസ്വാദനം;
ആനന്ദം
ചിതലിൻ രസനയിലും
മണ്ണിൻ നാക്കിലും
വായിക്കാതെ
ഞാൻ കൂട്ടിയിട്ട
ബൃഹദാഖ്യാനങ്ങൾ
എടുത്തു വായിക്കുവാൻ
വന്നവരവർ,
ചിതലുകൾ
എനിക്കറിയാത്ത ഭാഷയിലേക്കു
മൊഴിമാറ്റിയെന്നെ
തോൽപ്പിച്ചു ;
പരാതിയില്ല,
സങ്കടമുണ്ടിത്തിരി
ഇത്രനാളും
സ്നേഹമോടൊന്നു
തിരിഞ്ഞു നോക്കാത്തതിൽ
പുസ്‌തകങ്ങളേ
കുറ്റമേൽക്കുന്നു ഞാൻ
കുത്തഴിഞ്ഞ തിരക്കിൽ,
നിങ്ങളെന്നെ മറന്നു
ചിതലിനൊപ്പം പോയതാവാം
ചിലതെന്നെ പഠിപ്പിക്കുവാൻ !
-മുനീർ അഗ്രഗാമി

🦋*flashpoetry *🦋 കടങ്കഥ

🦋*flashpoetry *🦋
കടങ്കഥ
...................
രാജാവ്
രാജിയാക്കുവാൻ നോക്കി
മന്ത്രി രാജി വെച്ചു.
കഥയിൽ
ആരാണ് തോറ്റത്?
ആരാണ് ജയിച്ചത് ?

-മുനീർ അഗ്രഗാമി

ആലിംഗനം ഒരു ഭാഷയാണ്

ആലിംഗനം ഒരു ഭാഷയാണ്
..................................
ആലിംഗനം ഒരു ഭാഷയാണ്‌ ജോഷീ...
ഖുറേഷിക്ക പറഞ്ഞു
ജോഷിയേട്ടനും ഞാനും
ഞാവൽമരവുമതു കേട്ടു

ആദിമമായ ഭാഷ
ഭാഷയ്ക്കും മുമ്പുള്ള
അതിജീവനത്തിന്റെ ഭാഷ
ആനന്ദത്തിന്റേയും ആഘോഷത്തിന്റെയും ഭാഷ
പ്രപഞ്ച ഭാഷ...
മനുഷ്യൻ,
മൃഗം, മരം എന്ന ഭേദമില്ലാതെ
സംവദിക്കാവുന്ന ഭാഷ,
ഖുറേഷിക്ക തുടർന്നു
കൈകളാണ് ആലിംഗനത്തിന്റെ
ആദ്യാക്ഷരങ്ങൾ
ഉടലുകൾ വാക്കുകളും
രണ്ടു വാക്കുകൾ
ആലിംഗനബദ്ധരാകുമ്പോൾ
പുതിയ അർത്ഥങ്ങളുണ്ടാകുന്നു
ജോഷിയേട്ടൻ എല്ലാം കേട്ടു നിന്നു
വള്ളികൾ പേരറിയാമരത്തെ
ചേർത്തു പിടിക്കുന്നു
കാറ്റ് പൂക്കളെ
അണ്ണാൻ മരങ്ങളെ
ഉറുമ്പൊരു മാമ്പൂവിനെ
ജാതി,
മതം,
വർണ്ണം
എല്ലാത്തിനുമതീതമായി
ഒരു ഭാഷ
അതിന്റെ ലിപികളാൽ
സ്നേഹമാകുന്നു
ഞാനും ഖുറേഷിക്കയും
ജോഷിയേട്ടനും
ഞാവൽമരവുമതു കണ്ടു നിന്നു;
കോടമഞ്ഞ് വന്ന്
ഞങ്ങളെ ആലിംഗനം ചെയ്തു .
- മുനീർ അഗ്രഗാമി

🦋*flashpoetry *🦋 നേതാവ്

🦋*flashpoetry *🦋
നേതാവ്
...................
എന്റെ നേതാവേ
നീ തന്നെ അഴിമതി
അരാജകത്വം,ആർഭാടം!
ഞാൻ വോട്ടു ചെയ്ത്
നിന്നെയിങ്ങനെ
ചീത്തയാക്കിയല്ലോ!

-മുനീർ അഗ്രഗാമി

പ്രണയ വീടുകൾ

പ്രണയ വീടുകൾ
.............................
പ്രണയം
ഒറ്റപ്പെടുന്നവർ പാർക്കുന്ന
പുതിയ വീടാണ്
അശാന്തമായ മനസ്സിന്
അഭയമായി
ഓരോ പ്രണയിയും
പണിയുന്നത്.

അടിത്തറയ്ക്കനുസരിച്ചാണ്
വീടിന്റെ ഉറപ്പും എടുപ്പും;
സ്നേഹം അടുക്കി വെച്ച് നാം
അത് പണിതുയർത്തുമ്പോൾ.
നമുക്ക് പാർക്കാൻ
നാം തന്നെ ഉണ്ടാക്കുന്ന
മുന്തിരിത്തോപ്പുകൾ
കടൽക്കൊട്ടാരങ്ങൾ
രമ്യഹർമ്യങ്ങൾ
ചിലപ്പേൾ ടെൻറുകൾ
ഏറുമാടങ്ങൾ
എന്തിന്
ചെറ്റപ്പുരകൾ പോലും
ഉണ്ടാക്കുന്നു
ആദ്യത്തെ പ്രണയം
ആദ്യത്തെ വീടു പോലെ
സ്വപ്നങ്ങളുടെ ഉമ്മറത്ത്
നമ്മെ അശാന്തമായി ഇരുത്തുന്നു
എത്ര ഭംഗിയായി ഉണ്ടാക്കിയിട്ടും
എന്തോ കുറവു പോലെ
ചിലർ ആദ്യത്തെ വീട്ടിൽ തന്നെ
ജീവിതം ധന്യമാക്കി
മടക്കി വെക്കുന്നു
ചിലർ
പല വീടുകളിലായി
രാത്രിയെയും പകലിനെയും
പകുത്തു വെക്കുന്നു
ചില വീടുകൾ
ഉടലിനും ഉയരിനും
താമസിക്കാനുള്ളത്
ചിലത് മനസ്സിനും മനനത്തിനും
കേറിക്കിടക്കാനുള്ളത്
ചിലത് സ്വപ്നത്തിനും
ജാഗ്രത്തിനും വിശ്രമിക്കാനുള്ളത്
അവസാനത്തെ പ്രണയം
അവസാനത്തെ വീടാണ്
സ്വസ്ഥമായി
കിടന്നു മരിക്കാനുള്ളത്
പ്രണയത്തിന് മരണമില്ലെങ്കിലും
സത്യത്തിൽ
ആരും വീടുവിട്ടുപോകാൻ
ആഗ്രഹിക്കുന്നില്ല
ഇനി , വീടു വിട്ടു പോയാലും
വീടു നമ്മെ പുറത്താക്കിയാലും
അവിടെ നാമുണ്ടായിരുന്നതിന്റെ
തെളിവായൊരു
നിശ്വാസ വായു തങ്ങിനിൽക്കും
അവശേഷിച്ച ഒരാൾക്കെങ്കിലുമത്
ജീവശ്വാസമായിടും.
-മുനീർ അഗ്രഗാമി

ബാറ്റ്സ്മാൻ

ബാറ്റ്സ്മാൻ
.......................
ക്രീസിൽ ഏകാന്തതയുടെ
ശില്പമായ് ബോളു കാത്തു നിൽക്കുന്നു
വെടിയുണ്ട പോൽ
നീ ബൗൾ ചെയ്യുന്നു

കയ്യും മെയ്യും കണ്ണുമൊന്നായ്
നിന്നെ പ്രതിരോധിക്കുന്നു
ശിലയല്ലിതു
നേരിന്റെ പോരാളി .
ഫ്രന്റ് ഫൂട്ടിൽ ഒ രാ യ ൽ;
നീ മനസ്സു തകർന്നിരിക്കുന്നു
ഗാലറിയിൽ
സിക്സർ സിക്സറെന്നാർപ്പുവിളി
ബുദ്ധന്റെ മൂന്നു രത്നങ്ങളെന്ന പോൽ
മൂന്നു സ്റ്റമ്പുകൾ
നേരും നെറിയുമായ്
രണ്ടു വെയിലുകൾ
അവ തകർക്കാൻ നീ
ബോളുകൾ മാറ്റി മാറ്റിയിടുന്നു
ഞാൻ നിന്നെ
മുന്നേറാൻസമ്മതിക്കാതെ
നിന്റെ ആയുധങ്ങളെ
അതിർത്തി കടത്തുന്നു
വെറും കളിയല്ലിത്
ധർമ്മയുദ്ധം
ഭൂമിപോൽ വൃത്താകാരം മൈതാനം
ജയപരാജയങ്ങളാൽ ബാറ്റും.ബോളും
തീർക്കുന്ന ജീവിതം
ബാറ്റ്സ്മാനാകുമ്പോൾ
മറ്റൊന്നുമില്ല ചുറ്റിലും
എതിരെ വരുന്ന ബോളിന്റെ
വഴിമാത്രം
ഷോട്ടു പായിക്കേണ്ട
വഴിമാത്രം
ബാറ്റ്സ്മാകുമ്പോൾ
ഗാലറിയാലെ
ആരാധകരുടെ മുഴുവൻ
ഏകാന്തതയുമെടുത്ത്
ബാറ്റ് വീശുന്നു
അന്നേരം
ആർക്കാണ്
ഔട്ടാക്കാൻ സാധിക്കുക ?
ബാറ്റും ബോളുമായ്
പലപ്പോഴും
തമ്മിൽ
സൗഹൃദ മത്സരമാണെങ്കിലും.
കളി മറക്കുന്നു
നാം പലപ്പോഴും
- മുനീർ അഗ്രഗാമി