ഋതുസംക്രമണം
...............................
ഞാൻ വേനൽക്കാലത്തിൽ നിന്നും
നദി കടക്കുമ്പോലെ
മഴക്കാലത്തിലേക്ക് കടക്കുന്നു
ഋതുവിൻ്റെ തോണി
കുളിരിലിറക്കുകയാണ്
മഴ കൊണ്ട് തുഴയുകയാണ്


മണ്ണു പോലെ ദാഹിക്കുന്നവനേ കൂടെ വരൂ
ദാഹജലം കൊണ്ട്
വിള്ളലുകളടയ്ക്കൂ
സ്നേഹം നെഞ്ചിലേക്ക് ചായുമ്പോലെ
ചാറുന്ന തുള്ളികളെടുക്കൂ

കുളിച്ചു തോർത്താതെ
ഇടവം കൂട്ടിനുണ്ട്
അതിന്നുണങ്ങിയ സ്വപ്നങ്ങളിൽ
പച്ച ശലഭങ്ങൾ
തളിരിലകളായ് ചിറകടിക്കുന്നു
അതു കണ്ടു മനുഷ്യനായ്
തളിർക്കൂ

അകിടുവറ്റിയ പോൽ
സ്നേഹം വറ്റിയ കൂട്ടുകാരീ
അരികിലിരിക്കൂ
ഇറയത്തു നിന്നും
ഇറ്റി വീഴും കണ്ണീർ ത്തുള്ളി
കവിതയായൊഴുകി നിന്നെ
സ്നേഹിക്കും

അക്കരെയുമിക്കരയുമില്ല
കൂട്ടുകാരേ നമുക്കു
കരപറ്റുവാൻ
എങ്കിലും തുഴയുക ,
കടലിൽ കരപറ്റും
തുള്ളിക്കൊപ്പം പോകാതെ
.
വേനലിൽ നിന്ന്
വേദനയിൽ നിന്നെന്ന പോലെയെങ്കിലും
ഇത്തിരി കൊന്ന പ്പൂവിന്നോർമ്മയുമായ്
ഒരു പിടി ഗുൽമോഹറുമായ്
വെയിലിൻ മഞ്ഞയിൽ നിന്ന്
ചൂടിൻ ചുവപ്പിൽ നിന്ന്
പുറത്തു കടക്കുന്നു
പച്ചയെന്നെ ചേർത്തു പിടിക്കുന്നു
ഋതുക്കളെന്നിലൂടെയും
കടക്കുന്നു

എന്നിലെത്രയോ കടവുകൾ തുറക്കുന്നു
ഋതുസംക്രമണ വേദിയായ്
ഞാൻ വലുതാവുന്നു
മഞ്ഞും മഴയും വെയിലും
കുളിരു മുള്ളിലുള്ളവനേ
വരൂ
കൂടെ വരൂ.

- മുനീർ അഗ്രഗാമി

No comments:

Post a Comment