അടയിരിക്കൽ

അടയിരിക്കൽ
(കവിത)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നീ നിന്റെ മനസ്സിനു മുകളിൽ
എത്ര കാലമായി
അടയിരിക്കുന്നു?
കുഞ്ഞു ചിറകുള്ള
കിളിക്കുഞ്ഞായ്
അതെന്നാണ് വിരിയുക?

ആഗ്രഹത്തിലാണ്
നീ അടയിരിക്കുന്നത്
സ്നേഹമാണ് ചൂട്
സ്വപ്നങ്ങൾ തൂവലുകൾ
ചിലതു കൊഴിയുന്നു
ചിലതു മുളയ്ക്കുന്നു
ഇരുന്ന ഇരിപ്പിൽ
കിടന്ന കിടപ്പിൽ
പറന്നു പോകുന്ന
സമയത്തെ നീ നോക്കി നിന്നു.
ഒരിക്കലും വിരിഞ്ഞു തീരാത്ത
അരൂപിയായ ഈ മുട്ടയ്ക്ക് മുകളിൽ
ആദ്യമായി
അടയിരുന്നത്
ആദ്യത്തെ സ്ത്രീയായിരിക്കും
അവളുടെ അതേ ചൂടാണ്
നിനക്ക്
അവളുടെ കണ്ണിലെ
ആകാശത്തിൽ വട്ടമിടുന്നു
ചിറകുള്ള ആദ്യത്തെ പുരുഷൻ.
അവന്റെ പറക്കലിന്റെ
ഓർമ്മയാണ് ഞാൻ
വിടർന്നു തീരാത്ത പൂവിൽ
അനേകം തലമുറകളായി
ശലഭങ്ങൾ വന്നു കൊണ്ടിരിക്കുമ്പോലെ
ഞാൻ വട്ടമിട്ട്
പറക്കുന്ന പൂവിന്റെ ചിത്രം.
വിരിയുവാനുള്ള
നിന്റെ മനസ്സ്
ഞാനറിയാതെ
നിനക്കുള്ളിൽ
ചതഞ്ഞ് തളർന്നു
നിനക്കുള്ളിലേക്കു
കൈനീട്ടുന്നു ഞാൻ,
നടക്കുവാൻ പഠിക്കുന്ന
കുഞ്ഞിൻ കൈ പോലൊരു
മൃദുസ്പർർശമെൻ വരിലിൽ പിടിക്കുന്നു
കാലം വിളിക്കുന്നു
നടക്കുക ,
നടക്കുക!
-
മുനീർ അഗ്രഗാമി

No comments:

Post a Comment