കരിപിടിച്ചൊരാൾ

കരിപിടിച്ചൊരാൾ
..........................................
കരിങ്കല്ലു പോലെ
എല്ലാ മഴയും കൊണ്ട്
എല്ലാ വെയിലും കൊണ്ട്
അടുക്കള പോൽ
കരിപിടിച്ചൊരാൾ
സ്വപ്നം കൊണ്ടു കളിക്കുന്നവരെ
നോക്കി നിന്ന്
അഹല്യയാണുള്ളിലെന്നു
സ്വയം കരുതി
അവനോട്
ചവിട്ടെന്നു പറഞ്ഞ്
തേൻ മൊഴിയായ്
വിടരുന്നുണ്ടൊരാൾ
പെമ്പിളൈ ഒരുമയുടെ
വാർത്ത കേട്ടത് പറയുവാൻ
അടുത്തൊരാളില്ലെന്ന്
വലിയൊരു മഴയോട്
മൗനമായയാൾ
ഏതു ബന്ധത്തിൻ്റെ
പേരിട്ടയാളെ
വിളിക്കുമെന്നറിയാതെ
കരിങ്കല്ലിനോടു ചേർന്ന്
മണ്ണടരുപോൽ മറ്റൊരാൾ
അവളെന്നയാളെ വിളിക്കുവാൻ
അവിടെ
വന്നെത്തുമൊരാൾക്കും
വയ്യാ;
പാറയാകുവാനുളള
പരിചയം കുറഞ്ഞവരവർ
വെറും മഴയിലലഞ്ഞു
പോകുവോരവർ
കാലത്തിൻ്റെ
കയ്യൊപ്പ്
കറുത്ത മഷിയിൽ
അയാളുടെ
കൺതടത്തിൽ.
അതിനാൽ
കാലമേതുമയാൾക്കു സമം.
എത്ര ചവിട്ടേറ്റിട്ടും
കരിങ്കല്ലായ് തന്നെ
തുടരുന്നിപ്പോഴുമയാൾ.
- മുനീർ അഗ്രഗാമി

No comments:

Post a Comment