മഴമലയാളം
....................
കൊടും ചൂടു കടിച്ചീമ്പിയ
അവധിക്കാലത്തിൻ്റെ ചൂരേ
മാമ്പഴ മണമുള്ള കുഞ്ഞുങ്ങളേ
ആഹ്ലാദത്തുള്ളികളായ് പെയ്ത്
മനസ്സുനിറച്ചവരേ
പുള്ളിക്കുട നിവർത്തുക


പേരറിയാ പേമാരി വരുന്നുണ്ട്
നേരറിയാ കൊടുങ്കാറ്റു വരുന്നുണ്ട്

ചീത്തമഴ കൊള്ളാതെ
ചീഞ്ഞ മഴ കൊള്ളാതെ
ഇടവപ്പാതിയുടെ വിരലിൽ തൂങ്ങി
നടന്നു പോവുക
തോട്ടുവരമ്പിലുടെ ആറ്റിറമ്പിലുടെ പോകു ക

കൈതക്കാടു ചുറ്റിപ്പോകുക,
നെല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
പുല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
ജലബിന്ദുക്കൾ വിളിച്ചുണർത്തിയ
പള്ളിക്കൂടം കാത്തിരിക്കുന്നുണ്ട്
തറയും പറയും എഴുതി വെച്ചിട്ടുണ്ട്
നമ്മുടെ വീട് തറയിലുറയ്ക്കുവാൻ
നമ്മുടെ പറ നിറയുവാൻ
നമുക്കു നമ്മുടെ മഴ മതി
തുള്ളികൾ വീഴുമ്പോൾ
പുള്ളിക്കുട പുള്ളിക്കുയിലായ്
ചിറക് കുടയുന്ന മഴ
ജീവൻ്റെ ഭാഷയിൽ
ജീവിതത്തിൻ്റെ ഭാഷയിൽ
സംസാരിക്കുന്ന മഴ

മഴ നമുക്കു ഭാഷയാണ്
നാവിലിറ്റുമ്പോൾ
നാടിനെ അറിയുന്ന ഭാഷ
നാവിലലിയുമ്പോൾ
അർത്ഥം ആത്മാവിലെത്തുന്ന വാക്ക്
മലയിൽ ആഴത്തിൽ
പെയ്ത്
മണ്ണിൽ തെളിനീരുറവയായ്
വറ്റിപ്പോയവയുടെ
പേരുകളുറക്കെ വിളിച്ച്
മലയാളമായ്
മധുരമായ്
സ്കൂളിലേക്കുള്ള വഴി യിൽ നിൽക്കുന്നു
കൈതപ്പൂവുപോലെ
പാഠപുസ്തകത്തിൻ്റെ പുറത്ത് നിൽക്കുന്നു
മഴ കൊള്ളാതെ
വരണ്ടു പോയവരെ നോക്കൂ
അവരിൽ നിന്നു നമുക്കില്ലൊരു തെഴുപ്പു പോലും രുചിക്കുവാൻ
മഴ നമുക്കു രുചി
ഭാഷയുടെ
വാക്കിൻ്റെ
മണ്ണിൻ്റെ
മനുഷ്യൻ്റെ.
കുഞ്ഞുങ്ങളേ കുളിരിൻ്റെ വഴികളേ
മാമ്പഴം പോലെ
അവധിക്കാലം രുചിച്ചു കഴിഞ്ഞു, നമ്മെയും
നാമതിനെയും
ബാക്കിയായ വിത്തുകളിനി
നമ്മുടെ മഴ കൊണ്ടു മുളയ്ക്കട്ടെ
മുളയ്ക്കട്ടെ!
- മുനീർ അഗ്രഗാമി

No comments:

Post a Comment