കുറെ കൊടികൾ
................................
ഇതാ ഞങ്ങൾ ആർപ്പുവിളികളും
ആക്രോശവുമാണെന്ന്
വിളിച്ചു പറഞ്ഞ്
കുറെ കൊടികൾ മുഖമില്ലാത്തവരുടെ കയ്യിൽ കിടന്നു തിളയ്ക്കുന്നു
തെരുവ് സ്തംഭിച്ചു നിന്ന് നോക്കുമ്പോൾ
വിപ്ലവം,
ദേശസ്നേഹം,
ദേശീയത,
ധർമ്മം
എന്നീ വാക്കുകൾ ശ്വാസം കിട്ടാതെ വീർപ്പുമുട്ടു
കയാണ്
കൊടികളുടുത്ത ബൈക്കുകൾ നിരന്നു നിൽക്കുന്നു
രാജ്യം അതിനു മുകളിൽ
യുവാക്കളുടെ ശരീരത്തിൽ
ഇരിക്കുന്നു
നല്ല വെയിലുണ്ട്
വെട്ടേറ്റും ബോംബേറ്റും
വീണവരുടെ വിലാപം
ഉരുകിയൊലിച്ചിട്ടുണ്ട്
തണലില്ല
കൊടികൾ ഇത്രയുണ്ടായിട്ടും
തണലില്ലാത്തതെന്ത് ?
ആസ്പത്രിയിലേക്ക്
നടക്കും വഴി
എതോ ഒരു വൃദ്ധൻ ചോദിച്ചു
ഓർമ്മയിൽ
സ്വാതന്ത്യ്രസമരമുള്ള വോട്ടറായതുകൊണ്ട്
അയാൾ ചോദിച്ചു പോയതാണ്
ബഹളത്തിനിടയിൽ
ഒന്നും തിരിച്ചറിഞ്ഞില്ല
ഒരാളെ പോലും
ആൾക്കൂട്ടം രാജ്യമല്ല
ആൾക്കൂട്ടം രാജ്യമല്ല
രാജ്യമല്ല
അയാളുടെ വോട്ട്
അയാളോട് പറഞ്ഞു കൊണ്ടിരുന്നു.
-മുനീർ അഗ്രഗാമി
No comments:
Post a Comment