രണ്ടു പെൺകുട്ടികൾ


രണ്ടു പെൺകുട്ടികൾ
............................
മനാഞ്ചിറയിൽ
രണ്ടു പെൺകുട്ടികൾ
വെറുതെയിരിക്കുന്നു;
ഒരാളുടെ വിരലുകൾ
മറ്റെയാളുടെ കയ്യിൽ
വീണു കിടക്കുന്നു;
ഒരാളുടെ മുടി
മറ്റെയാളുടെ മുടിയിൽ എത്തിപ്പിടിക്കുന്നു;
രണ്ടു പേരുടേയും വസ്ത്രം
സ്കൂളിനെ കുറിച്ച് സംസാരിക്കുന്നു;

അവരുടെ തൊട്ടടുത്ത്
അണ്ണാൻ കടിച്ചെറിഞ്ഞ
രണ്ടു മാമ്പഴം
മാവടുത്തുണ്ടായിട്ടും
അനാഥമായി കാറ്റു കൊള്ളുന്നു;

ഒറ്റമുറി ,
വീടാകുന്ന
ഒരു ദേശത്തെ കുറിച്ച്
അവർ സംസാരിക്കുന്നു;
മുപ്പത്തെട്ട് മുറിവിലൂടെ
മരണം കൊണ്ടുപോയ
കുട്ടുകാരിയുടെ പേരവരോർക്കുന്നു;
മരത്തിൽ നിന്ന് പിടി വിട്ട്
രണ്ടിലകൾ
അവർക്കു മേൽ വീഴുന്നു;
ഒരാൾ ഓരാളെ ചേർത്തു പിടിക്കുന്നു

വെയിൽ മങ്ങുന്നു;
കാറ്റ് അവരുടെ ബേഗ്
തട്ടി നോക്കി
ഹോം വർക്ക് ചെയ്തോ എന്നന്വേഷി ക്കുമ്പോലെ
കടന്നു പോകുന്നു;
ഇങ്ങനെയിരുന്നാൽ വീട്ടിലെത്തുമോ
എന്നു ചോദിച്ച്
ഒരു മഴ
പെട്ടെന്ന്
അവരെ ഓടിച്ചു കളഞ്ഞു.

-- മുനീർ അഗ്രഗാമി

No comments:

Post a Comment