മംഗള-ലക്ഷദ്വീപ് എക്സ്പ്രസ്


മംഗള-ലക്ഷദ്വീപ് എക്സ്പ്രസ്
....................................................
വെയിൽ കുടിച്ച് പൊള്ളിനിൽക്കുന്ന
പറമ്പുകൾ
തണലിലേക്ക് നടക്കാൻ
കാലു തരണേ എന്നു പ്രാർത്ഥിക്കുന്ന കുന്നുകൾ
അന്നേരം ദൈവത്തെ പോലെ
ചെറിയ കാറ്റുമായ്
തീവണ്ടി വന്നു

വയലുകൾക്കും കുന്നുകൾക്കുമിടയിലൂടെ
അത്ര വേഗത്തിൽ ഇഴഞ്ഞ്.
മംഗള - നിസാമുദ്ദീൻ എക്സ് പ്രസ്
എൻ്റെ മയക്കത്തിൻ്റെ വീണക്കമ്പി മുറിച്ച്
യാത്രയുടെ പച്ചക്കൊടി പാറിച്ച്
കൊഴിഞ്ഞു വീണ ഇലകൾ
ഫ്ലാറ്റ് ഫോറത്തിൽ നീങ്ങി നിന്നു
ഞാൻ സ്ലീപ്പർ കോച്ചി ലേക്കു നടന്നു
ഉറക്കം എൻ്റെ ബർത്തിൽ
എന്നെ കാത്തിരുന്നു
കടലിൽ മീനെന്ന പോലെ
അതിൻ്റെ നീലയിൽ ഞാൻ ലയിച്ചു
അകത്തല്ല
പുറത്താണ് തീ
ജ്വാലയില്ലാതെ അത് കത്തിക്കൊണ്ടിരുന്നു
കറുത്ത ദേവനല്ല
വെളുത്ത വെയിലിൻ്റെ ദേവൻ
താണ്ഡവമാടുന്നു
തൊടികളും
വയലുകളും കടന്ന്
വണ്ടി പായുമ്പോൾ
പാലങ്ങളെ കളിയാക്കി
അടിയിൽ ചെളിയുടെ
വിണ്ടു കീറിയ ചുണ്ട്
പിന്നോട്ടു പാഞ്ഞു പോകുന്ന ദൃശ്യങ്ങൾ
പേവരുതേ എന്നു നിലവിളിച്ചില്ല
മഴ കൊണ്ടുവാ എന്നതു പലവട്ടം പറഞ്ഞു
ആരും കേട്ടില്ല
ചെവികളുടെ വാതിലടച്ച്
ഒരു കിളിവാതിൽ മാത്രം
മൊബൈലിലേക്ക് തുറന്ന്
യാത്രക്കാരിരുന്നു.
പല ദേശക്കാർ
ഭാഷക്കാർ
മതക്കാർ
ആരും ആരേയും ഉപദ്രവിക്കാതെ
മൊബൈലിനു മുന്നിൽ
ധ്യാനിച്ചിരുന്നു
ഇപ്പോൾ ട്രെയിൽ
സർവ്വ മതങ്ങളുടേയും ആരാധനാലയമാണ്
മൊബൈൽ ഫോൺ പ്രതിഷ്ഠയും
പണ്ടേ അത്
സർവ്വ യാത്രക്കാരുടേയും
പ്രാർത്ഥനാലയമാണ്
പല ഭാഷയിൽ
പല ആരാധനാ രീതിയിൽ
യാത്രയുടെ ശ്രീകോവിലേക്ക് തിരിഞ്ഞ് പ്രാർത്ഥിച്ച ഇടം
എൻ്റെ ബർത്ത്
താമസിക്കുമ്പോൾ മാത്രം
എൻ്റേ തായ
ഭൂമിയെപോലെ
എന്നെ വിളിച്ചു,
ഉറക്കത്തിൻ്റെ മടിയിൽ
തലവെച്ചു കിടന്നു;
മറ്റാർക്കും സ്വന്തമാക്കാനാവാത്ത
എൻ്റെ മാത്രം ഉറക്കം
കൺപോളകളിൽ വിരലോടിച്ചു
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്
കുതിച്ചു പാഞ്ഞു
ഒരിക്കലും തമ്മിൽ തൊടില്ലെന്ന്
കരുതിയ പാളങ്ങൾ
ഒരേ തരിപ്പ് അനുഭവിച്ചു കിടന്നു
ട്രെയിൻ ഓടുമ്പോൾ അവർ കമിതാക്കളാകുന്നു
ട്രെയിൻ ഹംസവും
- മുനീർ അഗ്രഗാമി

No comments:

Post a Comment