തല കുനിച്ച്

തല കുനിച്ച്
.............................

എന്റെ രാജ്യം
വിതുമ്പുവാൻ പോലുമാകാതെ
മരവിച്ചു നിൽക്കുന്നു
മൂന്നു നിറങ്ങളുള്ള പതാകയിലെ
ഏറ്റവും തീക്ഷ്ണമായ നിറം
കത്തിയാളുന്ന
അമ്മയുടെയും കുഞ്ഞിന്റെയും
ദേഹത്തു നിന്നു കരയുന്നു

ഏറ്റവും താഴത്തെ നിറം,
പച്ച തല കുനിച്ച്
ഉണങ്ങുന്നു
പച്ചമനുഷ്യനിലും
പച്ചമണ്ണിലുമതിന്റെ തുടിപ്പ്
ബാക്കിയുണ്ട്
നനയുന്ന കണ്ണുകളിലാണ്
അതിനുള്ള ജീവജലം
വെള്ള ഒരു നിറമല്ല
ഒരനുഭവമാണ്
ബുദ്ധനോളം അഹിംസയെ
വരിക്കുമ്പോൾ മാത്രം
വെളുപ്പ്
പ്രകാശമാകും ,
അതിൽ നിശ്ചലമായ
ചക്രം തിരിയാൻ തുടങ്ങും
കാലചക്രം പോലെ.
- മുനീർ അഗ്രഗാമി

No comments:

Post a Comment