കുരുക്ഷേത്രം

കുരുക്ഷേത്രം
.....................
ജി എസ് ടി യും
മറ്റു രാജാക്കൻമാരും
ഒരു ഭാഗത്ത്
സാധാരണക്കാരും
നൂറ്റൊന്നു നേതാക്കളും
മറുഭാഗത്ത്
യുദ്ധം തുടങ്ങിക്കഴിഞ്ഞു
മറ്റൊന്നും കാണുന്നില്ല.

- മുനീർ അഗ്രഗാമി

വന്നത്

പുഴുവായിരുന്ന
എനിക്ക്
ചിറകുകൾ തരാനാണ്
നീ വന്നത്.
പൂക്കൾ വിളിച്ചു
നാം ഒരുമിച്ചു നടന്നു
നിനയ്ക്കാത്ത ഒരു ദിനം
വസന്തം
പൂവുകൾ കൊഴിഞ്ഞ്
കിളവിയായി
പക്ഷേ
എനിക്കു ചിറകുണ്ടല്ലോ
ചിറകിൽ വാടാത്ത
വസന്തമുണ്ടല്ലോ.
- മുനീർ അഗ്രഗാമി

ആകെ തണുപ്പിക്കുന്ന

അജ്ഞാതമായ
ഏതോ ദു:ഖങ്ങളാൽ
ചുട്ടുപൊള്ളുന്ന പ്രാണനെ
ആകെ തണുപ്പിക്കുന്ന
ചില ചുംബനങ്ങളുണ്ട്
വിടരുന്ന പൂവ്
കാറ്റിനതു കൊടുക്കുന്നു
അസ്തമയ സൂര്യൻ
കടലിൻ്റെ കവിളിലതു വെയ്ക്കുന്നു
രാത്രിയുടെ ഇരുട്ടു വിരലകളിൽ
താരകങ്ങൾ അവയെഴുതുന്നു
കാല്പനികമായ ഒരു തുള്ളിയായി
അവ പ്രാണനിൽ
ഇറ്റുന്നു
ഒറ്റത്തുള്ളി
ഒരു സമുദമായി പരക്കുന്നു
നമ്മുടെ ചുണ്ടുകൾക്കത്
തരാനാകില്ല ;
പ്രണയത്താൽ
ഇതളായും ജലമായും
മഴയായും മഞ്ഞായും
മാറാനാവാതെ .
- മുനീർ അഗ്രഗാമി

ചിരി, ഒരു കുഞ്ഞു സൂര്യനാണ്

ചിരി,
ഒരു കുഞ്ഞു സൂര്യനാണ്
ഒരാളുടെ വെളിച്ചം മുഴുവൻ
കാണിച്ചു തരുമത്.
ഇരുളു കടന്നു
വന്നവരുടെ
പുലരികളാണ്
ഓരോ ഉദയവും
അവരുടെ പകലിൽ
നിൽക്കാനൊരു
ഭാഗ്യം വേണം
ഇരുളു തകർത്തു
തെളിഞ്ഞവരുടെ
ഭാഗ്യം.
- മുനീർ അഗ്രഗാമി

ആറാം ക്ലാസ്സിലെ കുട്ടിയായ്

മക്കളായാൽ
മഴ,
ചെരിഞ്ഞു പെയ്യുന്ന
ഓർമ്മകളാണ്.
തെങ്ങിൻ തോപ്പിൽ
ഇടവഴിയിൽ
വയൽ വരമ്പിൽ
ഇടവപ്പാതിയായ്
നാല്പത്തൊമ്പതാം വയസ്സിനൊപ്പം
മഴ നടക്കുന്നു
മഴ ഓടുന്നു
നടക്കുമ്പോൾ
ആറാം ക്ലാസ്സിലെ കുട്ടിയായ്
ഇടംവലം നിന്ന്
കളിക്കല്ലേ കാറ്റേ എന്ന്
ഗുസ്തി പിടിക്കുന്നു
ഓടുമ്പോൾ
ആരാദ്യം വീടെത്തുമെന്ന മത്സരം
മഴയുടെ ശബ്ദത്തിനൊപ്പം
ഞാൻ ഞാനെന്ന് വാശിയോടെ
നീന്തുന്നു.
മക്കളിലേക്ക്
ചെരിഞ്ഞു പെയ്യുവാൻ കൊതിക്കുന്ന
വാക്കുകളുടെ മേഘം
നെഞ്ചകത്തെ ആകാശത്തിലുണ്ട്
വാത്സല്യത്തിൻ്റെ
ആദ്യത്തെ സംഗീതം
കുരുവികളായ്
വട്ടമിട്ടു പറക്കുന്ന
അതേ ആകാശത്ത് .
നിങ്ങളെത്ര പറഞ്ഞാലും
മക്കളേ മഴ കൊള്ളല്ലേ
എന്നു പറയുവാൻ
ധൈര്യമില്ല;
തോരാതെ പെയ്യുന്ന
ചെരിവിലെ
പ്രായമായ മന്ദാരത്തിൻ്റെ
തൊലിയിൽ
പണ്ടൊരു മഴ കൊത്തി വച്ച
തുള്ളികളുടെ ചിത്രമുണ്ട്.
അതു കാണുവാൻ
മക്കൾക്കൊപ്പം നടക്കണം
മഴ കൊളളുവാനവർക്കു
പ്രായമായാൽ.
- മുനീർ അഗ്രഗാമി
ബന്ധനം
...............
നീ തോരാതെ
പെയ്തു നിറയുന്ന
അണക്കെട്ടാണ് ഞാൻ;
ഏതു നിമിഷവും
പൊട്ടാൻ സാദ്ധ്യതയുള്ള
ഹൃദയത്തിൽ.
ഏതു ജലബിന്ദുവും
മധുരിക്കുന്ന
ജല ബന്ധനം;
എല്ലാ ഒഴുക്കുകളും
തടഞ്ഞ്
തടഞ്ഞ്...
പെയ്ത്
പെയ്ത്...
- മുനീർ അഗ്രഗാമി

മൃഗം മനുഷ്യനായി

മന:പരിവർത്തനം നടത്തി
മൃഗം മനുഷ്യനായി
പല്ലും നഖവും ഊരിവെച്ച്
നദിയിലിറങ്ങി.
കുളിച്ചു കയറിയിട്ട്
മൂർച്ച കുറച്ച്
മാറ്റിപ്പണിയാമെന്നു കരുതിയതാണ്

മുങ്ങി നിവർന്നപ്പോൾ
കരയ്ക്കു വെച്ചതൊന്നും
കാണുന്നില്ല
നദീതീരം പറഞ്ഞു,
മൃഗമല്ലാത്ത ആരോ
അവ എടുത്തിട്ടുണ്ട്
ഇനിയും മനുഷ്യനാവാത്ത
ആരൊക്കെയോ
അവ കൊണ്ടു പോയിട്ടുണ്ട്
നദിയിലൂടെ
പുണ്യമാണോ
പാപമാണോ ഒഴുകുന്നതെന്ന്
അതിനറിയില്ല
ആ മനുഷ്യൻ
നഷ്ടപ്പെട്ടവ അന്വേഷിച്ച്
നദിക്കരയിലൂടെ നടന്നു
ഒരു പരിവർത്തനവും നടത്താത്ത
കുറെ മരങ്ങൾ
നിവർന്നു നിൽക്കുന്ന കാട്ടിലെത്തി,
അവയോടു ചോദിച്ചു.
പൊത്തിൽ നിന്നൊരു നത്ത്
ഉത്തരം പറഞ്ഞു,
ഇനിയൊരിക്കലും കണ്ടെത്തില്ല
ആരൊക്കെയോ
പല്ലും നഖവും
അവരുടെ ഉള്ളിലെടുത്തു വച്ചിട്ടുണ്ട്
ആരും കാണാതെ മാത്രമേ
അവരതു
പുറത്തെടുക്കൂ .
ആളുകളുടെ ഒരു ജാഥ
ആ വഴി
കടന്നു പോയി
അതിനുള്ളിൽ
അയാൾ കുടുങ്ങിപ്പോയി.
ജാഥ അയാളെയും കൊണ്ട്
നടന്നു പോയി
- മുനീർ അഗ്രഗാമി

വഴികൾ

വഴികൾ
.................
ഏതു വഴിയിലൂടെ പോയാലും
പൂക്കളിലെത്തിച്ചേരുന്ന
ഗ്രാമമാണു ഞാൻ.
തെച്ചി
മുക്കുറ്റി
തുമ്പ
അരിപ്പൂ
എന്നിങ്ങനെ
ആദിമമായ പേരുകളുള്ള
അവയവങ്ങൾ
മഴച്ചാറ്റലനുഭവിക്കുന്ന പകൽ
ഏതോ വഴിയിലൂടെ
പോയി
നീയെന്നെ
ഇറുത്തെടുത്തു
മെട്രോ വന്നു
നിന്നെ കൊണ്ടുപോയി
ഞാൻ നിന്നെ കാത്തു നിന്നു
നീയിറങ്ങുന്ന
സ്റ്റോപ്പെനിക്കറിയില്ല
ഞാനും വഴി മറന്നിരിക്കുന്നു
നിന്നെ കണ്ടുമുട്ടാതെ
ഞാനെങ്ങനെ
എന്നിലെത്തും ?
- മുനീർ അഗ്രഗാമി

ഒറ്റയ്ക്കാകുമ്പോൾ

ഒറ്റയ്ക്കാകുമ്പോൾ
...................................
വെറുതെ നിൽക്കുമ്പോളൊരു
പഴങ്കഥ വന്നു
കുത്തിയാലെന്തു ചെയ്യും?
അമ്മേയെന്നൊരു വിളി
കാറ്റു പോലെയന്നേരം
വന്നതിനെ കുറ്റിയിൽ
പിടിച്ചുകെട്ടുമോ ?
പുളളിപ്പയ്യേ,
കുട്ടനോടെന്തിനാ കുറുമ്പെന്നൊരു
വാത്സല്യമതിനെ തലോടുമോ ?
പുല്ലു കെട്ടുമായ്
മിനിച്ചേച്ചി വന്നതിൻ്റെ
കുറുമ്പൊക്കെയും തീർക്കുമോ ?
ഒറ്റയാവില്ല നീയെന്നു ചൊല്ലുവാൻ
വെള്ളക്കൊക്കുകൾ
അടുത്തു വന്നു നിൽക്കുമോ ?
ഒറ്റയ്ക്കാകുമ്പോളൊരു പഴങ്കഥ
പിന്നിൽ വന്നു നിന്നു
കുത്തിയാലെന്തു ചെയ്യും ?
മുന്നിലേക്കായാതെയേതോ
വിഭ്രമത്താൽ മെല്ലെ
പിന്നിലേക്കതിൽ വീണു ലയിക്കുമോ ?
- മുനീർ അഗ്രഗാമി

എൻ്റെയും നിൻ്റെയും ആത്മകഥ

എൻ്റെയും നിൻ്റെയും
ആത്മകഥ
..................................
സ്വപ്നങ്ങൾ കൊണ്ട്
മുറിവേറ്റു.
തേങ്ങലുകൾ കൊണ്ട്
അതുണക്കാൻ ശ്രമിച്ചു
പക്ഷേ
മുറിവുകളുടെ
ആഴത്തിലൂടെ
ഒഴുകിപ്പോയി.

അരുവിയുടെ
പൊട്ടിച്ചിരികൾ കേട്ടു
ജല നൃത്തങ്ങൾ കണ്ടു
ജലജീവികൾ വന്നു
കരജീവികൾ വന്നു
കൗതുകത്തോടെ
നോക്കി നിന്നു
ഉണങ്ങാത്ത മുറിവ്
ആരും കണ്ടില്ല
മുറിവിൽ നിറഞ്ഞ ചിരി
പകലുകളായി
പകലു മൂടിയ ഇരുട്ട്
രാത്രിയായി
കാഴ്ച മറച്ചു
ഇരുട്ടിനൊപ്പം നടന്നു
നേർത്ത കാറ്റായി വിതുമ്പി
ഒരു നക്ഷത്രവും തിരിച്ചറിഞ്ഞില്ല.
- മുനീർ അഗ്രഗാമി

ഒരു വിളംബരം

ഒരു വിളംബരം
............................
ഗുരുവിൻ്റെ ഓർമ്മ
ഒട്ടിച്ചു വെച്ച കലണ്ടർ
ചോരയൊലിക്കുന്ന
അക്കങ്ങൾ
ജീവനില്ലാതെ കിടക്കുന്ന
പകൽ.
ശ്വാസം കിട്ടാൻ
വല്യച്ഛൻ്റെ മുറിയിൽ കടന്നു
ജീവനുണ്ടായിരുന്ന
പകലുകളുടെ
ചിത്രം പതിഞ്ഞ
പഴയ ബുക്കു കിട്ടി
പ്രബുദ്ധ കേരളം
ലക്കം - 1
അതിൻ്റെ ഹൃദയത്തിലെ തിയ്യതി കണ്ടു
1091 ഇടവം 15
ഇപ്പോഴുമതിൻ്റെ മിടിപ്പു വറ്റിയിരുന്നില്ല
അതിൻ്റെ നിറം ചുവപ്പായിരുന്നില്ല
മഞ്ഞയായിരുന്നില്ല
മങ്ങി മങ്ങി
മനുഷ്യൻ്റെ നിറത്തിൽ
ഇപ്പോഴുമത്
വല്യച്ഛൻ്റെ മുറിയിൽ
എന്നെ കാത്തിരുന്നല്ലോ!
വല്യച്ഛനില്ലെങ്കിലും .
- മുനീർ അഗ്രഗാമി

ജൈവജാതകം

ജൈവജാതകം
..............................
തളിരിലകൾ
ആരോടും സംസാരിക്കാറില്ല
പച്ചിലകൾ
നിശ്ശബ്ദമായി ചിലപ്പോൾ
കാറ്റിനോടു മിണ്ടും

എന്നാൽ കരിയിലകൾ
ആരോടും സംസാരിക്കും,
വീഴുമ്പോൾ മണ്ണിനോട്
സലാം പറയും
ചവിട്ടുന്നവനെ ചീത്തപറയും
ഒരുമിച്ചിരുന്ന്
സങ്കടങ്ങൾ പങ്കുവെക്കും
കൈവിട്ട മരത്തെ ഓർത്ത്
കരയും
ജീവിതം പഠിപ്പിച്ച
ഭാഷയാണത്
അതിന് വ്യാകരണമില്ല
അനുഭവമേയുള്ളൂ
വറ്റിപ്പോയ ഞരമ്പുകളിൽ
കാലത്തിൻ്റെ രക്തം
കട്ടപിടിച്ചിട്ടുണ്ട്
ഒഴുക്കു നിലച്ച ഒരരുവിയുടെ
ആത്മകഥയാണ്
ഓരോ കരിയിലയും
മരം വരച്ച കുട്ടി
പച്ച
ഇളം പച്ച
നീല
മഞ്ഞ
എന്നിങ്ങനെ
നൃത്തം ചെയ്യന്ന നിറങ്ങളെടുത്ത്
ഇലകൾ വരച്ചു
കലരിയിലകൾ
അവൾ വരച്ചില്ല
അവൾക്ക് കരിയിലകളെ അറിയില്ല
അതിൻ്റെ ഭാഷ അറിയില്ല
തളിരില പോലെ ചിരിക്കുമ്പോൾ
അവളോട്
ചിത്രത്തിലെ മരം ചോദിച്ചു:
കുട്ടീ, നീയേതു വൃക്ഷത്തിലേതാണ് ?
- മുനീർ അഗ്രഗാമി

അദ്വൈതം

അദ്വൈതം
...................
രണ്ടും ഒന്നു തന്നെ;
കടൽ.
നീ കടലിലെ ജലം
ഞാനതിലെ നീല.
നീ തിരയടിക്കുമ്പോൾ
ചിലപ്പോൾ
കുറച്ചു നേരത്തേക്ക്
ഞാൻ അപ്രത്യക്ഷമാകുന്നു
അത്ര മാത്രം .
- മുനീർ അഗ്രഗാമി

http://www.universityofcalicut.info/

നീലത്തിമിംഗിലം

തുറന്നു വെച്ച
നീലവെളിച്ചത്തിൻ്റെ
കടലിലൂടെ
നീലത്തിമിംഗിലം
വീട്ടിൽ വന്നു
വെളിച്ചം മുഴുവൻ തിന്നു
അവനെ വിഴുങ്ങി
ഇരുട്ടിലായ
ആ വീടിനി
എന്തു ചെയ്യും?

- മുനീർ അഗ്രഗാമി

 http://lbscentre.info/set/index.asp

ആനന്ദത്തിൻ്റെ വേരുകൾ

ആനന്ദത്തിൻ്റെ വേരുകൾ
............................................
അമ്മയിലാണ്
ആനന്ദത്തിൻ്റെ വേരുകൾ
തൊട്ടിലിൽ
ആഹ്ലാദത്തിൻ്റെ
ഇലകളാടുമ്പോൾ
ആനന്ദത്തിൻ്റെ വേരുകൾ
ഹൃദയത്തിലെത്തി
ജലം ശേഖരിക്കുന്നു
പാലൂട്ടുമ്പോൾ
മനസ്സിലൂടെ
അവയുലാത്തുന്നു
കവിളിൽ പുഞ്ചിരിയുടെ
ഒരിതൾ വീഴുന്നു
വസന്തകാലം
അമ്മയിലെത്തി കുയിലിനെ പോലെ
കുറച്ചു നേരമിരിക്കുന്നു
താരാട്ടു പാടുന്നു
ഒരു കുഞ്ഞരിപ്പൂവ്
കമഴ്ന്നു വീഴുന്നു
ഒരു കുഞ്ഞു ശലഭം
മുട്ടിലിഴയുന്നു
ഒരു കുഞ്ഞരുവി
തുമ്പച്ചിരിയുമായ്
ഓടിപ്പോകുന്നു
ഒരു കുഞ്ഞുമഴത്തുള്ളി
വള്ളിപ്പടർപ്പിൽ
ഊഞ്ഞാലാടുന്നു
അമ്മയിലാണ്
വസന്തത്തിൻ്റെ വേരുകൾ
പൂക്കൾക്കു വേണ്ടി
അവസഞ്ചരിക്കാത്ത
ആഴങ്ങളില്ല
അവ നനയാത്ത
ആർദ്രതകളില്ല
കരിഞ്ഞുണങ്ങുമ്പോഴും
ആ വസന്തത്തിലൂടെ
കടന്നു വന്ന ഏതിലയും
അതിനു സാക്ഷി പറയും.
- മുനീർ അഗ്രഗാമി

നിൻ്റെ വേരുകൾക്ക് ജീവിക്കാൻ

നിൻ്റെ ചാരം
ചിതാഭസ്മമായ്
എന്നിലെത്തുമ്പോൾ
നിലവിളിച്ചോടുന്ന
കാറ്റാണു ഞാൻ
നീ വെന്ത തീയിൽ
സത്യമായും
ഞാനുണ്ടായിരുന്നില്ല
മറ്റേതോ
കാറ്റാണ് അതിനെ
ആളിക്കത്തിച്ചത്
ഞാനല്ല
സത്യമായും ഞാനല്ല.
.................................

നീയൊഴുകിയെത്തുമ്പോൾ
എൻ്റെ തീക്കനൽ
ഹിമക്കട്ടകളാകുന്നു
ചുടുമണലിൽ
മഞ്ഞു തുള്ളികൾ വീഴുന്നു
ഏതു വേനലിലും
നിൻ്റെ വേരുകൾക്ക്
ജീവിക്കാൻ
അത് ആർദ്രമാകുന്നു
.................................

മുനീർ അഗ്രഗാമി

http://www.lbskerala.com

ഇമ ചിമ്മാതെ

നീ പോകുമ്പോഴെപ്പൊഴും
സൂര്യനസ്തമിക്കുന്നു
നീയകലുമ്പോഴെൻ്റെ
നിലാവു മസ്തമിക്കന്നു
ഇരുട്ടിലേകാന്തമായ്
നിന്നിലെത്തുമെൻ മനസ്സ്
ഇമ ചിമ്മാതെ നിന്നെ
യോർത്തു കിടക്കുന്നു
- മുനീർ അഗ്രഗാമി

ഴ... മഴ... ഴ

ഴ... മഴ... ഴ
..............................
മഴ തൻ മിഴിയിൽ
മിഴി കോർത്തു നിന്നൂ,
നിറയുമോർമ്മതൻ
ഇറയത്തു നിന്നൂ.

പ്രണയം പെയ്യുന്നു
പ്രാണൻ തുടിക്കുന്നു,
മഴനൂലിൽ മധു -
വൊഴുകുന്ന നാദം
ജനിയിൽ , മൃതിയിൽ
ജനസഞ്ചയത്തിൽ,
ഏകാന്തതയുടെ
ഒറ്റയായവിത്തിൽ
പെയ്തു നിറയുന്ന
പുതു നിർവൃതിയായ്,
ചുംബിച്ചു നില്ക്കായ്
ഇമ്പമേറും മഴ.
അനുരാഗ നദി
നനുത്തു നിറഞ്ഞൂ,
തോരാമഴ,
നീയെന്നിലെന്നപോൽ
സ്നേഹാർദ്രം.
പഴങ്കഥയായ് നീ
ഒഴുകിയെങ്കിലും,
നീയായ് വീണ്ടുമെത്തി
പെയ്തു വിതുമ്പീ -
മണ്ണിലും മനസ്സിൻ
കണ്ണീർപ്പാടത്തു മീ-
മഴയേതോ സ്വപ്ന-
മിഴ കോർത്ത പോലെ.
- മുനീർ അഗ്രഗാമി

വാക്കുകളുടെ കടൽ

വാക്കുകളുടെ കടൽ
...................................
വാക്കുകളുടെ കടൽ
തിരകളുടെ തഴുകൽ
ആഴത്തിൻ്റെ നൃത്തം

തീരത്തിരുന്നു,
നിറഞ്ഞ നീല
സായന്തനസ്വർണ്ണം
നിലാവെള്ളി
രാക്കറുപ്പ്
ആനന്ദത്തിൻ്റെ
മഴവില്ല്
നിറങ്ങൾ
വരച്ചു കൊണ്ടിരുന്നു.
തീരത്തിരുന്നു കൊണ്ട്
കേൾവിക്കാരനായി
വെളിച്ചത്തിൽ കാഴ്ചയായും
ഇരുട്ടിൽ സംഗീതമായും
വാക്കുകൾ മാറിക്കഴിഞ്ഞു
ആഴമറിയുന്നവർക്ക്
കടൽ മറ്റൊരു ലോകമാണ്;
ദ്വീപുകളിലെത്തുന്നവർക്കും
എനിക്ക് കടലിൻ്റെ ആഴമറിയില്ല
വാക്കുകളുടെ നഗ്നതയിൽ
നിലാവ് പച്ചകുത്തുന്ന
മീനുകളുടെ
പേരറിയാം.
അവയ്ക്കൊപ്പം നീന്തി നടന്നു
കുളിരറിഞ്ഞു
അതു കൊണ്ട്,
പറയുക,
സംസാരിക്കുക
തിരയടിക്കട്ടെ
കാറ്റും കോളുമേറട്ടെ
പുതു കടലുകൾ പിറക്കട്ടെ!
വായനയുടേയും
കേൾവിയുടേയും
കടലുകൾ പിറക്കട്ടെ!
- മുനീർ അഗ്രഗാമി

നീയും ദൈവവും

ഒരറ്റത്ത് ദൈവം.
ഒരറ്റത്ത് നീ
നടുക്ക് അനന്തമായ
മരുഭൂമി
നീയും ദൈവവും
മുഖാമുഖം നോക്കി നിൽക്കുന്ന
മരുഭൂമിയിലൂടെ
ഒരു മഴയായി
നടക്കണം
ദൈവത്തിലേക്ക്
വളരുന്ന പുല്ലുകളുടെ
ഇലഞരമ്പിലെ
ആർദ്രതയാവണം
നിന്നിലേക്ക് വിടുന്ന
പൂക്കളിൽ
തേനായിരിക്കണം
മേഘങ്ങളേ
അങ്ങോട്ടു കൊണ്ടു പോകൂ
കാറ്റുകളേ
അവിടെയെത്തിക്കൂ
തപിച്ചു പൊളളിയും
നീരാവിയായി അലഞ്ഞു.
ആകാശത്തും മണ്ണിലും
ചൂടിലും തണുപ്പിലും കിടന്നു
ഗുരു പറഞ്ഞു ,
അതിമോഹം വേണ്ട
മരുഭൂമിയുടെ വിശാലത
നിനക്കറിയില്ല
അത് നിന്നെ
കുടിച്ചു വറ്റിക്കും
ആഗ്രഹം കുറച്ചു
ഗുരുവിനൊപ്പം നടന്നു
മനസ്സു പറഞ്ഞു
എനിക്ക് പെരുമഴയാവേണ്ട
എങ്കിലും
ഒറ്റത്തുള്ളി മഴയാവണം
നിൻ്റെ നോട്ടവും
ദൈവത്തിൻ്റെ നോട്ടവും
കൂട്ടിമുട്ടുന്ന ബിന്ദുവിൽ
ഒരൊറ്റ ത്തുള്ളിയായി
ഇറ്റി വീഴണം
വറ്റിത്തീർന്നാലും
പുകഞ്ഞു തീർന്നാലും
ദൈവത്തിൻ്റെ മുന്നിലല്ലേ
നിൻ്റെ മുന്നിലല്ലേ !
ഈ പാവം
പച്ചപ്പുകൾക്ക്
അതറിയില്ലല്ലോ .
- മുനീർ അഗ്രഗാമി

കയറാനാകുന്നില്ല

വിലക്കയറ്റത്തിനൊപ്പം
കയറാനാകുന്നില്ല
കൈ പിടിച്ചു കയറ്റേണ്ടവർ
തൊട്ടടുത്തില്ല
അത്യുന്നതങ്ങളിൽ
വിമാനത്തിലാണ്

പിടുത്തം വിട്ട്
മണ്ണിൽ വീണു
വെറും മണ്ണിൽ കിടന്നു
മണ്ണ് നിർവ്വികാരയായിരുന്നു
അതിനെ സ്നേഹിക്കാനുള്ള ശേഷി
നഷ്ടപ്പെട്ടിരിക്കുന്നു
വില പിടിച്ചിറക്കാൻ ശ്രമിക്കണമെന്നുണ്ട്,
കൈ പൊങ്ങുന്നില്ല
അത്യുന്നതങ്ങളിൽ നിന്ന്
ഒരു പക്ഷിത്തൂവൽ പോലും
വീണില്ല
അന്നേരം ഒരു കരിക്കട്ട പറഞ്ഞു
വാനലോകം നമ്മൾക്കുള്ളതല്ല
ഇനി നമുക്ക് വല്ല കഴിവുമുണ്ടെങ്കിൽ
കർണ്ണൻ്റെ കവച കുണ്ഡലങ്ങൾ
കവർന്ന പോലെ
അതു മവർ കൊണ്ടു പോകും
- മുനീർ അഗ്രഗാമി

ഗസൽ

ഗസൽ
...............
നീ കേൾക്കുമ്പോൾ
ഗസലായിത്തീരുന്ന
മഴയാണു ഞാൻ

പകലുകളിൽ
പെയ്യുവാനാകാതെ
വിങ്ങി നിൽക്കുന്ന
രണ്ടു മേഘങ്ങൾ
രാത്രികളിൽ
ആരാദ്യം തോരു മെന്നറിയാതെ
പെയ്തു കൊണ്ടിരിരിക്കുന്ന
രണ്ടു മഴകൾ
അടുത്തിരിക്കുമ്പോൾ
ആനന്ദത്തിൻ്റെയും
ദുഃഖത്തിൻ്റെ യും
ഇലത്തുമ്പുകളിലൂടെ
ഒരേ മണ്ണിലേക്ക്
ഇറ്റി വീഴുന്ന ജീവിതം
ചിരപരിചിതമായ വാക്കുകളിലൂടെ
പരിചിതമായ ഈണത്തിൽ
നീ എന്നെ കേൾക്കുന്നു
ഗസലാവുക എളുപ്പമല്ല
നിൻ്റെ കേൾവിയുടെ ധ്യാനത്തിലൂടെ
ആനന്ദത്തിലേക്ക്
പതിയെയുളള നടത്തമാണത്
നീ കേൾക്കുമ്പോൾ മാത്രം
ഗസലായിത്തീരുന്ന
മഴയാണു ഞാൻ .
- മുനീർ അഗ്രഗാമി
ഇന്നലത്തെ മഴ
...........................
അഗ്നിയും നീ തന്നെ
ജലവും നീ തന്നെ
ആളലും നീ തന്നെ
ശമനവും നീ തന്നെ

ഞാനാളുമ്പോൾ
നിൻ്റെ ജ്വാലകൾ
ഞാനാഴുമ്പോൾ
നിൻ്റെ ചുഴികൾ
ഇന്നലെ പെയ്ത മഴ
രാത്രിയെ നന്നായി കഴുകി
നിനക്കു തന്നു
കത്തിച്ചു വെച്ച മെഴുകു തിരിനാളം
എനിക്കൊപ്പം ആ മഴ കാണുമ്പോൾ
ഹൃദയം കഴുകുമ്പോലെയുള്ള
ആ കഴുകൽ കണാൻ
ഞാനും നീയും അടുത്തിരുന്നു
മഴയുടെ ശബ്ദത്തിൽ
മെഴുകുതിരിയുടെ
മഞ്ഞ വെളിച്ചം
കറുത്ത തടാകത്തിൽ
വിരിഞ്ഞ ആമ്പലായി
കാറ്റിലിളകുമ്പോൾ
അതിൻ്റെ ശോഭ
ഞാനും നീയമിറുത്തു വെച്ചു
അതൊരിക്കലും വാടില്ല
കൊടുംവേനലിൽ
നീയാളുമ്പോൾ
ഞാനുരുകുമ്പോൾ
ഒരോർമ്മയ്ക്കൊപ്പം
നമുക്കതെടുത്തു നോക്കണം
ആ മങ്ങിയ വെളിച്ചത്തിൻ്റെ
കണ്ണിലേക്കു നോക്കണം
ആരുടെ കണ്ണിൽ നിന്നാണന്നേരം
ആദ്യം മഴ പെയ്യുക?
ഇന്നലത്തെ മഴ പോലെ .
-മുനീർ അഗ്രഗാമി

വാസ്തവം

വാസ്തവം
 ***********
പ്രണയത്തിനോട്
അവൾ പറഞ്ഞു ,
ഇതെൻ്റെ
പുനർജന്മമാണ്.
പക്ഷേ
അവൻ വീണ്ടും
അവളുടെ
ശവക്കുഴി
മാന്തിക്കൊണ്ടിരുന്നു.
- മുനീർ അഗ്രഗാമി

ഭ്രാന്ത് ഒരു രഹസ്യമാണ്

ഭ്രാന്ത്
ഒരു രഹസ്യമാണ്
എനിക്കും നിനക്കുമിടയ്ക്ക്
കാട്ടിലെന്ന പോലെ
അതൊളിച്ചിരിക്കുന്നു

പിണക്കം ഒന്നു കുലുക്കുമ്പോൾ
അകലം നമ്മെ എടുത്തെറിയുമ്പോൾ
അതു പുറത്തുചാടിയേക്കും

ഏകാന്തതയിൽ വെച്ച്
അത് നമ്മെ പിടികൂടിയേക്കും

- മുനീർ അഗ്രഗാമി
ഹൃദയത്തിൽ ദൈവത്തിൻ്റെ
ചുംബനമുള്ളവരോട്
..................................................
നീയറിയാതെ
രാത്രി നിന്നെ
നീ മുങ്ങിക്കിടന്ന
വിഷാദത്തിൽ നിന്നും
ഒഴുക്കുകയാണ്.
ഇരുട്ടും നക്ഷത്രങ്ങളും
അതിനു കൂട്ടുനിൽക്കുന്നു

മനസ്സിൻ്റെ മുറിച്ചു മാറ്റിയ
ശിഖരങ്ങൾ തേടി
ഒഴുകുവാൻ നീ ആഗ്രഹിച്ചത്
രാത്രിക്കേ അറിയൂ
ആനന്ദത്തിൻ്റേയും
ആഗ്രഹങ്ങളുടേയും ഇലകൾ
ആ കൊമ്പിലായിരുന്നു
സന്തോഷത്തിൻ്റെ മുറിവിന്
അവയായിരുന്നു
പച്ചമരുന്ന്
നീയും രാത്രിയും
ഒരുമിച്ചു പെയ്യുമ്പോൾ
ഒഴുകിയ സങ്കടങ്ങൾ
നിർമ്മിച്ച രാത്രികളിൽ നിന്ന്
നീ ഒഴുകുകയാണ്
പേടിക്കേണ്ട
കടലുപോലെ പുലരിയുണ്ട്
ഒഴുകിയെത്താനുള്ള
വെളിച്ചമുണ്ട്
നിനക്കു മുന്നേ ഒഴുകിയെത്തിയെന്ന
ഒറ്റക്കാരണത്താൽ
ഒരിലത്തുമ്പിൽ
ഞാനുണ്ട്,
വെളിച്ചത്തിൻ്റെ കാമുകൻ .
നിൻ്റെ നഷടപ്പെട്ട ശിഖരങ്ങൾ
വെളിച്ചം കുടിച്ച്
മരങ്ങളായിരിക്കുന്നു
പച്ച നിറമാണ്
അതിൻ്റെ സന്തോഷം
കറുപ്പല്ല
അതിനാൽ
രാത്രി നിന്നെ പുറം തള്ളട്ടെ
പുലരി നിന്നെ സ്വീകരിക്കട്ടെ
നിൻ്റെ ഹൃദയത്തിൽ ദൈവത്തിൻ്റെ
ചുംബനമുണ്ട്
പുതിയ സൂര്യപ്രകാശമാണത്
പുതിയ പകലും
ഇരുട്ടു പോലും
പെയ്തു തോരുന്ന പുലരിയിൽ
നീയും പെയ്തു തോരുക
തോർച്ചയുടെ
ആനന്ദമാഘോഷിക്കുക
പൂക്കൾ ചെയ്യുമ്പോലെ.
- മുനീർ അഗ്രഗാമി
..........മാധവം
_________________________
രാധേ
നീലക്കടമ്പില്ല
യമുനാ പുളിനങ്ങളില്ല
വള്ളിക്കുടിലില്ല

ഇവിടെയി നഗരവൃത്തത്തിൽ
ഒരു ചതുരം മാത്രം
ഒറ്റയ്ക്കിരിക്കുവാൻ
വിരിച്ചിട്ട പുല്ലുകൾ മാത്രം
രാധേ
വേണുവൂതുവാൻവയ്യ
അപരന്നു ശല്യമാകുന്നു
നിനക്കൊപ്പമിരിക്കുവാൻ വയ്യ
സദാചാരപ്പോലീസായ്
കാളിയൻ മാരെന്നെ
മർദ്ദിക്കുവാൻ വരുന്നു
ചുറ്റും കറുത്തൊഴുകുന്ന
കാളിന്ദി മാത്രം
വാഹനങ്ങളതിൽ
ഓളങ്ങളായൊഴുകുന്നു.
രാധേ
നിനക്കു വരാനുളള വഴിയെല്ലാം
അടഞ്ഞിരിക്കുന്നു
നീയെന്നിലെത്തില്ലയെങ്കിലും
നിന്നിലെത്തുന്നു
നിത്യവും ഞാനീ
നഗര മുറ്റത്തെ
വൃന്ദാവനമെന്നു പേരിട്ട
ഈയിടത്തിലിരുന്ന് .
- മുനീർ അഗ്രഗാമി
2067

നദിയുടെ ജീവചരിത്രം

നദിയുടെ ജീവചരിത്രം
.......................................
ഉറങ്ങിക്കിടന്ന നദി
സ്കൂളിലേക്കെന്ന പോലെ
ഉണർന്ന്
ഇടവത്തി (നരികി)ലൂടെ
ഓടിപ്പോയി
മിഥുനത്തി (നിടയി)ലൂടെ
ഒഴുകിപ്പോയി

വിളിച്ചുണർത്തിയവരാരും
ഇപ്പോഴില്ല
ഒറ്റയ്ക്ക് ഒഴുകി
വളർന്നു വലുതായി
നദി നിറയുന്നതു നോക്കി
കർക്കടകം
നടന്നു.
കര കവിഞ്ഞു
നദീ തീരത്ത്
തുമ്പക്കാട്ടിൽ
ചിങ്ങം വന്നിരുന്നു
വിതുമ്പിയും വിങ്ങിയും
ഓണത്തിൻ്റെ നെഞ്ചിൽ
തല ചായ്ച്ചു
കന്നി വന്നു
കുടം നിറച്ച്
തിരിച്ചു പോയി
നദി ഓടിക്കൊണ്ടിരുന്നു
കിതച്ചും ചുമച്ചും
ഒഴുകിക്കൊണ്ടിരുന്നു
ഒരു കരയിൽനിന്ന മരങ്ങൾ
തളിരിലകളെ വിളിച്ച്
നദിയുടെ ഓട്ടം കാണിച്ചുകൊടുത്തു
മറുകരയിൽ നിന്ന്
നാട്ടുപൂക്കളെ വിളിച്ച്
ചെടികൾ പുഴ കാണിച്ചു കൊടുത്തു
കുംഭത്തിലേക്കാണാ നദി
പോകുന്നത്
നിറഞ്ഞിരുന്നാലും
പെളളി വറ്റുമത്.
പോകല്ലേ പോകല്ലേ
ജീവിതമേ എന്ന്
ജലമനസ്സ്
വിളിച്ചു
ജലകോശങ്ങൾ വിളിച്ചു
ഓർമ്മകൾ പോലെ
സമയയത്തിൻ്റെ
കൊഴിഞ്ഞ ഇലകളും ഇതളുകളും കൊണ്ട്
നദിയൊഴുകിക്കൊണ്ടിരുന്നു.
പഴയ പോലെ
അത്ര വേഗത്തിലല്ലാതെ .
- മുനീർ അഗ്രഗാമി

ചിനുങ്ങിക്കരയുമ്പോൾ

ചിനുങ്ങിക്കരയുമ്പോൾ
ഓർമ്മകൾക്കേകാനായി,
പൂത്താലമൊരുക്കുന്നു
ചിങ്ങവും പൊന്നോണവും.
- മുനീർ അഗ്രഗാമി

നിറയ്ക്കൂ

നടക്കൂ മഴയ്ക്കൊപ്പം
പുലരിയിൽ ,നിറയ്ക്കൂ
മഴ നീന്തുവാൻ തന്ന
മനസ്സിൻ ജലാശയം.
- മുനീർ അഗ്രഗാമി

നഗരം

നഗരം
............
നഗരത്തിൻ്റെ മതിലിൽ
ഒരു പെൺകിളി വന്നിരുന്നു
ഭംഗിയേറിയ മതിലിൽ
ഇളകുന്ന പാടുപോലെയിരുന്നു

മതിലിൻ്റെ ഉടമ വന്നു
മാറാൻ പറഞ്ഞു
ചുറ്റിപ്പറക്കാൻ ഒരു മരം തരുമോ?
ചിറകൊതുക്കാൻ ഒരു ശിഖരം തരുമോ ?
ഒരില തരുമോ ?
നഗരത്തിരക്കിൻ്റെ വേഗത്തോടു ചോദിച്ചു
ഒഴുകുന്ന വാഹനങ്ങളുടെ കണ്ണുനിറഞ്ഞില്ല
വീഴുന്ന ചപ്പുചവറുകളുടെ മുഖം വിളറിയില്ല
അലങ്കരിക്കപ്പെട്ട ഒരു പശു
ആരവങ്ങളാൽ നയിക്കപ്പെട്ട്
അതിലെ നടന്നു പോയി
കൊടി കൊണ്ടു മൂടിയ ശവമഞ്ചം
കടന്നു പോയി
മരം പോലെ ഉയർന്ന
ഫ്ലാറ്റിലെ ജനലിലൂടെ
കുറെ കൊമ്പുകൾ നീണ്ടു വന്നു
കിളിയതിലിരുന്നില്ല
അതാരുടേതാണ് ?
പെട്ടെന്ന്
കുറെ ഇലകൾ പറന്നു വന്നു
കാളിയതു തൊട്ടില്ല
അതാരയച്ചതാണ് ?
ആ കിളിയുടെ വലത്തേ ചിറകിൽ
എനിക്കു പരിചയമുള്ള
ഒരു തൂവലുണ്ട്
കുട്ടിക്കാലത്ത് ഇലഞ്ഞി മരച്ചുവട്ടിൽ നിന്ന്
ഞാനതു കണ്ടിട്ടുണ്ട്
ആറാം നിലയിലെ
എൻ്റെ ഫ്ലാറ്റിലെ ചുമരിൽ
ഒരു പടുമാവിൻ്റെ ചിത്രമുണ്ട്
അതിൻ്റെ കൊമ്പുകളിളകുന്നതായ് തോന്നി
മടിച്ചില്ല
ആ ഇളക്കമെടുത്ത്
കിളിക്ക് കൊടുത്തു
- മുനീർ അഗ്രഗാമി

മുമ്പു സ്നേഹിച്ചൊരാളെ

മുമ്പു സ്നേഹിച്ചൊരാളെ
കണ്ടുമുട്ടുമൊരിക്കൽ,
കാഴ്ചതൻ മഴ കൊണ്ടു
തളിർക്കുവാൻ മാത്രമായ്!

- മുനീർ അഗ്രഗാമി

നിശ്ശബ്ദനദി

നിശ്ശബ്ദനദി
.........................
നിശ്ശബ്ദത ഒരു നദിയാണ്
തെളിഞ്ഞ ജലമുള്ളത്
ശാന്തമായി ഒഴുകുന്നത്
നീയതിലേക്ക്
ഒരു മഞ്ചാടിയിടുന്നു
ഒരു കുന്നിക്കുരു ഇടുന്നു
വാക്കുകൾ കൊണ്ട്.
നേർത്ത ഓളങ്ങൾ
നിന്നെ കെട്ടിപ്പിടിക്കുന്നു
ചെറിയ ശബ്ദങ്ങൾ
നിന്നെ ചുംബിക്കുന്നു
അതിൻ്റെ ലഹരിയിൽ
നീയതിലേക്ക് ചാടുന്നു
മുങ്ങി നിവരുന്നു
അന്നോളം നനയാത്ത നനവിൽ
കുളിക്കുന്നു
ഒരിലയിൽ ഞാനൊഴുകി വരുന്നു
മാറ്റാരെ പോലെയുമല്ലാതെ
എന്നെ പോലെ ഒഴുകി വരുന്നു
പ്രിയമുള്ള കുഞ്ഞു വാക്കു കൊണ്ട്
നീയെന്നെയെടുക്കുന്നു
മാറോടു ചേർക്കുന്നു
നദി അപ്രത്യക്ഷമാകുന്നു
നദി കുടിച്ചു വളർന്ന ഒരു തോട്ടം
ബാക്കിയാവുന്നു
നീ മഞ്ചാടിമരം
ഞാനതിൽ ചുറ്റിപ്പടരുന്ന
കുന്നി വള്ളി.
ഇളങ്കാറ്റു വരുമ്പോൾ
ഇലകൾ തമ്മിൽ
ആ കഥ പറയും
നിശ്ശബ്ദത ഒരു നദിയാണ്
ശാന്തമായി ...
പ്രണയമതു കേട്ടു നിൽക്കും
അപ്പോൾ നിശ്ശബ്ദത ഒരു നദിയാകും
നീയൊരു മഞ്ചാടിമണിയെറിയും
ഞാനൊരു കുന്നിക്കുരുവും.
- മുനീർ അഗ്രഗാമി

ആ രാജ്യത്തിൽ

ആ രാജ്യത്തിൽ
.............................
ആ രാജ്യത്തിൽ
ബുദ്ധൻ കൊല്ലപ്പെട്ടിരിക്കുന്നു
അവിടെ പ്രാവുകളില്ല
തേൻ കുരുവികളില്ല
എങ്ങും കഴുകൻമാർ .

.
കഴുകന് വംശനാശം സംഭവിക്കുന്നു എന്ന്
ഇനിയാരും പറയില്ല
ബുദ്ധൻ്റെ ഉടയാടകളും
പര്യായങ്ങളും അവർ കവർന്നിരിക്കുന്നു
അണിഞ്ഞിരിക്കുന്നു
അതിനുളളിൽ നിന്ന്
അവരുടെ പല്ലും നഖവും
നീളുന്നു

അവരുടെ സ്വപ്നങ്ങളിൽ നിറയെ
ആയുധങ്ങളാണ്.
മുറിവേറ്റ കിളികളേയും
നാല്ക്കാലികളേയും
ശുശ്രൂഷിച്ചവർ പീഡിപ്പിക്കപ്പെട്ട്
മരിക്കുന്നു.

തഥാഗതാ എന്ന വിളി
ഉത്തരമില്ലാതെ
പിടഞ്ഞു വീഴുന്നു
സിദ്ധാർത്ഥനെന്നു വിളിക്കേണ്ട
കുഞ്ഞുങ്ങൾ
വിശന്നു തളരുന്നു.

ബുദ്ധൻ്റെ വേഷത്തിൽ വന്ന ഒരാൾ
അവരെ പിടിച്ചു കൊണ്ടുപോയി
കടലിലെറിയുന്നു
ബുദ്ധനെ അവർ കടലിലെറിയുന്നു
ബോധി വൃക്ഷം വെട്ടി വിറകാക്കുന്നു.

കടലിൽ
അഹിംസയുടെ ജഡം
അനാഥമായി ഒഴുകുന്നു
- മുനീർ അഗ്രഗാമി

ആഹാ! നീ


 ആഹാ! നീ
@@@@@@@@@@

ആഴങ്ങളിലുണ്ട് നീ,
ജലാർദ്രയായ് ,വറ്റിയ
പുഴ,കടൽ, മഴയും
മഞ്ഞുമായെൻ വേനലിൽ
- മുനീർ അഗ്രഗാമി

നിശ്വാസത്തിൽ

കനലേ,അടങ്ങാതെ
നീ അകത്തിരിക്കുക ,
പ്രിയമുള്ളൊരാളുടെ
നിശ്വാസത്തിൽ തെളിയാൻ.
- മുനീർ അഗ്രഗാമി

അവരെയാരെയും കണ്ടില്ല,കണ്ടില്ല

ഒരു മരം മുറിച്ചപ്പോൾ
അവർ വന്നു
കവിത കൊണ്ടും
കൈ കൊണ്ടും തടഞ്ഞു
കുഞ്ഞിനെ കടിച്ച
തെരുവുപട്ടിയെ
പിടിക്കാൻ ചെന്നപ്പോഴും
അവർ വന്നു
ലേഖനം കൊണ്ടും
നിയമം കൊണ്ടും തടഞ്ഞു
ആലീസിൻ്റെ ആട്ടിൻ കുട്ടിയെ
പുലി പിടിച്ചപ്പോൾ
പുലിയെ എറിയാൻ
കല്ലെടുത്തു
അവർ വന്നു
വാർത്ത കൊണ്ടും
വാറോല കൊണ്ടും തടഞ്ഞു
മനുഷ്യർ വെട്ടേറ്റു
തെരുവിലും
വെടിയേറ്റു വീട്ടിലും വീണു
അവരെയാരെയും കണ്ടില്ല

- മുനീർ അഗ്രഗാമി

നിന്നെ ഓർത്ത് ഇറ്റി വീഴുമ്പോൾ

ഒരു തുള്ളി
ഒരു കടലാണ്
നിന്നെ ഓർത്ത്
ഇറ്റി വീഴുമ്പോൾ.
മരുഭൂമി
അതിൽ കുതിരുന്നു
മഞ്ഞ വെയിൽ
അതിൽ നീന്തുന്നു.
- മുനീർ അഗ്രഗാമി

വിടരുന്നു

രാത്രിവണ്ടിയിൽ
നിന്നെ പോലൊരു കാറ്റ്
ഞാൻ,
നീ ഓളങ്ങളുണ്ടാക്കിയ
ജലാശയം
ആമ്പൽ മൊട്ടുകൾ
വിടരുന്നു

- മുനീർ അഗ്രഗാമി

ഒരു വാക്ക്

സത്യം
വീണ്ടും
കൊല്ലപ്പെട്ടു
എന്നിട്ടും
എഴുതിക്കൊണ്ടിരുന്നു.
വെടിയുണ്ടകൾ
പൂക്കളാകുവാൻ
സത്യം
എഴുതിക്കൊണ്ടിരുന്നു
സ്വാതന്ത്ര്യമാണ്
അതിലെ ഒരു വാക്ക് .
.....

- മുനീർ അഗ്രഗാമി

നാലുമണി മഴ

നാലുമണി മഴ
.........................
എല്ലാവരേയും ഓർത്തു
ഓർമ്മയിൽ ബെല്ലടിച്ചു
നാലു മണിയായതറിഞ്ഞില്ല
അകത്തും പുറത്തും മഴ പെയ്തു
സ്കൂൾ വരാന്തയിൽ
ഇപ്പോഴും നിൽക്കുന്നുണ്ട്
തീർന്നു പോകാത്ത ഒരു നോട്ടം.
വീടെത്തുവോളം
ഞാനറിയാതെ ഞാൻ നടന്നിരുന്ന
എത്രയോ മനസ്സുകളുണ്ടായിരുന്നു
അവർ
ഞാനറിയാതെ
കൈ പിടിച്ചിരുന്നു
ഇപ്പോഴും ഒറ്റപ്പെട്ടപ്പോൾ
ആ വിരലുകൾ പിടിച്ചു നടന്നു
സമയമതു കണ്ടു നിൽക്കുന്നു
ആരോടും പറയാതെ.
- മുനീർ അഗ്രഗാമി

അക്ഷരവെളിച്ചം

അക്ഷരവെളിച്ചം പോലെ
മറ്റൊരു വെളിച്ചവും
പ്രകാശിച്ചില്ല
അക്ഷരം പഠിപ്പിച്ചവരെ പോലെ
മറ്റാരും തെളിഞ്ഞില്ല

ഓരോ വാക്കിലും
വരിയിലുമുണ്ടവർ
അദൃശ്യമായ്
ആത്മാവു പോൽ .
സാർത്ഥകം ജീവിതമെന്നവർ
മറ്റെവിടെയുമെഴുതിയില്ല;
നമ്മുടെ മനസ്സിലല്ലാതെ .
അദ്ധ്യാപകരേ
നിങ്ങളുണ്ടാക്കിയ
വാക്കിൻ്റെ വാടിയിൽ
അർത്ഥം വിടരുന്ന പൂക്കാലത്തിൽ
ഞാനൊരു കുഞ്ഞു ശലഭം മാത്രം!
ഓരോ പൂവിലും ചെന്നിരുന്നു
പ്രണമിക്കും ചിത്രപതംഗം മാത്രം
- മുനീർ അഗ്രഗാമി

മധു, മധുരം, മരന്ദം.

നീ എന്നിൽ നിറയുമ്പോൾ
ഞാനൊരു വിടർന്ന പൂവ്
മധു,
മധുരം,
മരന്ദം,
തേൻ...
മധുരത്തിൻ്റെ പേരൊക്കെയും
നീ.
നിശ്ശബ്ദമായ്
എനിക്കുള്ളിൽ
ചിങ്ങമഴ പോലെ
നീ നനയുന്നു
വസന്തത്തിന്
വരാൻ മറ്റുവഴികളില്ല
നീ നടക്കുന്ന പാതയല്ലാതെ.
വിടരുകയെന്നാൽ
വെളിച്ചത്തെ കുടിക്കലാണ്
അടരുവാൻ വയ്യാതെ .

- മുനീർ അഗ്രഗാമി

അമ്മ വീട്

അമ്മ വീട്
...................
പകലു നെയ്യുന്ന
മഴനൂലുകൾ പിടിച്ച്
ഒരു വൃദ്ധ
ഇപ്പോൾ വിരിഞ്ഞ പൂവിനോട്
ഓണത്തെ കുറിച്ചു
സംസാരിക്കുന്നു,
വീണുപോവാതെ.

കാലം ഒഴുകിപ്പോയ ചാലുകൾ
ചുളിവുകളായി
ഉടലാകെ ഉമ്മ വെയ്ക്കുന്നു
തളരാതെ അവ
തെളിയുന്നു .
അതിലൂടെ അറിയാതെ
ചിങ്ങമൊലിച്ചിറങ്ങുന്നു
ചുളിവുകളുടെ പ്രണയത്തിനും മുമ്പ്
ഇപ്പോൾ സംസാരിക്കുന്ന പൂവിൻ്റെ
മുതുമുത്തച്ഛൻ
ആദ്യാനുരാഗം പോലെ
ചിങ്ങപ്പുലരിയിൽ
കൈവിരലിലുമ്മവെച്ചത്
അവർ പൂവിനോട് പറയുന്നു
വാട്സപ്പിൽ ആശംസകളും
ഫോട്ടോകളുമായി
മക്കളും മരുമക്കളും
നിറഞ്ഞ് മൊബൈൽ ഫോൺ
സ്തംഭിച്ചു നിൽക്കുന്നു
പൂവിനടുത്തു നിന്ന്
മൊബൈലിനടുത്തേക്ക് അവർ പോയില്ല
കുട്ടികൾ കളിച്ചു
ബാക്കിയാക്കിയ ശൂന്യത പോലും
അടുത്തില്ല
പൂട്ടിയിട്ട വീട്ടിൽ ആ ശൂന്യത
തടവിലാണ്.
ഇപ്പോൾ
തടവു പോലുമത് തടവി നോക്കുന്നുണ്ടാവും
വൃദ്ധരൊരുപാടുണ്ട്
അപ്പുറത്തുമിപ്പുറത്തും
ഒരാൾ പഴയൊരു ലക്കോട്ടിനോട്
കരയുന്നു
ഒരാൾ ഒരു കുഞ്ഞിപ്പൂച്ചയോടു മിണ്ടുന്നു
ഒരാൾ കിടന്നു കരച്ചിലിനെ
സമാധാനിപ്പിക്കുന്നു
പലരും പലതിനോടും
ഉറ്റവരോടെന്ന പോൽ
മിണ്ടുന്നു
അവരാരോടുമൊന്നും പറയാതെ
വൃദ്ധ
പൂവിനോടു മാത്രം
പൂക്കളെ കുറിച്ചു പറഞ്ഞു
പൂക്കാലത്തെ കുറിച്ചു പറഞ്ഞു
കേട്ടു കേട്ടു പഴകിയ പ്രമേയമെങ്കിലും
പൂവു കേട്ടതു പോലെ
ആരുമിനോളമവരെ കേട്ടിട്ടില്ല
അതുകൊണ്ടാവാം
വൃദ്ധയിപ്പോൾ വൃദ്ധയല്ല
കുഞ്ഞു പൂവിൻ്റെ കുഞ്ഞു മുത്തശ്ശി മാത്രം
- മുനീർ അഗ്രഗാമി

ഓണപ്പൊട്ടൻ.

ഗ്രാമഞരമ്പിലെ
ഒരു തുള്ളി രക്തം;
ഓണപ്പൊട്ടൻ.
- മുനീർ അഗ്രഗാമി
പൂക്കളുടെ വെളിച്ചം
..................................
പൂർണ്ണമായും
ഇരുട്ടിലാകുമ്പോൾ
പൂക്കളുദിക്കുന്നു

പച്ചയും ചുവപ്പും
നീലയും കുങ്കുമവും
ഇരുട്ടിൻ്റെ പര്യായങ്ങളായി
പടരുമ്പോൾ
പൂക്കളുടെ
ആ വെളിച്ചത്തിലേ
ഓണം വരൂ
പൂക്കളുടെ
ആ വെളിച്ചത്തിലേ
ഒരുമ പുലരൂ
- മുനീർ അഗ്രഗാമി

പൂക്കളെ ചവിട്ടിത്താഴ്ത്തുന്ന വാമനൻ

പൂക്കളെ ചവിട്ടിത്താഴ്ത്തുന്ന വാമനൻ
.............................................
വരിക തിരുവോണമേ ,
വരിക!
വരിക പൊന്നോണമേ,
വരിക !
എത്രയോ വട്ടം വിളിച്ചു.
വന്നില്ല,
വന്നില്ല മാവേലിയും

ഒടുവിൽ ഞങ്ങൾ കൊണ്ടുവന്നു
ചുരമിറക്കി
പാണ്ടി ലോറിയിൽ
കൊണ്ടുവന്നു
വസന്തവും സമൃദ്ധിയും പോലെ
കൊണ്ടുവന്നു
കുട്ടികൾക്ക് കാണുവാൻ വേണ്ടി
ഞങ്ങൾക്കുണ്ണുവാൻ വേണ്ടി
കൊണ്ടുവന്നു
കെട്ടിക്കൊണ്ടു വന്ന
പൂക്കൾ കാണാൻ
പൂമ്പാറ്റ വന്നില്ല
പൂത്തുമ്പി നിന്നില്ല
തേനീച്ച പോലുമടുത്തില്ല
ഓണം ഓർമ്മയുടെ ചിറകുള്ള
ശലഭമാണ്
അതെവിടെ ?അതെവിടെ? എന്ന്
ചിറകിലെ ചിത്രങ്ങളോർമ്മയുള്ള
കണ്ണുകൾ ചോദിച്ചു
കണ്ണുകളിൽ പറന്നു നടക്കുന്ന
വസന്തമാണ് ഓണം
അതെവിടെ അതെവിടെ? എന്നന്വേഷിച്ച്
കണ്ണിലെ തെളിഞ്ഞ ആകാശം
അതിനെ കാത്തിരുന്നു
ആദ്യം നാട്ടുപൂക്കളിൽ വന്നിരുന്ന്
മുറ്റത്ത് പറന്ന്
കണ്ണുകളിൽ വിശ്രമിക്കയത്രേയതിൻ രീതി
അതിനു വന്നിരിക്കാനുള്ള
നാട്ടുപൂക്കളെവിടെ ?
ഞാൻ തിരഞ്ഞു നടക്കവേ
തൂമഴത്തുള്ളി ചോദിക്കുന്നൂ,
സ്കൂളിൽ പോകുന്ന
ബൂട്ടിട്ട കുട്ടീ ,
വാമനനെന്നു പേരുള്ളവനേ
ക്വിസ്സിനു ഫസ്റ്റ് കിട്ടിയ വനേ
സ്കൂൾ ബസ്സിലേക്ക് കയറും വഴി
നീയെന്തിനാണ് കുഞ്ഞു പൂക്കളെ
പാതാളത്തിലേക്ക്
ചവിട്ടിത്താഴ്ത്തിയത് ?
- മുനീർ അഗ്രഗാമി

മൂലധനം

മൂലധനം
..................
സർവ്വലോക കുടിയൻമാരേ
നിങ്ങളുടെ രാജ്യം വന്നു
ദേശീയ പാതകളെ
നിങ്ങൾക്കിഴഞ്ഞു പോകാൻ
പാകത്തിൽ
തരം താഴ്ത്തിയിരിക്കുന്നു

വിദ്യാലയങ്ങൾക്കും
ബീവറേജുകൾക്കുമിടയിലുള്ള അകലം
നിങ്ങൾക്ക് ക്യൂ നിൽക്കുവാൻ വേണ്ടി
എളുപ്പമാക്കി തന്നിരിക്കുന്നു
കുടിയൻ്റെ കുമ്പസാരങ്ങളും
ആത്മകഥകളും
വേദപുസ്തകങ്ങളാക്കിയിരിക്കുന്നു
സർവ്വലോക കുടിയൻമാരേ
നിങ്ങളുടെ വാഗ്ദത്ത ഭൂമിയിതാ
സത്യമായിരിക്കുന്നു
നിങ്ങൾ ചെലവഴിക്കുവാൻ വേണ്ടി
നിങ്ങൾക്ക് പിമ്പിരിയായി
കിടന്നുറങ്ങുവാൻ വേണ്ടി
പാതയോരങ്ങളെ വിശാലമാക്കി
തന്നിരിക്കുന്നു
നിങ്ങൾ രാജ്യത്തിനു വേണ്ടി
ചെലവഴിക്കുവിൻ
ഓണവും സംക്രാന്തിയും
നിങ്ങൾക്കു വേണ്ടി
ലളിതമാക്കിയിരിക്കുന്നു
നിങ്ങളുടെ മൂലധനമാണ്
രാജ്യത്തിൻ്റെ സമ്പത്ത് .
- മുനീർ അഗ്രഗാമി

ഒരു രഹസ്യ വഴിയുണ്ട്



എഴുത്തുകാർക്ക് സന്തോഷ വാർത്ത

ISBN number ഓടു കൂടി

മലയാളം

ഇംഗ്ലിഷ് ഹിന്ദി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കേണ്ടവർക്ക് സഹായമാകുന്ന നമ്പർ

call 8281201496 ( Skybooks ,calicut)

ആകാശം കൈവിട്ടു,
വലിയ പതനമായിരുന്നു
ഇളം പൂവ് അഭയം തന്നു
പ്രണയം പോലെ
അൽപസ്മയം അതിലിരുന്നു
സൂര്യനായി

കണ്ണീരു പോലെ
ഇറ്റി വീണു
മണ്ണിൽ പരന്നു
അത്തവും
തിരുവോണവുംവന്നു
തുമ്പികളും വന്നു
നെഞ്ചിലൂടെ കടന്നു പോയി
വേരുകൾ അലയുന്ന വഴിയിൽ
കരച്ചിൽ പോലെയിരുന്നു
തിരിച്ചറിയാതിരിക്കില്ല
വേരിൻ്റെ കണ്ണുകൾ
അതിന്നറിയാം
ഇലഞരമ്പുകളുടെ ദാഹം
വേരുകളിലൂടെ
പൂവിലേക്ക്
ഒരു രഹസ്യ വഴിയുണ്ട്
- മുനീർ അഗ്രഗാമി

രണ്ടു നീല ജലാശയങ്ങൾ

നിനക്ക്
എന്നിൽ നിറയാൻ
രണ്ടു നീല ജലാശയങ്ങൾ;
കര കവിയുമ്പോൾ
പുറത്തേക്കൊഴുകുവാനും.
_ മുനീർ അഗ്രഗാമി