കൈത

കൈത
.............
തോട്ടുവക്കത്തെ കൈതക്കൂട്ടം മുറിച്ചു
േതാട്ടിൻ്റെ ഇരുകരയും
കെട്ടിയുറപ്പിച്ചു
തോടു തീരുവോളം നടപ്പാത വന്നു

പായമെടയുവാൻ
അച്ഛൻ ചെന്നു നോക്കുമ്പോൾ കൈതയില്ല
അച്ഛൻ അവിടിരുന്നു കരഞ്ഞു
കൈതവേരുകൾക്കടിയിൽ
അച്ഛൻ്റെ കൂട്ടുകാരായ മീനുകളുണ്ടായിരുന്നു
അവയെയും കണ്ടില്ല
കൈതക്കയ്യിൽ ഒരു തത്ത,
കൈതത്തടിയിൽ ഓന്ത്,
കൈതച്ചോട്ടിൽ കുളക്കോഴി...
അവ അച്ഛനെ കാത്തിരിക്കുമായിരുന്നു
മഴവന്നു,
കൈതോലയുണ്ടാക്കാൻ
വന്നതാണ്
കൈത കാണാതെ അച്ഛനൊപ്പം കരഞ്ഞു
തിരിച്ചു പോയി
കുട്ടിക്കാലത്ത് അച്ഛൻ
കൈതപ്പൊത്തിൽ വെച്ച പാട്ടും കിട്ടിയില്ല
അതു കൊണ്ട്
പായമെടയാനും
പാട്ടു കെട്ടാനും
അച്ഛനെന്നെ പഠിപ്പിച്ചില്ല
വീടിനു മുകളിലൂടെ കടന്നു പോയ
എക്സ്പ്രസ് ഹൈവേയ്ക്കടിയിൽ നിന്ന്
വീടിനെ പുറത്തെടുക്കാൻ വഴി തിരഞ്ഞ്
ആപ്പീസുകൾ കയറിയിറങ്ങി അച്ഛൻ
മരിച്ചു പോയി
അതു കൊണ്ട്
നഷ്ടപരിഹാരത്തിനായുള്ള അലച്ചിലാണ്
എൻ്റെ പൈതൃകം
ക്ഷീണിച്ച്
ഫ്ലക്സ് ഷീറ്റിൽ കിടക്കുമ്പോൾ
മരിച്ചു പോയ ഒരു
കൈതോലപ്പായ " മോനേ " എന്നു വിളിക്കും
വയലുകളുടേയും
തോടുകളുടേയും നിലവിളി പോലെ
ഒരു നിലവിട്ട വിളി
..............................................
മുനീർ അഗ്രഗാമി

No comments:

Post a Comment