പ്രണയക്കുറിപ്പുകൾ

പ്രണയക്കുറിപ്പുകൾ
...................................
ഉടലുകളില്ലാത്ത
രണ്ടു ജീവാത്മകൾ
സമയം തിന്ന്
ജീവിക്കുന്നു
അവരോളം
ആർക്കുമറിയില്ല
ദൂരമളക്കാനുള്ള ഏകകം

വിശുദ്ധമതം
.....................
പ്രണയം നാം വിശ്വസിക്കുന്ന
മതമാണ്.
അതു കൊണ്ട്
ഞാൻ കുരിശിലേറിയാലും
എന്റെ രക്തം
നിന്നെ തിരഞ്ഞിറങ്ങി വരും
കട്ട പിടിക്കും മുമ്പ്
അതു സ്വീകരിക്കുക
ഞാൻ പലായനം ചെ യ്താലും
എന്റെ സ്പർശമേറ്റ മൺതരി
നിനക്കു കാവലിരിക്കും
ഞാൻ സിംഹാസനം ത്യജിച്ച്
ബോധി വൃക്ഷത്തണലിൽ
ചെന്നിരുന്നാലും
നിന്നിൽ നിന്ന്
ഞാൻ
എങ്ങോട്ടും പോകുന്നില്ല
ഞാൻ മഥുരയ്ക്ക് പോയാലും
അമ്പാടിയിൽ നിനക്കൊപ്പമിരിക്കും
പ്രണയത്തിനോളം വിശുദ്ധി
മറ്റൊന്നിനുമില്ല
അഭാവം അതിന്റെ
വേദപുസ്തകമാകുമ്പോൾ
നീയും ഞാനുമത്
നിത്യവും പാരായണം
ചെയ്യുമ്പോൾ.
* * *
പ്രണയിക്കുകയെന്നാൽ
നിന്നോളം ആഴമുള്ളൊരു കടലിൽ
മീനാവുകയാണ്
നിനക്കൊപ്പം നടന്ന കാറ്റിൽ
ഉണങ്ങുവാനാവാത്ത
ഒരിലയാവുകയാണ്
എല്ലാ പൂക്കളുടെയും
പേരറിയുന്ന ശലഭച്ചിറകിൽ
ഒരു ചുവന്ന പുള്ളിയാവുകയാണ്;
വസന്തം പോലെ
നിന്നിലേക്ക്
പറന്നുവരലാണ്,
എല്ലാ അതിരുകൾക്കും
മുകളിലൂടെ .
***

മുനീർ അഗ്രഗാമി

No comments:

Post a Comment