കറുത്ത പ്രളയം (ഒരു രാത്രി കടക്കുന്നു)

കറുത്ത പ്രളയം (ഒരു രാത്രി കടക്കുന്നു)
............................
അന്ധൻ നട്ടുച്ചയ്ക്ക്
വരണ്ടുങ്ങിയ തടാകം കടക്കുമ്പോലെ,
ഒരു രാത്രി കടക്കുന്നു
കറണ്ടില്ലാത്തതിനാൽ
കാറ്റിൻ്റെ ഓളങ്ങളില്ല


നിലാവില്ലാത്തതിനാൽ
കൂട്ടിനു
നിഴലുപോലുമില്ല
വേനൽ ,
വേട്ടക്കാരനെ പോലെ
ഇരുളിൽ പതുങ്ങി
ചൂടമ്പെയ്തു കൊണ്ടിരുന്നു

പെട്ടെന്ന് എങ്ങുനിന്നോ
ഒരു നിലവിളി പാറി വീണു
ആരാണതിൻ്റെ പച്ചപ്പ് തകർത്തത് ?

ഏതു മരമായിരിക്കും
അതിനെ പിരിഞ്ഞ് മരിക്കുന്നത് ?
ഉടനുനുടൻ
നിശ്ശബ്ദത വിണ്ടുകീറി
വിള്ളലിൽ കണ്ണീരിറ്റി വീണു

തടാകം നിറഞ്ഞു തൂവി
നിസ്സഹായത കൈ നീട്ടി
വിളിക്കുന്നുണ്ടാവും
ഒന്നും കാണാത്ത കൂരിരുട്ട് കിതച്ചു പിടഞ്ഞു നിശ്ചലമായ്.

പ്രളയമായി;
സ്വന്തം കണ്ണീരിൽ കുതിർന്ന
കറുത്ത പ്രളയം.
പ്രണയാർദ്രമായ്
ഒരാലില പോലും
ഒഴുകി വന്നില്ല
വന്നില്ല
- മുനീർഅഗ്രഗാമി

No comments:

Post a Comment