കാഴ്ചയില്ലാത്ത
ഒരു മുത്തശ്ശി
...................................
വികസനം എന്ന വാക്ക് കേട്ട്
കാഴ്ചയില്ലാത്ത
ഒരു മുത്തശ്ശി
സത്യപ്രതിജ്ഞകളുടെ
മങ്ങിയ ഓർമ്മകളിൽ നിന്നും പുറത്തിറങ്ങി
വെറ്റില പ്പൊതിയഴിച്ച്
നൂറിൻ്റെ വെളുപ്പിലേക്ക് നോക്കി
ചോദിച്ചു,
മോനേ
വയലും ജലാശയവും
വികസിക്കുമോ ?
കുടിവെള്ളവും
കുടിയിലെ സന്തോഷവും
വികസിക്കുമോ ?
സ്നേഹവും സമാധാനവും
വികസിക്കുമോ ?
അവർ കുറേ പേരുണ്ടായിരുന്നു
കുടിലിൻ്റെ മുറ്റത്ത്
നിന്ന് പറയുകയായിരുന്നു
അവ്യക്തമായ ഇരമ്പലിന് കാതോർത്ത്
മുത്തശ്ശി ചോദിച്ചു ,
മോനേ
പൂക്കളും പൂമ്പാറ്റകളും
പുഴകളും വികസിക്കുമോ ?
ജീവവായുവും ജീവസ്പന്ദനങ്ങളും
വികസിക്കുമോ ?
അവരതു കേട്ടില്ല
ജെ. സി .ബി യുടെ ഇരമ്പൽ ചോദ്യങ്ങൾ വിഴുങ്ങിക്കളഞ്ഞു
വീടു തകരുന്ന ഒച്ച കേട്ട്
മുത്തശ്ശി വീണ്ടും ചോദിച്ചു,
എന്താണിടിഞ്ഞു പൊളിയുന്നത് ?
മോനേ
ലോകാവസാനമാണോ ?ഭൂകമ്പമാണോ ?
വികസനമാണോ ?
പെട്ടെന്ന്
നഗരം അതിൻ്റെ അടുത്ത ചുവട്
മുത്തശ്ശിയുടെ തലയിൽ വെച്ചു
പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ല
ഉത്തരങ്ങളും ഉണ്ടായില്ല
നഗരം താന്തോന്നിയായി
വളർന്നു കൊണ്ടിരുന്നു.
--മുനീർ അഗ്രഗാമി
No comments:
Post a Comment