രശ്മികൾ

രശ്മികൾ
..........................
നീ ജനിക്കുമ്പോൾ
പുറപ്പെട്ട രശ്മികൾ
ഇപ്പോഴാണ്
എൻ്റെ കണ്ണുകളിലെത്തിയത്

എന്നെ തിരഞ്ഞ് എത്ര വർഷങ്ങൾ
അവ അലഞ്ഞു!
കണ്ടെത്തിയപ്പോൾ എനിക്ക്
കാഴ്ചയുണ്ടായി
അതുവരെ കണ്ടതൊന്നും
കാഴ്ചയല്ലാതായി
നിനക്ക് നിറങ്ങളുണ്ടായി
അന്നോളം നിറകണ്ണുകളിൽ
ഇല്ലാത്ത നിറങ്ങൾ
ഇതളുകളെന്ന പോലെ
നീ പൂക്കാലമായി
സന്തോഷമായി
നീ നിറങ്ങളായ് നിറഞ്ഞു
എനിക്കു ചുറ്റും മഴവില്ല്
വാത്സല്യത്തിൻ്റെ നിറം
കാരുണ്യത്തിൻ്റെ നിറം
സ്നേഹത്തിൻ്റെ നിറം
പ്രണയത്തിൻ്റെ നിറം
അവ
കറുപ്പോ വെളുപ്പോ അല്ല
ചുണ്ടിൻ്റേതോ
കാലടിയുടേതോ അല്ല
നമുക്കിടയിൽ
വെളിച്ചമാണ്
വെളുത്ത ഹംസം .
ഞാൻ ജനിച്ചപ്പോഴും
കുറച്ചു രശ്മികൾ പുറപ്പെട്ടിട്ടുണ്ട്
നിൻ്റെ കണ്ണുകളിലല്ലാതെ
മറ്റെവിടെയും അവ
ചെന്നെത്തരുതേ!
എത്തരുതേ എന്ന്
ഹംസത്തിനോട്
പറഞ്ഞു പോകുന്നു
-മുനീർ അഗ്രഗാമി

No comments:

Post a Comment