വീട്ടുതടങ്കൽ

വീട്ടുതടങ്കൽ
......................................
മകൾ,
അച്ഛന്റെ തടവിലാകുമ്പോൾ
വീട് തടങ്കൽ പാളയം
അച്ഛൻ ഏകാധിപതി,
ബന്ധുക്കൾ സൈന്യവ്യൂഹങ്ങൾ
മുറ്റം സൈനിക പരിശീലനത്തിനുള്ള
മൈതാനം

ജനൽ വഴി
പുറത്തേക്ക് നോക്കുവാൻ വയ്യ
ജനൽച്ചതുരത്തിലെ
അവളുടെ ചെറിയ കഷണം ആകാശം
അവരെടുത്തിരിക്കുന്നു
മുറ്റത്ത്
മകൾ നട്ടുനനച്ച കാശിത്തുമ്പ
അച്ഛാ ഇത്തിരി വെള്ളം തരൂ
എന്നു കരയുന്നു
പഴയ മാവിലേക്ക്
അവൾ പടർത്തിയ വനജ്യോത്സ്ന
ചേച്ചിയെവിടെയെന്ന്
ചോദിക്കുന്നു
തെങ്ങിൽ വന്ന്
എന്നും അവളെ കാണാറുള്ള അണ്ണാൻ
അച്ഛനെ ചീത്ത പറയുന്നു
അച്ഛന് അവരുടെ ഭാഷ മനസ്സിലാവില്ല
രാജാവ് പുതിയ രാജ തന്ത്രം
മെനയുന്ന തിരക്കിലാണ്
അതിർത്തിയിലേക്ക്
ശ്രദ്ധ തിരിക്കുകയാണ്
പണ്ട്
അവളെപ്പോലൊരുവൾ
സഹോദരന്റയും
അച്ഛനേറെയും തടവിൽ കിടന്നപ്പോൾ
അദ്ദേഹം വന്നു ,തേരിൽ.
ആരേയും കൂസാതെ
അവളെയും കൊണ്ടുപോയി
മാളികയിൽ കൊണ്ടിരുത്തി
അദ്ദേഹം ഇന്നുണ്ടോ ?
പണ്ട്
അച്ഛനിങ്ങനെ ആയിരുന്നില്ല
ഗുഹയിൽ നിന്ന്
മറ്റൊരച്ഛനോട് യുദ്ധം ചെയ്ത് ജയിച്ച
അദ്ദേഹത്തിന്
അച്ഛൻ സ്വന്തം മകളെ ദാനം ചെയ്തു.
അദ്ദേഹമിന്നുണ്ടോ?
ഉണ്ട്,
എല്ലാ പ്രണയത്തിലും
അദ്ദേഹമുണ്ട്
അതുകൊണ്ട്
പുതിയ വഴിയിലൂടെ
പുതിയ തേരുമായ്
അദ്ദേഹം വരാതിരിക്കില്ല
ഒരു പ്രണയത്തിലും
അച്ഛനില്ല
അച്ഛന്റെ രാജ്യത്തിൽ നിന്നുള്ള
സ്വാതന്ത്ര്യ പ്രഖ്യാപനമാണ്
ഓരോ പ്രണയവും
അച്ഛന്റെ കോട്ടകൾ തകരും
പുതിയ രാജ്യമുണ്ടാകും
പുതിയ രാജ്യത്തോളം വലുതല്ല
പഴയ രാജാവെന്ന്
ഓരോ മകൾക്കുമറിയാം
പുതിയ രാജ്യത്തിലെ പ്രജകൾ
പഴയ രാജാവിനെ
ചരിത്രമാക്കുമെങ്കിലും .
സത്യത്തിൽ
ഓരോ പ്രണയവും
ഓരോ രാജ്യമാണ്.
-മുനീർ അഗ്രഗാമി /

No comments:

Post a Comment