ഭാഷ അസംബന്ധമാണ്


ഭാഷ അസംബന്ധമാണ്
.........................................
ഭാഷ അസംബന്ധമാണ്,
മൃഗങ്ങളേയും പക്ഷികളേയും
അവർക്കറിയാത്ത ഒച്ചയിൽ
വിളിക്കുമ്പോൾ
ലിപികൾ കൊണ്ട്
സാമ്യമില്ലാ ത്ത ചിത്രങ്ങൾ വരച്ച്
ആന ,
കുതിര,
മയിൽ എന്നു വായിക്കുമ്പോൾ

ഭാഷ അസംബന്ധമാണ്
പല ഭാഷകളിൽ
പല ലിപികൾ കൊണ്ട്
സ്നേഹത്തിൻ്റെ ചിത്രം വരച്ചിട്ടും
വായിച്ചിട്ടും
മനുഷ്യൻ പീഡയേൽക്കുമ്പോൾ ;
കൊല്ലപ്പെടുമ്പോൾ

ഭാഷ അസംബന്ധമാണ്
കണ്ണുകൾ കണ്ണുകളോടും
കൈ കയ്യോടും
ഉരിയാടുമ്പോൾ
മണം മൂക്കിൽ വന്ന്
മാമ്പഴത്തെ കുറിച്ചു പറയുമ്പോൾ
വെടിയൊച്ച ചെവിയിൽ
മരണ നിലവിളിയെടുത്തു വെക്കുമ്പോൾ

ഭാഷ അസംബന്ധമാണ്
ഈജിപ്തിൽ
സുമേറിയയിൽ
സിന്ധു നദീ തടത്തിൽ ചുടുകട്ടകളിൽ
മരിച്ചു കിടക്കുന്ന വാക്കുകളിൽ
പുനർജ്ജനിക്കാതെ
ജീർണ്ണിക്കുമ്പോൾ.
ഫലസ്തീനിൽ
സോമാലിയയിൽ
ഇന്ത്യയിൽ
കുട്ടികൾ ഭക്ഷണം എന്ന വാക്ക് പഠിക്കാനിരിക്കെ
മരിച്ചു പോകുമ്പോൾ
ജലം വെറും വാക്കായി
വരൾച്ചയുടെ നെഞ്ചത്തിരിക്കുമ്പോൾ!

ഭാഷ അസംബന്ധമാണ്
അമ്മ
അച്ഛൻ
അദ്ധ്യാപകൻ
മകൾ
മകൻ
എന്നീ
വാക്കുകളിൽ നിന്ന്
മനുഷ്യൻ ചോർന്നു പോകുമ്പോൾ .
ദയ
കാരുണ്യം
വാത്സല്യം
എന്നിവയിൽ നിന്ന്
മനുഷ്യത്വം വാർന്നു പോകുമ്പോൾ
ഭാഷ അസംബന്ധമാണ്
കവിത അതിൽ നിന്ന്
ജീവിതത്തിൽ നിന്നെന്ന പോലെ
ഇറങ്ങിപ്പോകുമ്പോൾ.
 
-മുനീർ അഗ്രഗാമി

No comments:

Post a Comment