യാത്രാവിവരണം (l) നിള


നിള
.........
നിളാമണൽപ്പരപ്പിൽ
രാത്രിവിരിപ്പിൽ
നിറഞ്ഞു കവിഞ്ഞ
ഒരു സ്വപ്നം പുതച്ച് കിടന്നു
ഉറക്കം വന്നില്ല
വൃദ്ധസദനത്തിലെന്ന പോലെ
ആശുപത്രിക്കിടക്കയിലെന്ന പോലെ
ചുളിഞ്ഞു മെലിഞ്ഞ വിരലുകൾ
ആരെയോ തേടുമ്പോലെ
മെല്ലെ യിളകി
കണ്ണീർച്ചാലുകൾ ഒലിച്ചു
നിലാവതിൻ്റെ തീരത്ത് വന്നു നിന്നു
ഉടഞ്ഞ കണ്ണാടിയിൽ
മുഖം നോക്കി കരഞ്ഞു
വന്നുവോ ?
എന്നോട് ചോദിക്കുന്നു
ഒന്നുംമിണ്ടാതെ നിന്നു
ഒരു രാത്രി
മണൽപ്പരപ്പിൽ കിടന്നു
വല്ല്യച്ഛനെ കുളിപ്പിച്ച
ജലത്മാത്രകൾ കിടന്ന അതേ മണൽപ്പരപ്പ്
ഏതോ വേദനയാൽ
അവ തപിച്ച് അടുത്ത് കിടന്നു
കുറ്റിക്കാടുകൾ കാവൽ നിന്നു
മതിയായില്ല
പക്ഷേ
ഒറ്റയാവുന്നു,
തിരിച്ചു പോവണം
മണൽത്തരികൾ
കാലിൽ പിടിച്ചു വെച്ചു
പോവരുത് !
ഞങ്ങൾക്കൊപ്പം കാത്തിരിക്കുക
ഇതേ വാക്കുകൾ
മുമ്പൊരു മനുഷ്യനോട്
ഇവ പറഞ്ഞിട്ടുണ്ടെങ്കിൽ
ഞാൻ അയാളല്ല
കണ്ണിൽ തിളക്കമുള്ള
ഒരു മണൽത്തരി
കാറിനടുത്തു വരെ കൂടെ വന്നു
യാത്ര പറഞ്ഞില്ല
കണ്ണിൽ ഒരു മഴത്തുള്ളി വീണു പിടഞ്ഞു.
നടന്നു.
തിരിഞ്ഞു നോക്കാനായില്ല .
- മുനീർ അഗ്രഗാമി

No comments:

Post a Comment