അടുപ്പ് :അടുപ്പം

അടുപ്പ് :അടുപ്പം
..............................
അടുപ്പിന് ഒരു രഹസ്യമുണ്ട്
അടുപ്പത്തിൻ്റെ രഹസ്യം
കൈയെത്താവുന്ന ദൂരത്ത്
തമ്മിൽ തൊടാതെ
പരസ്പര ബഹുമാനത്തോടെ
മൂന്നു കല്ലുകൾ നിൽക്കുന്നു ; എന്നാൽ
കല്ലുകളല്ലാത്ത പോലെ
എന്നാൽ കല്ലുകളായിത്തന്നെ.

പൊള്ളിനിൽക്കുമ്പോഴും
ഇടയ്ക്കു വന്നവർ
കത്തിയെരിയുമ്പോഴും
തിളച്ചു തൂവുന്ന ലോകങ്ങൾ
തലയിലേറ്റുന്നു
ഉരുണ്ടും പരന്നും
ലോകബോധം മാറുന്നതറിയുന്നു
വെന്തുരുകുന്ന വയ്ക്ക്
സാക്ഷിയാകുന്നു
മാറാതെ
ഉരുകാതെ
മൂന്നു കല്ലുകൾ
അടുപ്പത്തിൻ്റെ ഇടയ്ക്കുള്ള
അകലത്തിൽ അവയുടെ
രഹസ്യമെഴുതുന്നു
വാക്കുകളില്ലാതെ
ലിപിയില്ലാതെ.
എന്നാൽ അടുത്തവർക്ക്
മനസ്സിലാകുന്ന ഭാഷയിൽ
അടുപ്പത്തിൻ്റെ ഭാഷയിൽ
പൊള്ളി ജീവിച്ചു തണുക്കുമ്പോൾ
ചാമ്പലിൻ്റെ ചാര നിസ്സംഗതയിൽ
ഓർമ്മകൾ കോർത്തു പിടിക്കുന്നു
അടുപ്പത്തിൻ്റെ അകലത്തിൽ
എന്നാൽ അകലമില്ലാതെ
അടുപ്പിന് ഒരു രഹസ്യമുണ്ട്
അടുത്തു നിൽക്കുന്നതിൻ്റെ,
എന്നാൽ അടുത്ത ല്ലാത്തതിൻ്റെ
ഒരേ ഉയരത്തിൽ
ഒരേ നിലയിൽ
ഒന്നായി
അടുപ്പം അടുപ്പാകുന്നതിൻ്റെ
വേവിക്കുന്നവളതറിഞ്ഞിരുന്നു
വെന്തുപാകമായവർ
അവളെയറിയുവോളം
രഹസ്യം
രഹസ്യമായി വെന്തു കൊണ്ടിരിക്കും
- മുനീർ അഗ്രഗാമി

No comments:

Post a Comment