ഡൽഹി

ഡൽഹി
................
കുതിപ്പുകൾ വെട്ടിയിട്ട് ,
ഇറങ്ങാനുള്ള ആഗ്രഹങ്ങൾ
കുത്തിക്കെടുത്തി,
തലസ്ഥാനത്തിൻ്റെ അതിർത്തിയിൽ
തീവണ്ടി ചെന്നു നിന്നു

മുന്നോട്ടു പോകാൻ വയ്യ
തീവണ്ടിയുടെ കണ്ണുകൾ
ശക്തമായ വെളിച്ചത്തിൽ നോക്കി;
തലസ്ഥാന നഗരമെവിടെ?
ചരിത്ര നഗരമെവിടെ ?
സ്മോഗിൻ്റെ വെളുത്ത വിഷപ്പൂവുകൾ മാത്രം
കാഴ്ചമറച്ച് വിടർന്നു നിന്നു
എന്തിനെ പേടിച്ചാവും
ഈ നഗരം
ഫോഗിൻ്റെചിറകിനടിയിൽ
ഒളിച്ചത് ?
മണിക്കൂറുകൾ മരിച്ചു തണുക്കുന്നു
ബോഗികളിൽ പുഴുക്കളെ പോലെ
സമയത്തിൻ്റെ വില അസാധുവായ സങ്കടത്തിൽ
യാത്രികർ ഇളകി,
പുളച്ചു
സൂര്യനെവിടെ?
ആരോ ചോദിച്ചു
വെളിച്ചം കെട്ടുപോയ നഗരത്തിൽ വരാൻ
രശ്മികൾ മടിക്കുകയാകും
സ്ത്രീലിംഗമാകയാൽ
ആരോ പറഞ്ഞു
ഡൽഹി തെളിഞ്ഞു നിൽക്കേണ്ട
നഗരം തന്നെ
പക്ഷേ
ആരുടെ കറുത്ത കൈകളാണ് അതിനെ,
അതിൻ്റെ ചരിത്രത്തെ ,
അതിൻ്റെ പകലുകളെ
ജീവനോടെ വെള്ള പുതപ്പിക്കുന്നത് ?
- മുനീർ അഗ്രഗാമി

No comments:

Post a Comment