അദൃശ്യ സഞ്ചാരി

അദൃശ്യ സഞ്ചാരി
.............................
ഉടലല്ല ,
ഉടലിനകത്ത്
മനുഷ്യൻ
അദൃശ്യനായിരിക്കുന്നു

അതിനാൽ
ആരും തിരിച്ചുവിളിച്ചില്ലെങ്കിലും
ആഗ്രഹങ്ങളിലൂടെ
അവൻ തിരിച്ചു പോകുന്നു
മരിച്ചു പോയ അമ്മയിലേക്ക്
മണ്ണടിഞ്ഞ അച്ഛനിലേക്ക്
വീണ്ടും പിന്നിലേക്ക് നടന്ന്
ഒരു മുത്തച്ഛന്റെ ഉള്ളിലിരുന്ന്
അരുവിപ്പുറത്ത് നിന്ന്
ഗുരു കല്ലെടുക്കുന്നതു കാണുന്നു
പിന്നിലേക്ക് നടക്കുന്നു
പൂവിറുക്കുന്ന ഒരു പെൺകുട്ടിയുടെ
സ്വപ്നത്തിൽ കിടക്കുന്നു
അവളെ കാണാൻ വന്ന
പ്രഭുകുമാരനൊപ്പം
വീണ്ടും പിന്നിലേക്ക് നടക്കുന്നു
അവന്റെ മുത്തശ്ശിക്കൊപ്പം
കടപ്പുറത്തിരിക്കുന്നു
കക്ക പെറുക്കിക്കളിക്കുന്നു
കടൽ കടക്കാൻ പറ്റാത്തതെങ്കിലും
കടലിലൂടെ വന്ന കപ്പലിലെ നാവികന്റെ
ധീരതയായി അവൻ
ഒരു യാത്ര മുഴുവൻ തുടിക്കുന്നു
വീണ്ടും പിന്നിലേക്ക് നടന്ന്
ഈജിപ്തിൽ ചെന്ന്
ഫറവോയെ
അത്ഭുതത്തോടെ നോക്കുന്നു
അല്പനേരം
യൂഫ്രട്ടീസിന്റെ തീരത്തിരുന്ന്
ഒരു കുഞ്ഞു പെൺകുട്ടിക്കുള്ളിലിരുന്ന്
ചെമ്പൻ കുതിരയെ തൊട്ടു നോക്കുന്നു
നടന്നു നടന്നു
എത്യോപ്യ വരെ അവർ പോകും
ഡാർവിൻ വഴി കാണിച്ചാൽ
ദിനോസറുകൾക്കും മുമ്പത്തെ
ഏകകോശ ജീവിയിൽ ചെന്നു നിൽക്കും
അവിടെ വരെ അവന്
വഴിയറിയറിയൂ
ഇനിയങ്ങോട്ട്
വഴി പറയാൻ ആരെങ്കിലും വേണം
അവൻ സൂര്യനിലേക്ക് നോക്കും
എല്ലാം എന്റെ വഴി യെന്ന്
സൂര്യൻ തിളങ്ങും
ഉടലല്ല
ഉടലിനകത്തെ ചൈതന്യയ്
അവനന്നേരം
പ്രകാശിക്കും
(ഘർവാപ്പസി എന്നു പേരിടാൻ വീടില്ലാത്ത കവിത )
- മുനീർ അഗ്രഗാമി

No comments:

Post a Comment