ഒരു നാട്ടുമാവിനെ പരിചയപ്പെട്ടു

ഒരു നാട്ടുമാവിനെ
പരിചയപ്പെട്ടു
.........................
അലസമായി ഒഴുകുമ്പോൾ
മാമ്പൂക്കൾ കരിഞ്ഞു കിടക്കുന്ന
ഒരു നാട്ടുമാവിനെ
പരിചയപ്പെട്ടു,
തപിക്കുന്നു,
തണുപ്പിക്കൂ
തണുപ്പിക്കൂ എന്നതു പറഞ്ഞു
കൊണ്ടിരുന്നു
സ്വയം വീശി
അകത്തും പുറത്തും ചൂട്
തീക്കാറ്റായ് പൊള്ളി നിന്നു

ഇത്തിരി തണുപ്പു കൊണ്ടു വരാം
കാത്തിരിക്കുമോ
എന്നു ചോദിച്ചു
മൗനം വാചാലമായി
പോയി
കടലു കടന്നു
മരുഭൂവിലലഞ്ഞു
മഴയും മഞ്ഞും തിരഞ്ഞു
തിരിച്ചു ചെല്ലണം
മാമ്പഴക്കാലമുണ്ടാക്കണം
എന്നെ കാത്തിരിക്കുമ്പോലെ
എത്രയെത്ര മാവുകൾ
കാത്തിരിക്കുണ്ടാവും
എത്രയെത്ര കാറ്റുകൾ
ഗതികിട്ടാനായ്
എന്നെ പോലെ അലയുന്നുണ്ടാവും
ഒറ്റയാവുമ്പോൾ
കാറ്റേ കാറ്റേയെന്നൊരു വിളി
കാതിൽ സ്നേഹം
തോറ്റിയുണരുന്നു
വീഴാതെ അതു പിടിച്ചു നിൽക്കുന്നു
മാന്തളിരുകൾ
കണ്ണിൽ കളിക്കുന്നു
മാവേ വീഴാതെ
വീഴാതെ നീ തളിരിലച്ചിരിയുമായ്
നിൽക്കുവോളം
ഞാനുണ്ട്
നിന്നിലും;
എന്നിലും.
-മുനീർ അഗ്രഗാമി

ഒപ്പം

ഒപ്പം
* * * * * * *
ഇളം വെയിൽ
നമുക്കൊപ്പമിരുന്നു
പാർക്കിലെ മരബെഞ്ചിൽ

ഓർമ്മകളുടെ
അവശിഷ്ടം പോലെ
കടലത്തൊലികൾ
തിളങ്ങി
മരം നിഴലുനീട്ടി
നമ്മെ തൊട്ടു,
അമ്മമ്മ
സുഖാണോ മക്കളേ
എന്നു ചോദിക്കുമ്പോലെ
അതിന്റെ നിഴൽച്ചുണ്ടു വിറച്ചു
മരക്കൊമ്പിൽ
രണ്ടു കളികൾ കൊക്കുരുമ്മുന്നു,
കൊക്കില്ലാത്തതിനാൽ
നാമതു നോക്കി നിന്നു
ഏഴിലംപാല പൂത്തു കൊഴിഞ്ഞ വഴി
ആളുകൾ ആഗ്രഹങ്ങളിലൂടെ
നടന്നു പോകുന്നു
ഭാരമില്ലാത്ത ചിരികളിൽ
അല്പനേരമിരിക്കുന്നു
വെയിൽ പോയി
നിഴൽ പോയി
നാം നടന്നു പോയി
വീട്ടിലെത്തിയെന്റെ
നെഞ്ചിലെത്താരാട്ടു കേട്ടു കിടക്കവേ
നീ ചോദിച്ചു ,
നാമിരുന്ന
മരബെഞ്ചിലിപ്പോൾ
അസമയത്തിന്റെ വിരലുകൾ
തൊട്ടു നോക്കുന്നുണ്ടാവുമോ ?
ഇരുളും കരിയിലകളും
വന്നിരിക്കുന്നുണ്ടാവുമോ ?
നാമവിടെ
ഉപേക്ഷിച്ചു പോന്ന വേദനകൾ;
വേവലാതികളും
അവ കണ്ടുകാണുമോ ?
- മുനീർ അഗ്രഗാമി

വിടർന്നില്ല

വിടർന്നില്ല
................
പൂവിനെ കുറിച്ച്
എത്ര കവിത വായിച്ചു !
ഒന്നു പോലും
വിടർന്നില്ല
-മുനീർ അഗ്രഗാമി

മൈനയെ കാണുന്നു

മുറ്റത്ത്
ഒരൊറ്റ മൈനയെ കണ്ട്
നീ ദു:ഖിക്കേണ്ട ,സുരേഷ്
നിനക്കൊപ്പം
ഞങ്ങളും തിരിഞ്ഞു നോക്കുന്നു
മൈനയെ കാണുന്നു
നീ കണ്ട സമയത്തിന്റെ
അതേ ചില്ലയിലിരുന്ന്

ഞങ്ങൾ
അങ്ങോട്ടു പറന്നു വന്നു
കാലത്തിന്റെ ആകാശത്തിൽ തുഴഞ്ഞ്.
ഞങ്ങളിപ്പോൾ
പിന്നോട്ടു പറക്കുന്ന
കുഞ്ഞു പക്ഷികളാണ്
ദൂരം കൂടുന്തോറും
പ്രായം കുറയുന്ന പക്ഷികൾ
പറന്ന് പഴയ ക്ലാസ് മുറിയിലെത്തുമ്പോൾ
മനുഷ്യരാകുന്നു
നിന്നെ കാണുന്നു
നീ കണ്ട മൈനയെ കാണുന്നു
ക്ലാ ക്ലാക്ലീ ക്ലി
ശബ്ദം കേൾക്കുന്നു
സുരേഷ്,
നാമെല്ലാവരും
ഒരുമിച്ച് കാണുന്ന
ആ മൈനയാണ്
സന്തോഷം
അത് പറക്കാതെ
അവിടെയിരിക്കട്ടെ!
- മുനീർ അഗ്രഗാമി

നീ സുഖമായുറങ്ങുന്നു

നീ സുഖമായുറങ്ങുന്നു
........................
സ്വപ്നത്തിന്റെ ഒരറ്റം പിടിച്ച്
നീ സുഖമായുറങ്ങുന്നു
മറ്റൊരറ്റത്ത് നിന്നെ ഓർത്ത്
ഞാൻ ഉണർന്നിരിക്കുന്നു
അതുകൊണ്ടാവുമോ
ദൈവം രാത്രിയേയും പകലിനേയും
തമ്മിൽ കാണാൻ സമ്മതിക്കാത്തത് !

-മുനീർ അഗ്രഗാമി

അമ്മ ക്ഷീണിതയായിരുന്നു

അറുപതു വയസ്സു കഴിഞ്ഞ
അമ്മ ചോദിച്ചു:
മക്കളേ
എല്ലാം പുരോഗമിച്ചെന്ന്
വാർത്തയുണ്ടല്ലോ
എന്നിട്ടും
പഴയ ചിരട്ടയിലാണല്ലോ
എനിക്കിപ്പോഴും കഞ്ഞി ?

അമ്മ ക്ഷീണിതയായിരുന്നു
ഉടലിൽ വടുക്കളും
മുറിവും വ്രണങ്ങളും
നിറഞ്ഞിരുന്നു
അമ്മയുടെ പേരിൽ
ജാതിവാലില്ലായിരുന്നു
എന്നിട്ടും
ജാതി നന്നായി തെളിഞ്ഞിരുന്നു
അമ്മ,
വന്നുകയറിയവളായിരുന്നില്ല
ചുളിവുകൾ
ആദിമനിവാസിയെന്നതിന്റെ
തെളിവായ് നെറ്റിത്തടത്തിൽ
കിടന്നിരുന്നു
അമ്മേയെന്നു വിളിക്കുവാനാരും
അടുത്തില്ലാതെ
കുടിനീരു കിട്ടാതെ
അമ്മ ഞരങ്ങുന്നു
അവിടെ
'അല്ലല്ലെന്തുകഥ'യെന്ന്
അത്ഭുതപ്പെടാൻ
ആരുമുണ്ടായിരുന്നില്ല
അല്ലലാലാരും
ജാതിമറന്നതുമില്ല
അമ്മയുടെ പേരു പോലുമവർ മറന്നിരിക്കാം
കേരളമെന്നതു പറഞ്ഞാലും
പേരക്കുട്ടികൾ തിരിച്ചറിയില്ല
- മുനീർ അഗ്രഗാമി

ഗതിയെന്താണ് ?

വാർത്ത
മാദ്ധ്യമങ്ങൾ കോരിയെടുക്കുമ്പോൾ
വീണുപോയ കഷണങ്ങൾ
എവിടെയാണ് ?
അവയാരാണ്
കൊണ്ടുപോയത് ?
അവയുടെ
ഗതിയെന്താണ് ?

ന്താണ് ?
.
.
-മുനീർ അഗ്രഗാമി

അകം കവിത

അകം കവിത
......................
നിനക്കറിയില്ല
നിലാവില്ലാത്ത
രാത്രിയുടെ അകം
ഒറ്റയ്ക്കായ ഒരേയൊരു മീൻ
കടലു താണ്ടുമ്പോലെ
ഇരുളു താണ്ടുന്ന
വേദനയുണ്ടതിൽ
നിന്റെ വെളിച്ചത്തിലല്ലാതെ
ഒരു വെളിച്ചത്താലും
പുറത്തെത്താത്ത
നിറമാണതിന്
എന്റെ
നാട്ടു വെളിച്ചം
ആരാണപഹരിച്ചത് ?
ആകാശത്ത്
പൂത്തിറങ്ങിയ
ആയിരം കാന്താരികൾ
ആരാണ് ഇറുത്തെടുത്തത്?
നിലാവിന്റെ വാക്കുകളെ
കെട്ടിപ്പിടിച്ചു കരഞ്ഞതിന്നോർമ്മ
മാത്രമാണിന്നെന്റെ വെളിച്ചം
എന്റെ രാത്രിക്കണ്ണ്.
ഇഴയുവാനെങ്കിലുമുള്ള
നുറുങ്ങുവെട്ടം
സൂര്യനില്ലെങ്കിലും
നീയുണ്ടല്ലോ എന്നു സമാധാനിക്കെ
മുഴുനിലാവോടെ
നീയൊങ്ങോട്ടാണ്
അപ്രത്യക്ഷമായത് ?
നിനക്കറിയില്ല
നിലാവില്ലാത്ത
രാത്രിയുടെ അകം.
- മുനീർ അഗ്രഗാമി

നില്പ്

നില്പ്
........
ഉന്മാദത്തിന്റെ ഇലയിൽ
ഒരുറുമ്പ്
ദൈവത്തിന്റെ ചുംബനം കാത്ത്
നദി അതിനെ
ഒഴുക്കുമ്പോഴും

- മുനീർ അഗ്രഗാമി

പുനരുദ്ധാരണവും പുന:പ്രതിഷ്ഠയും

പുനരുദ്ധാരണവും പുന:പ്രതിഷ്ഠയും
...............................................................
വിശ്വസ്തരേ,
ജീർണ്ണിച്ചു തുടങ്ങിയ
നമ്മുടെ
നവോത്ഥാന മൂല്യങ്ങളെ
പഴയ ചൈതന്യത്തോടെ
ഉടനെ നമുക്ക്
പുനരുദ്ധരിക്കണം

വരുന്ന മേടം ഒന്നിന്
നമ്മുടെ മനസ്സിൽ
പ്രസ്തുത മൂല്യങ്ങളുടെ
പുന:പ്രതിഷ്ഠ നടത്താനാണ്
തീ രു മാ നം
ആയതിനാൽ
എല്ലാവരും
ഉദാരമായി
മാനസികമായി
സംഭാവന ചെയ്യണം
എന്ന്
പുന:പ്രതിഷ്ഠാ കമ്മിറ്റിക്കു വേണ്ടി
കേരളൻ രണ്ടാമൻ
(ഒപ്പ്)
- മുനീർ അഗ്രഗാമി

ചുവന്ന മരം

ചുവന്ന മരം
...................
ഒരേ മരത്തിന്റെ
രണ്ടു കൊമ്പുകൾ തമ്മിൽ
കൊമ്പുകോർക്കുന്നു
മുറിവിലും ചതവിലും
ചെഞ്ചോരച്ചുവപ്പു തന്നെ !
ഇലയിലും തടിയിലും
ചെഞ്ചോരച്ചു വപ്പുതന്നെ.
തമ്മിൽ തല്ലി മരിച്ചാൽ
അതു ഭരിക്കുന്ന
തണലെന്തു ചെയ്യും ?
തണലിലിരിക്കും
ക്ഷീണിതരെന്തു ചെയ്യും ?
ചുവന്ന മരമേ
ച്ചവന്ന മരമേ
എന്നൊരു കരച്ചിൽ
അശാന്തമായി പറക്കുന്നു
അതിൽ കൂടു വെച്ച കിളിയാണത്
ആ കിളിയെന്തു ചെയ്യും ?
അതിന്റെ കൂടെന്തു ചെയ്യും
കൂട്ടിലെ കുഞ്ഞെന്തു ചെയ്യും ?
ഉയരത്തിൽ പാറുവാനുള്ള
കുഞ്ഞിന്റെ സ്വപ്നമെന്തു ചെയ്യും?
-മുനീർ അഗ്രഗാമി

ശൂ ,ശൂ... ദോശ

ശൂ ,ശൂ...
ദോശ
..........
ശൂ ,ശൂ...
ദോശയുടെ ഒച്ചയിൽ
നീ വിളിച്ചു

അടുക്കളക്കല്ലിൽ
ദോശ
പരന്നു ,
ചിരിച്ചു
വെന്തു.
പുലരിത്തണുപ്പ്
കുടഞ്ഞെറിഞ്ഞ്
ഞാൻ വന്നു നോക്കുന്നേരം
പാകമായൊരു പ്ലെയ്റ്റിൽ;
ഇതാ ഞാൻ
ഫ്രീയായെന്നു
ഡൈനിംഗ് ടേബിളിൽ
ഒച്ചയില്ലിപ്പോൾ ;
ആവി പാറുന്നു
ചൂടുള്ള ചിരി മാത്രം
പുലരിത്തണുപ്പ്
രസിക്കുവാനാകാതെ
മൊരിഞ്ഞ ജീവിതം !
രുചിക്കൂ,
രുചിക്കൂ
എന്നു
നിശ്ശബ്ദം മൊഴിയുന്നു;
നീയോ ദോശയോ ?
-മുനീർ അഗ്രഗാമി

ഒപ്പം

ഒപ്പം
.......
എത്ര പറഞ്ഞിട്ടും
തീരാത്ത വാക്കിന്റെ
കൈ പിടിച്ച്
നിനക്കൊപ്പം നടക്കുന്നു

- മുനീർ അഗ്രഗാമി

ചിതലുകൾ

ചിതലുകൾ
...................
ചിതലുകൾ
വായിച്ചു തീർത്ത പുസ്തകങ്ങൾ
മണ്ണിലേക്കു
വിവർത്തനം ചെയ്യുന്നു.

കവിതകൾ,
കഥകൾ,
ഉപന്യാസങ്ങൾ
പൊതു വിജ്ഞാനവും.
ജലത്തിനും മരത്തിനും
പുല്ലിനും പുഴുവിനും
മനസ്സിലാകുന്ന ഭാഷയിൽ
എഴുതി വെക്കുന്നു.
പരിഭാഷ,
തർജ്ജമ,
പുനരാഖ്യാനം,
അനുകല്പനമെന്നിങ്ങനെ
പലതായ്
മണ്ണിലവ ലയിക്കുന്നു
രസാസ്വാദനം;
ആനന്ദം
ചിതലിൻ രസനയിലും
മണ്ണിൻ നാക്കിലും
വായിക്കാതെ
ഞാൻ കൂട്ടിയിട്ട
ബൃഹദാഖ്യാനങ്ങൾ
എടുത്തു വായിക്കുവാൻ
വന്നവരവർ,
ചിതലുകൾ
എനിക്കറിയാത്ത ഭാഷയിലേക്കു
മൊഴിമാറ്റിയെന്നെ
തോൽപ്പിച്ചു ;
പരാതിയില്ല,
സങ്കടമുണ്ടിത്തിരി
ഇത്രനാളും
സ്നേഹമോടൊന്നു
തിരിഞ്ഞു നോക്കാത്തതിൽ
പുസ്‌തകങ്ങളേ
കുറ്റമേൽക്കുന്നു ഞാൻ
കുത്തഴിഞ്ഞ തിരക്കിൽ,
നിങ്ങളെന്നെ മറന്നു
ചിതലിനൊപ്പം പോയതാവാം
ചിലതെന്നെ പഠിപ്പിക്കുവാൻ !
-മുനീർ അഗ്രഗാമി

🦋*flashpoetry *🦋 കടങ്കഥ

🦋*flashpoetry *🦋
കടങ്കഥ
...................
രാജാവ്
രാജിയാക്കുവാൻ നോക്കി
മന്ത്രി രാജി വെച്ചു.
കഥയിൽ
ആരാണ് തോറ്റത്?
ആരാണ് ജയിച്ചത് ?

-മുനീർ അഗ്രഗാമി

ആലിംഗനം ഒരു ഭാഷയാണ്

ആലിംഗനം ഒരു ഭാഷയാണ്
..................................
ആലിംഗനം ഒരു ഭാഷയാണ്‌ ജോഷീ...
ഖുറേഷിക്ക പറഞ്ഞു
ജോഷിയേട്ടനും ഞാനും
ഞാവൽമരവുമതു കേട്ടു

ആദിമമായ ഭാഷ
ഭാഷയ്ക്കും മുമ്പുള്ള
അതിജീവനത്തിന്റെ ഭാഷ
ആനന്ദത്തിന്റേയും ആഘോഷത്തിന്റെയും ഭാഷ
പ്രപഞ്ച ഭാഷ...
മനുഷ്യൻ,
മൃഗം, മരം എന്ന ഭേദമില്ലാതെ
സംവദിക്കാവുന്ന ഭാഷ,
ഖുറേഷിക്ക തുടർന്നു
കൈകളാണ് ആലിംഗനത്തിന്റെ
ആദ്യാക്ഷരങ്ങൾ
ഉടലുകൾ വാക്കുകളും
രണ്ടു വാക്കുകൾ
ആലിംഗനബദ്ധരാകുമ്പോൾ
പുതിയ അർത്ഥങ്ങളുണ്ടാകുന്നു
ജോഷിയേട്ടൻ എല്ലാം കേട്ടു നിന്നു
വള്ളികൾ പേരറിയാമരത്തെ
ചേർത്തു പിടിക്കുന്നു
കാറ്റ് പൂക്കളെ
അണ്ണാൻ മരങ്ങളെ
ഉറുമ്പൊരു മാമ്പൂവിനെ
ജാതി,
മതം,
വർണ്ണം
എല്ലാത്തിനുമതീതമായി
ഒരു ഭാഷ
അതിന്റെ ലിപികളാൽ
സ്നേഹമാകുന്നു
ഞാനും ഖുറേഷിക്കയും
ജോഷിയേട്ടനും
ഞാവൽമരവുമതു കണ്ടു നിന്നു;
കോടമഞ്ഞ് വന്ന്
ഞങ്ങളെ ആലിംഗനം ചെയ്തു .
- മുനീർ അഗ്രഗാമി

🦋*flashpoetry *🦋 നേതാവ്

🦋*flashpoetry *🦋
നേതാവ്
...................
എന്റെ നേതാവേ
നീ തന്നെ അഴിമതി
അരാജകത്വം,ആർഭാടം!
ഞാൻ വോട്ടു ചെയ്ത്
നിന്നെയിങ്ങനെ
ചീത്തയാക്കിയല്ലോ!

-മുനീർ അഗ്രഗാമി

പ്രണയ വീടുകൾ

പ്രണയ വീടുകൾ
.............................
പ്രണയം
ഒറ്റപ്പെടുന്നവർ പാർക്കുന്ന
പുതിയ വീടാണ്
അശാന്തമായ മനസ്സിന്
അഭയമായി
ഓരോ പ്രണയിയും
പണിയുന്നത്.

അടിത്തറയ്ക്കനുസരിച്ചാണ്
വീടിന്റെ ഉറപ്പും എടുപ്പും;
സ്നേഹം അടുക്കി വെച്ച് നാം
അത് പണിതുയർത്തുമ്പോൾ.
നമുക്ക് പാർക്കാൻ
നാം തന്നെ ഉണ്ടാക്കുന്ന
മുന്തിരിത്തോപ്പുകൾ
കടൽക്കൊട്ടാരങ്ങൾ
രമ്യഹർമ്യങ്ങൾ
ചിലപ്പേൾ ടെൻറുകൾ
ഏറുമാടങ്ങൾ
എന്തിന്
ചെറ്റപ്പുരകൾ പോലും
ഉണ്ടാക്കുന്നു
ആദ്യത്തെ പ്രണയം
ആദ്യത്തെ വീടു പോലെ
സ്വപ്നങ്ങളുടെ ഉമ്മറത്ത്
നമ്മെ അശാന്തമായി ഇരുത്തുന്നു
എത്ര ഭംഗിയായി ഉണ്ടാക്കിയിട്ടും
എന്തോ കുറവു പോലെ
ചിലർ ആദ്യത്തെ വീട്ടിൽ തന്നെ
ജീവിതം ധന്യമാക്കി
മടക്കി വെക്കുന്നു
ചിലർ
പല വീടുകളിലായി
രാത്രിയെയും പകലിനെയും
പകുത്തു വെക്കുന്നു
ചില വീടുകൾ
ഉടലിനും ഉയരിനും
താമസിക്കാനുള്ളത്
ചിലത് മനസ്സിനും മനനത്തിനും
കേറിക്കിടക്കാനുള്ളത്
ചിലത് സ്വപ്നത്തിനും
ജാഗ്രത്തിനും വിശ്രമിക്കാനുള്ളത്
അവസാനത്തെ പ്രണയം
അവസാനത്തെ വീടാണ്
സ്വസ്ഥമായി
കിടന്നു മരിക്കാനുള്ളത്
പ്രണയത്തിന് മരണമില്ലെങ്കിലും
സത്യത്തിൽ
ആരും വീടുവിട്ടുപോകാൻ
ആഗ്രഹിക്കുന്നില്ല
ഇനി , വീടു വിട്ടു പോയാലും
വീടു നമ്മെ പുറത്താക്കിയാലും
അവിടെ നാമുണ്ടായിരുന്നതിന്റെ
തെളിവായൊരു
നിശ്വാസ വായു തങ്ങിനിൽക്കും
അവശേഷിച്ച ഒരാൾക്കെങ്കിലുമത്
ജീവശ്വാസമായിടും.
-മുനീർ അഗ്രഗാമി

ബാറ്റ്സ്മാൻ

ബാറ്റ്സ്മാൻ
.......................
ക്രീസിൽ ഏകാന്തതയുടെ
ശില്പമായ് ബോളു കാത്തു നിൽക്കുന്നു
വെടിയുണ്ട പോൽ
നീ ബൗൾ ചെയ്യുന്നു

കയ്യും മെയ്യും കണ്ണുമൊന്നായ്
നിന്നെ പ്രതിരോധിക്കുന്നു
ശിലയല്ലിതു
നേരിന്റെ പോരാളി .
ഫ്രന്റ് ഫൂട്ടിൽ ഒ രാ യ ൽ;
നീ മനസ്സു തകർന്നിരിക്കുന്നു
ഗാലറിയിൽ
സിക്സർ സിക്സറെന്നാർപ്പുവിളി
ബുദ്ധന്റെ മൂന്നു രത്നങ്ങളെന്ന പോൽ
മൂന്നു സ്റ്റമ്പുകൾ
നേരും നെറിയുമായ്
രണ്ടു വെയിലുകൾ
അവ തകർക്കാൻ നീ
ബോളുകൾ മാറ്റി മാറ്റിയിടുന്നു
ഞാൻ നിന്നെ
മുന്നേറാൻസമ്മതിക്കാതെ
നിന്റെ ആയുധങ്ങളെ
അതിർത്തി കടത്തുന്നു
വെറും കളിയല്ലിത്
ധർമ്മയുദ്ധം
ഭൂമിപോൽ വൃത്താകാരം മൈതാനം
ജയപരാജയങ്ങളാൽ ബാറ്റും.ബോളും
തീർക്കുന്ന ജീവിതം
ബാറ്റ്സ്മാനാകുമ്പോൾ
മറ്റൊന്നുമില്ല ചുറ്റിലും
എതിരെ വരുന്ന ബോളിന്റെ
വഴിമാത്രം
ഷോട്ടു പായിക്കേണ്ട
വഴിമാത്രം
ബാറ്റ്സ്മാകുമ്പോൾ
ഗാലറിയാലെ
ആരാധകരുടെ മുഴുവൻ
ഏകാന്തതയുമെടുത്ത്
ബാറ്റ് വീശുന്നു
അന്നേരം
ആർക്കാണ്
ഔട്ടാക്കാൻ സാധിക്കുക ?
ബാറ്റും ബോളുമായ്
പലപ്പോഴും
തമ്മിൽ
സൗഹൃദ മത്സരമാണെങ്കിലും.
കളി മറക്കുന്നു
നാം പലപ്പോഴും
- മുനീർ അഗ്രഗാമി

🦋*flashpoetry *🦋 സോളാർ

🦋*flashpoetry *🦋
സോളാർ
....................
നിഴലു നഷ്ടപ്പെട്ട കുട്ടി
വെളിച്ചം തിരഞ്ഞു നടന്നു
വെളുപ്പുടുത്തവരെ കണ്ടു
അവരാരും പ്രകാശിച്ചില്ല
വെളിച്ചം തരേണ്ട സോളാറിന്
ഇത്രയും കറുപ്പോ എന്നു പേടിച്ച്
ഇരുട്ടിൽ പതുങ്ങിയിരുന്നു

-മുനീർ അഗ്രഗാമി

നീയറിയുമ്പോൾ

നീയറിയുമ്പോൾ
..............................
നദി എന്റെ ഒഴുക്കല്ല
എന്നിട്ടും ഞാനതിലൊരു മീൻ
കാട് എന്റെ വന്യതയല്ല
എന്നിട്ടും ഞാനതിലൊരു കിളി
ആകാശം എൻറെ അപാരതയല്ല
ഞാനതിലൊരു താരകം
മണ്ണ് എന്റെ ധന്യതയല്ല
പക്ഷേ ഞാനതിലൊരു
ജീവനുള്ള നിലവിളി
ഞാൻ
കിളിയായും മീനായും
പറന്നും നീന്തിയും പോകുന്ന
വിശ്രമമില്ലാത്ത കരച്ചിൽ.
തപിച്ച്
ഉളളു പൊള്ളി
പ്രകാശിക്കുന്ന താരകം
നീയതറിയുമ്പോൾ
ഒഴുക്കിന്റേയും
അപാരതയുടേയും
വന്യതയുടെയും
ഇതളുകളുള്ള ഒരു പൂ വിടരുന്നു
ആ പൂവ് നീയാണ്
എന്നെ മഞ്ഞുതുള്ളിയായി
ചേർത്തു പിടിക്കാൻ
നീ കൈ നീട്ടുന്നു
ഇപ്പോഴുണ്ട്
എനിക്ക് സ്വന്തമായി
ഒരിത്തിരി കുളിര് !
നിനക്കൊപ്പം നടന്ന പുലരികൾ
സമ്മാനമായി ഹൃദയത്തിൽ വെച്ചത്.
-മുനീർ അഗ്രഗാമി

വരികൾ

വരികൾ
..............
ഖലീൽ ജിബ്രാന്റ മുഖച്ഛായയുള്ള
കുറെ വരികൾ വന്നു
റൂമിയുടെ മനസ്സുള്ള
വരികളോടു ചേർന്നു നിന്നു
നീ പറഞ്ഞു
ഇതൊക്കെ ഞാൻ വായിച്ചതാ
നിനക്കു വായിക്കാൻ
എന്റെ ഉടലും ഉയിരു മുള്ള
വരികൾ പിറന്നു
അന്നേരം
ഒരു രഹസ്യം പിടികിട്ടി;
നിന്നെയും കൊണ്ട്
ഒമർ ഖയ്യാമിന്റെ വരികളാണ്
വന്നത്.

-മുനീർ അഗ്രഗാമി

🦋*flashpoetry *🦋 ഗെയിലേ ഗെയിലേ

🦋*flashpoetry *🦋
ഗെയിലേ ഗെയിലേ
.............
കയ്യേറുന്നവൻ
കമ്യൂണിസ്ററാവില്ല
മുതലാളി
മാക്സിസ്റ്റുമാകില്ല
ചരിത്രം ഇങ്ങനെ പറഞ്ഞ്
ചിരിച്ച് ചിരിച്ച്
ഗെയിലേ ഗെയിലേ
എന്നു ജപിച്ച്
നടന്നു പോയി

-മുനീർ അഗ്രഗാമി

ആഴത്തിന്റെ ഭാഷ

ആഴത്തിന്റെ ഭാഷ
..................
ആഴത്തിന്റെ ഭാഷ
മനസ്സിലാകുന്നവർ
പിന്നെ തിരിച്ചു വരില്ല
അവർ പലപ്പോഴും
ആഴത്തിനോട് സംസാരിച്ച്
വാക്കുകളിൽ ജീവിക്കുന്നു
ആദ്യം ആഴത്തിലേക്ക്
പോയതൊരു പന്താണ്
ഞങ്ങളോട് തല്ലുകൂടി ,
അതോടിപ്പോയി
പൊട്ടക്കിണറിന്റെ ആഴത്തിൽ,
കുട്ടിക്കാലത്തെ കുറിച്ച്
വാതോരാതെ സംസാരിച്ച്
അതിപ്പോഴും
കുഞ്ഞായിരിക്കുന്നുണ്ടാവും
പിന്നീട് ഒരു കൂട്ടുകാരൻ
സ്വപനത്തിന്റെ ആഴത്തിലേക്ക്
നാടുവിട്ടു പോയി
അവനെ പിന്നെ കണ്ടില്ല
കടലിൽ കുളിക്കാനിറങ്ങി
കുളിയുടെ ആഴത്തിലേക്ക്
പോയവനും
ഇതുവരെ മടങ്ങി വന്നിട്ടില്ല
ദു:ഖത്തിന്റെ ആഴത്തിലേക്ക്
ശരീരമുപേക്ഷിച്ച് പോയ
വല്യമ്മാമയെ
ഞങ്ങളുടെ ഭാഷ
മറന്നു തുടങ്ങി
പ്രണയത്തിന്റെ ആഴത്തിലേക്ക്
ഒളിച്ചു പോയ പെങ്ങൾ
ഇടയ്ക്ക് എത്തി നോക്കും
ആരും അവളെ അറഞ്ഞില്ല
ആഴത്തിന്റെ ഭാഷയറിയാൻ
ഉള്ളിൽ തിരയടിക്കണം
സ്വയം ആഴിയായിത്തീരണം
അഴികളുള്ള
മുറിയുടെ ഭാഷയിൽ
പുറത്തേക്ക് ഒഴുകുന്ന വാക്കുകളല്ല
ആഴത്തിന്റേത്;
ആഴമറിഞ്ഞവർക്കേ
അതറിയൂ,
സ്നേഹത്തിന്റേയും
പ്രണയത്തിന്റേയും
- മുനീർ അഗ്രഗാമി

മഴ യിൽ രണ്ടു പേരുണ്ട്

മഴ യിൽ
രണ്ടു പേരുണ്ട്
***********
മഴ യിൽ
രണ്ടു പേരുണ്ട്
പെയ്യലാണ് ഴ,
സ്ത്രീയെ പോലെ
ഴ എന്നെഴുതി ത്തീരുമ്പോൾ
ഴ യുടെ തുമ്പത്തു നിന്നും
കണ്ണീർത്തുള്ളി പോലെ
പേനയിറ്റി വീഴുന്നു
മ അപ്പോൾ
പുരുഷനെ പോലെ
നോക്കി നിൽക്കും
ഏതോ ഓർമ്മകളിൽ
നിശ്ചലനായി ഇരിക്കുന്ന
മയെ
ചുംബിച്ചുണർത്താനുള്ള
ഒഴുക്കല്ലാതെ
മറ്റൊന്നുമല്ല ഴ !
- മുനീർ അഗ്രഗാമി

തുലാമഴയുടെ തൂവലുകൾ

തുലാമഴയുടെ
തൂവലുകൾ
................
ഏകാന്തതയുടെ ചില്ലകളിൽ
മഴത്തുള്ളികൾ ;
പെയ്തു തോർന്ന
തുലാമഴയുടെ
തൂവലുകൾ
നനഞ്ഞ മണ്ണിൽ
ഒരു പ്രണയം നടന്നു പോയതിന്റെ
പാടുണ്ട്
അവർ മറന്നു വെച്ച
പൂവിന്റെ കവിളിൽ
എന്റെ നിറമുള്ള
ഒരു മറുകുണ്ട്.
സായന്തനത്തിൽ
വീണു ചിതറിയ ഓർമ്മകൾ
മഴത്തോർച്ചയിൽ
ഒരു പക്ഷി
ചിക്കിപ്പെറുക്കി നടക്കുന്നു
അതു ചിറകടിച്ചു
പറന്നുയരുമ്പോൾ
രാത്രിയാകും
വേട്ട കഴിഞ്ഞു മടങ്ങുന്ന
ജെ സി ബി യുടെ മുരളലിൽ
എല്ലാം തകർന്നു പോയേക്കാം
ഏകാന്തതയും
ഇലത്തുമ്പുകളിലെ ധ്യാനവും
നിശ്ശബ്ദതയുടെ കന്യകാത്വവും .
അതിനു മുമ്പ്
വെടിയൊച്ചകളുടേയും
വിസ്ഫോടനങ്ങളുടേയും
സ്പർശമില്ലാതെ
ഇടിയും മിന്നലുമില്ലാതെ
ഒരു ചെറിയ മഴ കൂടി പെയ്യുന്നു
മലയ്ക്ക് പോവാൻ
നോമ്പെടുത്ത ഭക്തനെ പോലെ
കറുപ്പുടുത്ത്!
-മുനീർ അഗ്രഗാമി

ബുള്ളറ്റ് പ്രൂഫ്

ബുള്ളറ്റ് പ്രൂഫ് 
................
 നമ്മുടെ എഴുത്തുകാരൊക്കെ
എവിടെയാണ് ?
പ്രജാപതി ചോദിച്ചു
സർ ,അവരെല്ലാം
സ്വന്തം വീടുകളിൽ
അന്തിയുറങ്ങുന്നു .
അവരുടെ ഇപ്പോഴത്തെ
പണിയെന്താണ് ?
അവർ എഴുതുകയാണ്;
വാക്കുകൾ കൊണ്ട്
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ
തുന്നുകയാണ്.

- മുനീർ അഗ്രഗാമി

നിന്നിലേക്ക്

 നിന്നിലേക്ക്
 ...............
അടയ്ക്കുമ്പോൾ
നിന്നിലേക്ക് തുറക്കുന്നു
കണ്ണുകൾ.
- മുനീർ അഗ്രഗാമി

*flashpoetry *🦋 ഐ.എ.എസ്

🦋*flashpoetry *🦋
ഐ.എ.എസ്
...........
വായിച്ചു പഠിച്ച്
ഐ.എ എസ് നേടി
മടിയത്തറ കുഞ്ഞേപ്പൻ.
കാര്യം കഴിഞ്ഞപ്പോ
വായനയെ തള്ളിപ്പറഞ്ഞൂ,
കുശുമ്പൻ കുഞ്ഞേപ്പൻ !
ഇനി നാലു തെങ്ങു വെക്കുമോ
മടിയൻ കുഞ്ഞേപ്പൻ ?
-മുനീർ അഗ്രഗാമി

*Flashpoetry * പീഡനം

*Flashpoetry *
പീഡനം
...............
അന്ധയായ സ്വപ്നങ്ങളെ
റോഡു മുറിച്ചു കടക്കുവാൻ
സമ്മതിക്കാതെ
നഗരം പീഡിപ്പിക്കുന്നു
-മുനീർ അഗ്രഗാമി

🦋*flashpoetry *🦋 ഇടം ...........

🦋*flashpoetry *🦋
ഇടം
...........
അവനെവിടെ?
ഓൺലൈനിലുണ്ട്;
മറ്റെവിടെയുമില്ല;
മറ്റാരിലുമില്ല.
-മുനീർ അഗ്രഗാമി

flashpoetry🦋 ജീവിതം ...........

🦋flashpoetry🦋
ജീവിതം
...........
കരഞ്ഞു പിറക്കുന്ന
കവിതയാണ് ജീവിതം
അതിനെത്രയെത്ര
വായനകൾ !
അതിനെത്രയെത്ര
വ്യാഖ്യാനങ്ങൾ!
- മുനീർ അഗ്രഗാമി

🦋flashpoetry🦋 ദിളിതം

🦋flashpoetry🦋
ദിളിതം
.............
എന്നെ കണ്ടപ്പോൾ
ഒന്നും വിളിച്ചില്ല
ദളിതനെന്നു ചിന്തിച്ചു
ലളിതനായിരിക്കുന്നു
കൂട്ടുകാരന്റെ കൂട്ടുകാരനാം
സവർണ്ണബോധം.
- മുനീർ അഗ്രഗാമി
ആഗ്രഹം
...............
നിനക്കൊരാഗ്രഹം;
മരമാകണം.
നീ മരമാകുകിൽ
എനിക്കു ജലമാകണം
നിന്നിൽ പെയ്യുവാൻ
നിന്നിലകളിൽ
നിറഞ്ഞ് തൂകുവാൻ
നിന്നെ ക്കുളിർപ്പിച്ചു
മണ്ണിൽ ലയിക്കുവോളം
നിന്നിലൂടൂർന്നിറങ്ങുവാൻ
ജലമാകുകിൽ
മണ്ണിൽ ലയിച്ചാലും
വഴിയുണ്ട്,
നിന്നിലെത്തുവാൻ
മരമാകുകിൽ
നിനക്കും
വഴിയുണ്ട്
എന്നിലെത്തുവാൻ
-മുനീർ അഗ്രഗാമി 

കേരളപ്പിറവി

കേരളപ്പിറവി
........................
അവൻ പറഞ്ഞു ,
ഉണ്ടാകൂ
കേരളം ഉണ്ടായില്ല
അവർ പറഞ്ഞു ,
ഉണ്ടാകട്ടെ!
കേരളം ഉണ്ടായില്ല
ഞങ്ങൾ ചോദിച്ചു,
ഉണ്ടാകുമോ ?
കേരളം ഉണ്ടായില്ല

പിന്നെ ഞങ്ങൾ
പ്രവർത്തിച്ചു,
ഒളിവിലും
തെളിവിലും;
മനയിലും
മണ്ണിലും.
ശ്വാസത്തിലും
വിശ്വാസത്തിലും;
കേരളം പിറന്നു.

ഇപ്പോഴും
അവർ പറയുന്നു
ഉണ്ണൂ,
ഇങ്ങനെയുടുക്കൂ,
ഇങ്ങനെ സംസാരിക്കൂ...
ഞങ്ങളുടെ വിയർപ്പുതുള്ളികൾ
അതു കേട്ടതായി ഭാവിച്ചില്ല
മലയോടും
വയലിനോടും
അവർ പറഞ്ഞു ,
മൈതാനമാകൂ
കാടിനോടും
കാട്ടാറിനോടും
അവർ പറഞ്ഞു
മരുഭൂമിയാകൂ
അവരുടെ വാക്കുകളൊന്നുമവ
ചെവിക്കൊണ്ടില്ല
ഞങ്ങളെ പോലെ
ജീവനുള്ളതിനാൽ.
ഒരു പക്ഷേ
അവയോരോന്നിനേയുമവർ
പിടിച്ചു കൊല്ലുമായിരിക്കും
കഴുകനായ് വിമാനങ്ങൾ
കൊലക്കളത്തിൽ
വന്നിരിക്കുമായിരിക്കും.
എങ്കിലും
പിറന്ന നാടിന്റെ
പിറന്നാൾ മധുരമായ്
ഇത്തിരി തെളിനീരേകുന്നു
ആനന്ദഭിക്ഷുവിനെന്ന പോലെ .
- മുനീർ അഗ്രഗാമി

രണ്ടു മഴകൾ കണ്ടുമുട്ടുമ്പോൾ

രണ്ടു മഴകൾ
കണ്ടുമുട്ടുമ്പോൾ
..................................
രണ്ടു മഴകൾ
കണ്ടുമുട്ടുമ്പോൾ
എന്തു സംഭവിക്കും?
ഒന്നു പെയ്യുന്നു
ഒന്നു തോരുന്നു
തോരുന്നതാരറിയാൻ!

എല്ലാവരും
പെയ്യൽ മാത്രം കാണുന്നു
പെയ്യുന്നതിനൊപ്പം
തോർന്ന മഴ
ചിത്രത്തിലില്ല
ചരിത്രത്തിലില്ല
മണ്ണിലതിന്നീർപ്പമുണ്ടെങ്കിലും.
- മുനീർ അഗ്രഗാമി

വീട്ടുതടങ്കൽ

വീട്ടുതടങ്കൽ
......................................
മകൾ,
അച്ഛന്റെ തടവിലാകുമ്പോൾ
വീട് തടങ്കൽ പാളയം
അച്ഛൻ ഏകാധിപതി,
ബന്ധുക്കൾ സൈന്യവ്യൂഹങ്ങൾ
മുറ്റം സൈനിക പരിശീലനത്തിനുള്ള
മൈതാനം

ജനൽ വഴി
പുറത്തേക്ക് നോക്കുവാൻ വയ്യ
ജനൽച്ചതുരത്തിലെ
അവളുടെ ചെറിയ കഷണം ആകാശം
അവരെടുത്തിരിക്കുന്നു
മുറ്റത്ത്
മകൾ നട്ടുനനച്ച കാശിത്തുമ്പ
അച്ഛാ ഇത്തിരി വെള്ളം തരൂ
എന്നു കരയുന്നു
പഴയ മാവിലേക്ക്
അവൾ പടർത്തിയ വനജ്യോത്സ്ന
ചേച്ചിയെവിടെയെന്ന്
ചോദിക്കുന്നു
തെങ്ങിൽ വന്ന്
എന്നും അവളെ കാണാറുള്ള അണ്ണാൻ
അച്ഛനെ ചീത്ത പറയുന്നു
അച്ഛന് അവരുടെ ഭാഷ മനസ്സിലാവില്ല
രാജാവ് പുതിയ രാജ തന്ത്രം
മെനയുന്ന തിരക്കിലാണ്
അതിർത്തിയിലേക്ക്
ശ്രദ്ധ തിരിക്കുകയാണ്
പണ്ട്
അവളെപ്പോലൊരുവൾ
സഹോദരന്റയും
അച്ഛനേറെയും തടവിൽ കിടന്നപ്പോൾ
അദ്ദേഹം വന്നു ,തേരിൽ.
ആരേയും കൂസാതെ
അവളെയും കൊണ്ടുപോയി
മാളികയിൽ കൊണ്ടിരുത്തി
അദ്ദേഹം ഇന്നുണ്ടോ ?
പണ്ട്
അച്ഛനിങ്ങനെ ആയിരുന്നില്ല
ഗുഹയിൽ നിന്ന്
മറ്റൊരച്ഛനോട് യുദ്ധം ചെയ്ത് ജയിച്ച
അദ്ദേഹത്തിന്
അച്ഛൻ സ്വന്തം മകളെ ദാനം ചെയ്തു.
അദ്ദേഹമിന്നുണ്ടോ?
ഉണ്ട്,
എല്ലാ പ്രണയത്തിലും
അദ്ദേഹമുണ്ട്
അതുകൊണ്ട്
പുതിയ വഴിയിലൂടെ
പുതിയ തേരുമായ്
അദ്ദേഹം വരാതിരിക്കില്ല
ഒരു പ്രണയത്തിലും
അച്ഛനില്ല
അച്ഛന്റെ രാജ്യത്തിൽ നിന്നുള്ള
സ്വാതന്ത്ര്യ പ്രഖ്യാപനമാണ്
ഓരോ പ്രണയവും
അച്ഛന്റെ കോട്ടകൾ തകരും
പുതിയ രാജ്യമുണ്ടാകും
പുതിയ രാജ്യത്തോളം വലുതല്ല
പഴയ രാജാവെന്ന്
ഓരോ മകൾക്കുമറിയാം
പുതിയ രാജ്യത്തിലെ പ്രജകൾ
പഴയ രാജാവിനെ
ചരിത്രമാക്കുമെങ്കിലും .
സത്യത്തിൽ
ഓരോ പ്രണയവും
ഓരോ രാജ്യമാണ്.
-മുനീർ അഗ്രഗാമി /

രുചി

രുചി

......................

ഓർമ്മയാണ് അപ്പം
നിയതു മുറിച്ചു കഴിക്കുന്നു
എന്നെ കൂട്ടാതെ
പക്ഷേ,
ഞാനതിൻ രുചിയായ്
നിന്നിലിരുന്ന്
നിന്നെ കൂടെ കൂട്ടുന്നു.

- മുനീർ അഗ്രഗാമി

അദൃശ്യ സഞ്ചാരി

അദൃശ്യ സഞ്ചാരി
.............................
ഉടലല്ല ,
ഉടലിനകത്ത്
മനുഷ്യൻ
അദൃശ്യനായിരിക്കുന്നു

അതിനാൽ
ആരും തിരിച്ചുവിളിച്ചില്ലെങ്കിലും
ആഗ്രഹങ്ങളിലൂടെ
അവൻ തിരിച്ചു പോകുന്നു
മരിച്ചു പോയ അമ്മയിലേക്ക്
മണ്ണടിഞ്ഞ അച്ഛനിലേക്ക്
വീണ്ടും പിന്നിലേക്ക് നടന്ന്
ഒരു മുത്തച്ഛന്റെ ഉള്ളിലിരുന്ന്
അരുവിപ്പുറത്ത് നിന്ന്
ഗുരു കല്ലെടുക്കുന്നതു കാണുന്നു
പിന്നിലേക്ക് നടക്കുന്നു
പൂവിറുക്കുന്ന ഒരു പെൺകുട്ടിയുടെ
സ്വപ്നത്തിൽ കിടക്കുന്നു
അവളെ കാണാൻ വന്ന
പ്രഭുകുമാരനൊപ്പം
വീണ്ടും പിന്നിലേക്ക് നടക്കുന്നു
അവന്റെ മുത്തശ്ശിക്കൊപ്പം
കടപ്പുറത്തിരിക്കുന്നു
കക്ക പെറുക്കിക്കളിക്കുന്നു
കടൽ കടക്കാൻ പറ്റാത്തതെങ്കിലും
കടലിലൂടെ വന്ന കപ്പലിലെ നാവികന്റെ
ധീരതയായി അവൻ
ഒരു യാത്ര മുഴുവൻ തുടിക്കുന്നു
വീണ്ടും പിന്നിലേക്ക് നടന്ന്
ഈജിപ്തിൽ ചെന്ന്
ഫറവോയെ
അത്ഭുതത്തോടെ നോക്കുന്നു
അല്പനേരം
യൂഫ്രട്ടീസിന്റെ തീരത്തിരുന്ന്
ഒരു കുഞ്ഞു പെൺകുട്ടിക്കുള്ളിലിരുന്ന്
ചെമ്പൻ കുതിരയെ തൊട്ടു നോക്കുന്നു
നടന്നു നടന്നു
എത്യോപ്യ വരെ അവർ പോകും
ഡാർവിൻ വഴി കാണിച്ചാൽ
ദിനോസറുകൾക്കും മുമ്പത്തെ
ഏകകോശ ജീവിയിൽ ചെന്നു നിൽക്കും
അവിടെ വരെ അവന്
വഴിയറിയറിയൂ
ഇനിയങ്ങോട്ട്
വഴി പറയാൻ ആരെങ്കിലും വേണം
അവൻ സൂര്യനിലേക്ക് നോക്കും
എല്ലാം എന്റെ വഴി യെന്ന്
സൂര്യൻ തിളങ്ങും
ഉടലല്ല
ഉടലിനകത്തെ ചൈതന്യയ്
അവനന്നേരം
പ്രകാശിക്കും
(ഘർവാപ്പസി എന്നു പേരിടാൻ വീടില്ലാത്ത കവിത )
- മുനീർ അഗ്രഗാമി

തളർന്നുവീഴും മുമ്പ്.

തളർന്നുവീഴും മുമ്പ്.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മറ്റൊരിടത്തും എത്തിച്ചേരാതെ
അവനവനിൽ തന്നെ
എത്തിച്ചേരുന്ന ചില വഴികളുണ്ട്
ഞാൻ വിളിക്കുമ്പോൾ
ആ വഴികളിലൂടെയൊന്നും
നീ വരരുത്.

വന്നാൽ
എന്നിലെത്തിയെന്നു കരുതുമ്പോൾ
നീ നിന്നിലേ എത്തൂ
തടസ്സമൊന്നുമില്ലാത്ത
ഒരു വഴിയുണ്ട്
എന്നിലെത്തിച്ചേരാൻ
നഗ്നപാദയായ്
മനസ്സ് നടന്നു പോകുന്ന വഴി
അതുവഴി നടക്കുക
എന്നെ കണ്ടെത്തിയില്ലെങ്കിലും
നിന്നെ തിരഞ്ഞിറങ്ങിയ
എന്റെ വിളിയിലെത്താം
വഴിയിൽ
തളർന്നുവീഴും മുമ്പ്.
-മുനീർ അഗ്രഗാമി

വർണ്ണവിവേചനം

വർണ്ണവിവേചനം
..................................
രാത്രിയുടെ കറുപ്പിനോട്
നിന്റെ വർണ്ണ വിവേചനം വേണ്ട
നീ പകലാണെന്നു നിനക്ക്
പലവട്ടം പറയാം
രാത്രി ഒന്നുമല്ലെന്നു നീ
പറയരുത്!
നീ
കാണാത്തതു കൊണ്ടും
നിനക്കറിയാത്തതുകൊണ്ടും
രാത്രി ഇല്ലാതിരിക്കുന്നില്ല
നിന്നെക്കാളും ശക്തമായി
ലോകം
മുഴുവൻ വ്യാപിക്കുന്നു
അതിന്റെ
അസ്ഥിത്വം കനക്കുന്നു
-മുനീർ അഗ്രഗാമി

കരിപിടിച്ചൊരാൾ

കരിപിടിച്ചൊരാൾ
..........................................
കരിങ്കല്ലു പോലെ
എല്ലാ മഴയും കൊണ്ട്
എല്ലാ വെയിലും കൊണ്ട്
അടുക്കള പോൽ
കരിപിടിച്ചൊരാൾ
സ്വപ്നം കൊണ്ടു കളിക്കുന്നവരെ
നോക്കി നിന്ന്
അഹല്യയാണുള്ളിലെന്നു
സ്വയം കരുതി
അവനോട്
ചവിട്ടെന്നു പറഞ്ഞ്
തേൻ മൊഴിയായ്
വിടരുന്നുണ്ടൊരാൾ
പെമ്പിളൈ ഒരുമയുടെ
വാർത്ത കേട്ടത് പറയുവാൻ
അടുത്തൊരാളില്ലെന്ന്
വലിയൊരു മഴയോട്
മൗനമായയാൾ
ഏതു ബന്ധത്തിൻ്റെ
പേരിട്ടയാളെ
വിളിക്കുമെന്നറിയാതെ
കരിങ്കല്ലിനോടു ചേർന്ന്
മണ്ണടരുപോൽ മറ്റൊരാൾ
അവളെന്നയാളെ വിളിക്കുവാൻ
അവിടെ
വന്നെത്തുമൊരാൾക്കും
വയ്യാ;
പാറയാകുവാനുളള
പരിചയം കുറഞ്ഞവരവർ
വെറും മഴയിലലഞ്ഞു
പോകുവോരവർ
കാലത്തിൻ്റെ
കയ്യൊപ്പ്
കറുത്ത മഷിയിൽ
അയാളുടെ
കൺതടത്തിൽ.
അതിനാൽ
കാലമേതുമയാൾക്കു സമം.
എത്ര ചവിട്ടേറ്റിട്ടും
കരിങ്കല്ലായ് തന്നെ
തുടരുന്നിപ്പോഴുമയാൾ.
- മുനീർ അഗ്രഗാമി

കന്യാവനങ്ങളിൽ നിന്നും

കന്യാവനങ്ങളിൽ നിന്നും
................................................
മലമുകളിലെ
സ്മാരകശിലയിൽ
രണ്ടു കിളികൾ.
പാടുകയല്ലവ
കരയുകയാണ്
ഏറ്റം പ്രിയമുള്ളൊരാളെ
ഓർത്ത്
ശിലയായുറയുന്നു

വാക്കുകളുടെ
കുളമ്പടികേൾക്കുന്നു
മലകയറുകയാണവ
കന്യാവനങ്ങളിൽ നിന്നും
വഴിതെറ്റി വന്നവ
അവന്റെ ഓർമ്മയിൽ
വാക്കുകൾ വന്നു നിറയുന്നു;
സ്വയം സ്മാരകമാകുന്നു
- മുനീർ അഗ്രഗാമി

അടയിരിക്കൽ

അടയിരിക്കൽ
(കവിത)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നീ നിന്റെ മനസ്സിനു മുകളിൽ
എത്ര കാലമായി
അടയിരിക്കുന്നു?
കുഞ്ഞു ചിറകുള്ള
കിളിക്കുഞ്ഞായ്
അതെന്നാണ് വിരിയുക?

ആഗ്രഹത്തിലാണ്
നീ അടയിരിക്കുന്നത്
സ്നേഹമാണ് ചൂട്
സ്വപ്നങ്ങൾ തൂവലുകൾ
ചിലതു കൊഴിയുന്നു
ചിലതു മുളയ്ക്കുന്നു
ഇരുന്ന ഇരിപ്പിൽ
കിടന്ന കിടപ്പിൽ
പറന്നു പോകുന്ന
സമയത്തെ നീ നോക്കി നിന്നു.
ഒരിക്കലും വിരിഞ്ഞു തീരാത്ത
അരൂപിയായ ഈ മുട്ടയ്ക്ക് മുകളിൽ
ആദ്യമായി
അടയിരുന്നത്
ആദ്യത്തെ സ്ത്രീയായിരിക്കും
അവളുടെ അതേ ചൂടാണ്
നിനക്ക്
അവളുടെ കണ്ണിലെ
ആകാശത്തിൽ വട്ടമിടുന്നു
ചിറകുള്ള ആദ്യത്തെ പുരുഷൻ.
അവന്റെ പറക്കലിന്റെ
ഓർമ്മയാണ് ഞാൻ
വിടർന്നു തീരാത്ത പൂവിൽ
അനേകം തലമുറകളായി
ശലഭങ്ങൾ വന്നു കൊണ്ടിരിക്കുമ്പോലെ
ഞാൻ വട്ടമിട്ട്
പറക്കുന്ന പൂവിന്റെ ചിത്രം.
വിരിയുവാനുള്ള
നിന്റെ മനസ്സ്
ഞാനറിയാതെ
നിനക്കുള്ളിൽ
ചതഞ്ഞ് തളർന്നു
നിനക്കുള്ളിലേക്കു
കൈനീട്ടുന്നു ഞാൻ,
നടക്കുവാൻ പഠിക്കുന്ന
കുഞ്ഞിൻ കൈ പോലൊരു
മൃദുസ്പർർശമെൻ വരിലിൽ പിടിക്കുന്നു
കാലം വിളിക്കുന്നു
നടക്കുക ,
നടക്കുക!
-
മുനീർ അഗ്രഗാമി

പൊടിക്കവിതകൾ

 പൊടിക്കവിതകൾ
 .................................
ഇളക്കത്തിന്
എത്ര
ഇലകളാണ്!
* * *
തുമ്പികൾ ,
കുട്ടിക്കാലത്തിലേക്ക്
 സഞ്ചരിക്കുന്നു
* * *
ചോര വാർന്നു
തീർന്നു,
ഉപഗുപ്തനെത്തിയില്ല
* * *
അയാൾക്കൊപ്പം
 അയാൾ മാത്രം
* * *
പുഴയുടെ
ചുളിഞ്ഞ കണ്ണിൽ
ഒരു പഴമ്പാട്ടിൻ തുള്ളി
* * *
ഞാനെത്താത്ത
 ഒരിടത്ത്‌
നീ.
- മുനീർ അഗ്രഗാമി

തല കുനിച്ച്

തല കുനിച്ച്
.............................

എന്റെ രാജ്യം
വിതുമ്പുവാൻ പോലുമാകാതെ
മരവിച്ചു നിൽക്കുന്നു
മൂന്നു നിറങ്ങളുള്ള പതാകയിലെ
ഏറ്റവും തീക്ഷ്ണമായ നിറം
കത്തിയാളുന്ന
അമ്മയുടെയും കുഞ്ഞിന്റെയും
ദേഹത്തു നിന്നു കരയുന്നു

ഏറ്റവും താഴത്തെ നിറം,
പച്ച തല കുനിച്ച്
ഉണങ്ങുന്നു
പച്ചമനുഷ്യനിലും
പച്ചമണ്ണിലുമതിന്റെ തുടിപ്പ്
ബാക്കിയുണ്ട്
നനയുന്ന കണ്ണുകളിലാണ്
അതിനുള്ള ജീവജലം
വെള്ള ഒരു നിറമല്ല
ഒരനുഭവമാണ്
ബുദ്ധനോളം അഹിംസയെ
വരിക്കുമ്പോൾ മാത്രം
വെളുപ്പ്
പ്രകാശമാകും ,
അതിൽ നിശ്ചലമായ
ചക്രം തിരിയാൻ തുടങ്ങും
കാലചക്രം പോലെ.
- മുനീർ അഗ്രഗാമി

പുഴയാണ് ഏറ്റവും വലിയ മീൻ

പുഴയാണ്
ഏറ്റവും വലിയ മീൻ
...............................................

പുഴയാണ്
ഏറ്റവും വലിയ മീൻ
കടലിൽ നിന്നത്
ഉപ്പുവെള്ളം കുടിക്കുന്നു
വാലുകൊണ്ടത്
മലമുകളിലെ മഞ്ഞിൽ കളിക്കുന്നു

അതിന്റെ ചെതുമ്പലിലെ
കുഞ്ഞു പാറയിൽ
ഞാനിരിക്കുന്നു
അതിന്റെ ഞരമ്പിലൂടെ
രക്താണുക്കളായ്
നീന്തിപ്പോകമൊരു
കുഞ്ഞു മീനിനെ നോക്കുന്നു.
കുഞ്ഞു മീനിന്റെ
കുഞ്ഞു കണ്ണിൽ
ആകാശമൊരു കടൽ
ഞാനതിലൊരു കുഞ്ഞു താരകമായ്
ചിരിക്കുന്നു
മീനേ
പെരും മീനേ
ആകാശത്തിരകളടിക്കുന്നു
കളിക്കൂ
മഴയിൽ കുളിക്കൂ
ഇനിയും വലുതാവൂ
പുഴയാണ്
ഏറ്റവും വലിയ മീൻ
ഞാനതിന്റെ
നീന്തൽ കണ്ടു നിൽക്കുമൊരു കുട്ടി
എറിഞ്ഞും വെട്ടിയും
ജലം മലിനമാക്കിയുമതിനെ
കൊല്ലല്ലേ !
ചൂണ്ടൽക്കാരേ കൊല്ലല്ലേ
വലവീശുവോരേ
കൊല്ലല്ലേ ! കൊല്ലല്ലേ ...
- മുനീർ അഗ്രഗാമി

പ്രണയക്കുറിപ്പുകൾ

പ്രണയക്കുറിപ്പുകൾ
...................................
ഉടലുകളില്ലാത്ത
രണ്ടു ജീവാത്മകൾ
സമയം തിന്ന്
ജീവിക്കുന്നു
അവരോളം
ആർക്കുമറിയില്ല
ദൂരമളക്കാനുള്ള ഏകകം

വിശുദ്ധമതം
.....................
പ്രണയം നാം വിശ്വസിക്കുന്ന
മതമാണ്.
അതു കൊണ്ട്
ഞാൻ കുരിശിലേറിയാലും
എന്റെ രക്തം
നിന്നെ തിരഞ്ഞിറങ്ങി വരും
കട്ട പിടിക്കും മുമ്പ്
അതു സ്വീകരിക്കുക
ഞാൻ പലായനം ചെ യ്താലും
എന്റെ സ്പർശമേറ്റ മൺതരി
നിനക്കു കാവലിരിക്കും
ഞാൻ സിംഹാസനം ത്യജിച്ച്
ബോധി വൃക്ഷത്തണലിൽ
ചെന്നിരുന്നാലും
നിന്നിൽ നിന്ന്
ഞാൻ
എങ്ങോട്ടും പോകുന്നില്ല
ഞാൻ മഥുരയ്ക്ക് പോയാലും
അമ്പാടിയിൽ നിനക്കൊപ്പമിരിക്കും
പ്രണയത്തിനോളം വിശുദ്ധി
മറ്റൊന്നിനുമില്ല
അഭാവം അതിന്റെ
വേദപുസ്തകമാകുമ്പോൾ
നീയും ഞാനുമത്
നിത്യവും പാരായണം
ചെയ്യുമ്പോൾ.
* * *
പ്രണയിക്കുകയെന്നാൽ
നിന്നോളം ആഴമുള്ളൊരു കടലിൽ
മീനാവുകയാണ്
നിനക്കൊപ്പം നടന്ന കാറ്റിൽ
ഉണങ്ങുവാനാവാത്ത
ഒരിലയാവുകയാണ്
എല്ലാ പൂക്കളുടെയും
പേരറിയുന്ന ശലഭച്ചിറകിൽ
ഒരു ചുവന്ന പുള്ളിയാവുകയാണ്;
വസന്തം പോലെ
നിന്നിലേക്ക്
പറന്നുവരലാണ്,
എല്ലാ അതിരുകൾക്കും
മുകളിലൂടെ .
***

മുനീർ അഗ്രഗാമി

ഫോസിലുകളാവാൻ മടിച്ച്


ഫോസിലുകളാവാൻ മടിച്ച്
..........................................................

മരിച്ചുപോയ
വാക്കുകളെ ഓർമ്മിക്കാൻ
ഒരു ദിവസം വേണം
മറ്റൊന്നിനുമല്ല,
അവ ജീവിതം കൊണ്ടെഴുതിയ
കവിതകൾ വായിക്കുവാൻ
മാത്രം

ഏതെങ്കിലും
ഓർർമ്മയിൽ
ഫോസിലുകളാവാൻ മടിച്ച്
അവ
പിടയുന്നുണ്ടെങ്കിൽ
പുതു ജീവിതം കൊടുക്കുവാൻ മാത്രം
അനശ്വരതയെന്നാൽ
മുത്തശ്ശിമാവിന്റെ
ചുളിവുകളിൽ
ഇപ്പോഴും മണ്ണടിയാൻ മടിക്കുന്ന
മുത്തശ്ശന്റെ വാക്കുകളാണ്
മാഞ്ചോട്ടിലെത്തുന്ന
കുട്ടികളേ
അതു വായിക്കുക
നിങ്ങൾ വായിച്ചാൽ
മരണത്തിൻ നിന്നും
അവയെഴുന്നേറ്റു വരും
- മുനീർ അഗ്രഗാമി

താജ്മഹൽ

താജ്മഹൽ
.......................
തെങ്കര നമ്പൂരിയുടെ ഈ വീട്
കുടിയേറ്റക്കാരൻ
ജോസഫിന്റെ മകൻ വാങ്ങി
പിന്നെ
കമ്മ്യൂണിസ്റ്റ് കാരൻ
ലെനിൻ കൃഷ്ണ.
പിന്നെ
അസ്സനാജിയുടെ മകൾ .
അവളോടാണ് ഞാൻ വാങ്ങിയത്

നിന്നോടുള്ള സ്നേഹത്താൽ
വീടിന്
താജ്മഹലെന്നു പേരുമിട്ടു
പക്ഷേ അവിടെ ജീവിച്ചവരൊന്നും
വീടു പൊളിച്ചില്ല
മാറ്റിപ്പണിതില്ല
അവിടെയിരുന്ന്
നാമെത്ര തവണ തർക്കിച്ചു !
എന്നിട്ടൊന്നും നമുക്കത്
തർക്കമന്ദിരമായില്ല
താഴത്തെ തൊടിയിലൊരു
കുളമുണ്ട്
നൂറ്റാണ്ടുകൾ പഴക്കമുള്ളത്
എത്രപേർ കുളിച്ചതാണത് !
അതിലെ ജലമാണ്
സ്നേഹം ;
കാലവും .
- മുനീർ അഗ്രഗാമി