ഉടലുകൾ, ഉടുപ്പുകൾ , ഉമ്മകൾ

ഉടലുകൾ ,ഉടുപ്പുകൾ ,ഉമ്മകൾ
......... ....... .......
പിറവിയുടെ ആനന്ദം
ഞാനുടുത്തു നിൽക്കുമ്പോൾ
എൻ്റെ ജീവൻ ആത്മാവുടുത്തതറിയുന്നു
അത്മാവ് ശരീരമുടു ത്തതറിയുന്നു
ശരീരം ദിക്കുകളുടുത്തതറിയുന്നു;

അറിവുടുത്തു നടക്കുമ്പോൾ
ചില നേരം കാറ്റുടുക്കുന്നു,
ചിലനേരം
കടലു ഞൊറിഞ്ഞുടുക്കുന്നു
ചില നേരം
മരുഭൂമിയുടെ
വിജനതയുടുക്കുന്നു

പിറന്നതു മുതൽ
പല നിറത്തിലങ്ങനെ
പലതുമുടുക്കുന്നു
അതു കൊണ്ട്
മഴയിൽ നിന്ന്,
കാറ്റിൽ നിന്ന് ,
മരത്തിൽ നിന്ന്,
മുല്ലപ്പൂവിൽ നിന്ന്,
നിൻ്റെ മിഴിയിൽ നിന്ന്,
പ്രണയം
ഓടിയോടി വരുമ്പോൾ
ഉടലിലല്ലാതെ
എവിടെയാണ്
അത്
ഉമ്മവെയ്ക്കുക!

ഉടുത്തതൊക്കെ
അതഴിച്ചെറിയും
ആദിമമാമേതോ
വന്യ ചോദനകളാൽ
മനസ്സുടുത്ത
പൂർവ്വഭാരമേറിയ
ഉടയാടയുമതഴിയ്ക്കും
അഴിക്കും
ഒടുവിൽ
നിർവൃതിയുടെ മെത്തയിൽ മനസ്സ്
നഗ്നമായി മലർന്നു കിടക്കുമ്പോൾ
മനസ്സിൻ്റെ ഉടലിലല്ലാതെ
എവിടെയാണ്
പ്രണയം ഉമ്മവെയ്ക്കുക!

പ്രണയം കൊണ്ട്
നഗ്നമായ മനസ്സിന്
ഉമ്മകളാണ് വസ്ത്രം
നോക്കൂ
പൂക്കളിൽ
പുതുമഴത്തുള്ളിയിൽ
നിലാവു പെയ്യുന്ന പുഞ്ചിരികളിൽ
നനഞ്ഞതുണക്കാൻ വന്ന വെയിലിൽ
വഴികാട്ടുവാനുദിച്ച താരകത്തിൽ
പ്രണയത്തിൻ്റെ ചുണ്ടുകൾ .
അവ എനിക്കുള്ള വസ്ത്രം
നെയ്യുകയാണ്
നോക്കൂ...
എന്നോട് ചേർന്നിരുന്നതു കാണൂ
ചിലപ്പോൾ നിന്നെയുമത്
ചുംബിച്ചേക്കും.
................................
- മുനീർ അഗ്രഗാമി

No comments:

Post a Comment