നടത്തം


നടത്തം
...............
മണൽത്തരികളുടെ തിളങ്ങുന്ന കണ്ണുകൾ
ഓരോ ചുവടിലും തെളിഞ്ഞു
കൃഷ്ണമണികളിൽ
പുഴയുടെ ഓർമ്മകൾ തിരയുന്ന
തിളക്കം
നടന്നു.
കൊന്നപ്പൂവുകൾ പിന്നിൽ നിന്ന്
നോക്കി നിന്നു
കോമാവ്
ഒരു പഴുത്ത മാങ്ങ തന്നു.
നടന്നു,
ഒന്നു രണ്ടു മഴ മേഘങ്ങൾ വന്നു നോക്കി
പെയ്തില്ല
അതുകൊണ്ട്
തളിർക്കാനാവാതെ നടന്നു
ചുട്ടുപഴുത്ത റെയിൽവേ സ്റ്റേഷൻ
ഓർമ്മകളുടെ വീടുപോലെ
കുറെ മനുഷ്യർ
അവരവരെ പുതുക്കിപ്പണിയാനിരിക്കുന്നു
അവർക്കടുത്തെത്തി
വെയിലേറ്റു വാടിയ ഇലപോലെ
സിമൻ്റു ബെഞ്ചിൽ വീണു
എത്രയോ സ്വപ്നങ്ങൾ ഇരുന്ന ബെഞ്ച്
എത്രയോ കാത്തിരിപ്പുകൾ കണ്ട ബെഞ്ച്
എന്നെ ചേർത്തു പിടിച്ചു
മയക്കം നേർത്ത കാറ്റുപോലെ
എനിക്കുള്ളിലൂടെ നടന്നു പോയി.
- മുനീർ അഗ്രഗാമി

No comments:

Post a Comment