മെയ് കാഴ്ച്ച

മെയ് കാഴ്ച്ച
........... ...........
ഉച്ചവരെ പണിയെടുത്ത്
ആയിരം രൂപ കൂലി വാങ്ങി
തൊഴിലാളി
ഷോപ്പിംഗ് മാളിലേക്ക്
കയറിപ്പോയി

മൾട്ടിപ്ല ക് സ് തിയേറ്ററിൽ നിന്ന്
ഏറ്റവും പുതിയ ഹോളിവുഡ് സിനിമ കണ്ടു പുറത്തിറങ്ങാതെ
ചുറ്റി നടന്നു
വാട്ട്സാപ്പിലും
ഫെയ്സ് ബുക്കിലും കയറി
സർവ്വരാജ്യ തൊഴിലാളികളേ
ഇതിലേ ഇതിലേ
എന്നു ക്ഷണിച്ചു
വീട്ടിലെ പണി തീരാത്തതിനാൽ
ഭാര്യയെ അയാൾ കൂട്ടിയിരുന്നില്ല
തൊഴിലാളിയായി ഗണിക്കാത്തതിനാൽ
അവളെ ഇതിലേ ഇതിലേ
എന്ന് ക്ഷണിച്ചതുമില്ല
ഫുഡ് കോർട്ടിൽ സമ്മേളനത്തിൽ
അവർ സംഘടിതരായി
ഷവർമ്മ കഴിച്ചു
എല്ലാവരും നേതാക്കൻമാരായി
സംസാരിച്ചു
അന്നേരം
മെയ് ഫ്ലവറുകൾ ചുവന്ന കൊടി കെട്ടുകയും
കാറ്റിലവ ഇളകുകയും
ആകാശത്തിലെ പറവകളേ
ഇതിലേ ഇതിലേ എന്ന്
വിളിക്കുകയും ചെയ്തു
അയാൾ അതൊന്നുമറിഞ്ഞില്ല
പിതാക്കൻമാരുടെ കണ്ണീർ പോലെ
ഒരു മഴ വന്നു
മെയ് മാസം നനഞ്ഞു കുതിർന്നു
- മുനീർ അഗ്രഗാമി

No comments:

Post a Comment